ശ്രമിക്കുന്നത് സുപ്രീംകോടതി വിധി നടപ്പാക്കാന്‍; അപമാനം സഹിച്ച് ജോലി ചെയ്യാന്‍ കഴിയില്ല: പരാതിയുമായി ഐപിഎസ് അസോസിയേഷന്‍

ശബരിമലയില്‍ കൃത്യനിര്‍വഹണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ അപമാനിക്കുന്നതിന് എതിരെ പരാതിയുമായി ഐപിഎസ് അസോസിയേഷന്‍ രംഗത്ത്
ശ്രമിക്കുന്നത് സുപ്രീംകോടതി വിധി നടപ്പാക്കാന്‍; അപമാനം സഹിച്ച് ജോലി ചെയ്യാന്‍ കഴിയില്ല: പരാതിയുമായി ഐപിഎസ് അസോസിയേഷന്‍

തിരുവനന്തപുരം: ശബരിമലയില്‍ കൃത്യനിര്‍വഹണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ അപമാനിക്കുന്നതിന് എതിരെ പരാതിയുമായി ഐപിഎസ് അസോസിയേഷന്‍ രംഗത്ത്. നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ വ്യക്തിപരമായും ജാതിപറഞ്ഞും അപമാനിക്കാന്‍ ശ്രമിക്കുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നേരിട്ട് ജോലി ചെയ്യുക ദുഷ്‌കരമാണ്. ജുഡീഷ്യറിയില്‍ നിന്ന് നിരന്തരം പരാമര്‍ശങ്ങളുണ്ടാകുന്നു. അപമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ സുപ്രീംകോടതിയെ സമീപിക്കേണ്ടിവരുമെന്ന് വ്യക്തമാക്കി അസോസിയേഷന്‍ പ്രമേയം പാസാക്കി.ഇത് പരാതിയായി മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കി.

സുപ്രീംകോടതി വിധി നടപ്പാക്കാനാണ് ഉദ്യോഗസ്ഥര്‍ ശബരിമലയില്‍ ജോലി ചെയ്യുന്നത്. പക്ഷേ വ്യക്തിപരമായ അധിക്ഷേപം ചില സംഘടനകളുടെയും വ്യക്തികളുടെയും ഭാഗത്ത് നിന്ന് ഏല്‍ക്കേണ്ടിവരുന്നു. ഈ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നത് അസാധ്യമായി മാറിയിരിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു. 

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ വ്യാപക വ്യാജ പ്രചാരണങ്ങള്‍ നടക്കുകയുണ്ടായി. ഐജി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ മതം പറഞ്ഞുള്ള ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. സന്നിധാനത്ത് ക്രമസമാധാന ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയ്ക്ക് എതിരെ ബിജെപി കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി ഐപിഎസ് അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുന്നത്. ശബരിമലയിലെ നിയന്ത്രണങ്ങളുടെ പേരില്‍ ഇന്ന് ഹൈക്കോടതിയില്‍ നിന്നും പൊലീസിന് കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com