ഹൈക്കോടതി വിമര്‍ശനം: പൊലീസ് അയയുന്നു; ശബരിമലയിലെ രാത്രി യാത്രാ വിലക്ക് നീക്കി

24 മണിക്കൂറും പമ്പയിലേക്കും സന്നിധാനത്തിലേക്കും യാത്ര ചെയ്യാം
ഹൈക്കോടതി വിമര്‍ശനം: പൊലീസ് അയയുന്നു; ശബരിമലയിലെ രാത്രി യാത്രാ വിലക്ക് നീക്കി


പമ്പ: ശബരിമലയിലെ രാത്രി യാത്രാ വിലക്ക് നീക്കാന്‍ പൊലീസ് തീരുമാനം. 24 മണിക്കൂറും പമ്പയിലേക്കും സന്നിധാനത്തിലേക്കും യാത്ര ചെയ്യാം. ശബരിമലയിലെ കര്‍ശന നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ നീക്കാന്‍ പമ്പയിലെ സുരക്ഷാ ചുമതലയുള്ള കോട്ടയം എസ്പിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

നിലയ്ക്കലില്‍ നിന്ന് ദിവസം മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. നേരത്തെ രാത്രി 9മുതല്‍ രണ്ടുവരെ ആരെയും പമ്പയിലേക്ക് കടത്തി വിടില്ലായിരുന്നു. 

ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് രാത്രി 9മുതല്‍ പുലര്‍ച്ചെ 2വരെയുള്ള സമയത്ത് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടാതിരുന്നത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയും ഹൈക്കോടതിയിടെ വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തു. 

ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടമായോ പോകാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ പത്തനംതിട്ട ജില്ലാ കലക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. 

ശബരിമലയില്‍ നിരോധനാജ്ഞ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ശബരിമല നടപ്പന്തലില്‍ കിടന്നുറങ്ങിയവരെ വിളിച്ചുണര്‍ത്തിയോ എന്ന് കോടതി ചോദിച്ചു. അങ്ങനെ ചെയ്തുവെങ്കില്‍ അത് മൗലികവകാശ ലംഘനമാണ് എന്ന് കോടതി നിരീക്ഷിച്ചു.

സുരക്ഷാചുമതലയുളള എസ്പി യതീഷ് ചന്ദ്രയെയും വിജയ് സാഖറേയും പേരുപരാമര്‍ശിക്കാതെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇരുവര്‍ക്കും മലയാളം അറിയില്ലേയെന്ന് കോടതി ചോദിച്ചു. ശബരിമലയിലെ സുരക്ഷാക്രമീകരണവുമായി ബന്ധപ്പെട്ട് ഡിജിപി പുറത്തിറക്കിയ സര്‍ക്കുലര്‍ ഇരുവര്‍ക്കും മനസിലാകുന്നില്ലേ? എസ്പിയുടെ ശരീരഭാഷ തന്നെ ശരിയല്ല എന്ന് വ്യക്തമാക്കിയ കോടതി , ഇരുവരുടെയും പേരില്‍ ക്രിമിനല്‍ കേസ് ഉളളതല്ലേയെന്ന് ചോദിച്ചു. എസ്പിയുടെയും ഐജിയുടെയും വിശദാംശങ്ങള്‍ അറിയിക്കണമെന്ന്് വ്യക്തമാക്കിയ കോടതി ഇരുവരെയും നിയമിച്ചത് എന്തിന് എന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും നിര്‍ദേശിച്ചു.

ശബരിമലയില്‍ സംഭവിക്കുന്നത് അത്യന്തം ദുഃഖകരമായ കാര്യങ്ങളാണ്. നിരോധനാജ്ഞ അതിന്റെ യഥാര്‍ത്ഥ ഉദേശത്തിലാണോ നടപ്പാക്കുന്നത് എന്നും ദേവസ്വം ബഞ്ച് ചോദിച്ചു.നിരോധനാജ്ഞയുടെ ഫലമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നിയമപരമാണോ എന്നും കോടതി ചോദിച്ചു. ശബരിമലയില്‍ നിന്ന് ഇതരസംസ്ഥാനക്കാര്‍ മടങ്ങിപ്പോയോയെന്ന് ഹൈക്കോടതി ചോദിച്ചു. മുംബൈയില്‍ നിന്ന് വന്ന വിശ്വാസികള്‍ മടങ്ങിപ്പോയത് എന്തുകൊണ്ടാണ്. ചില പൊലീസുകാര്‍ നിയമം കൈയിലെടുത്തു. വിശ്വാസികളില്‍ പൊലീസ് നടപടി ഭീതിയുളവാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തെ കുറിച്ച് ഐജി വിജയ് സാഖറേ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണ്ഡലക്കാലത്ത് ശബരിമലയില്‍ സംഘര്‍ഷസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉളളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ചിത്തിര ആട്ടപൂജ, തുലാംമാസ പൂജ എന്നിവയ്ക്കായി നടതുറന്നപ്പോള്‍ ശബരിമലയില്‍ സംഘര്‍ഷമുണ്ടായ കാര്യങ്ങളും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിശ്വാസികള്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com