സുരേന്ദ്രന്‍ വീണ്ടും റിമാന്‍ഡില്‍: ചോദ്യം ചെയ്യണമെന്ന പൊലീസ് ആവശ്യം തള്ളി; ജാമ്യാപേക്ഷ നാളെ

ശബരിമലയിലെത്തിയ 52കാരിയെ ആക്രമിച്ച കേസില്‍ കെ.സുരേന്ദ്രന്‍ റിമാന്‍ഡില്‍
സുരേന്ദ്രന്‍ വീണ്ടും റിമാന്‍ഡില്‍: ചോദ്യം ചെയ്യണമെന്ന പൊലീസ് ആവശ്യം തള്ളി; ജാമ്യാപേക്ഷ നാളെ

റാന്നി: ശബരിമലയിലെത്തിയ 52കാരിയെ ആക്രമിച്ച കേസില്‍ കെ.സുരേന്ദ്രന്‍ റിമാന്‍ഡില്‍. ഡിസംബര്‍ ആറുവരെയാണ് റിമാന്‍ഡ്‌. സുരേന്ദ്രന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കേസില്‍ ചോദ്യം ചെയ്യാന്‍ അരമണിക്കൂര്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം റാന്നി കോടതി തള്ളി. കെ. സുരേന്ദ്രനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

കൊട്ടാരക്കര സബ് ജയിലില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രമേഹ രോഗവും നട്ടെല്ലിന്ന് അസുഖവുമുണ്ടെന്നും അതിനുള്ള ചികിത്സാ സൗകര്യങ്ങള്‍ കൊട്ടാരക്കര സബ്ജയിലില്‍ ഇല്ലെന്നും അതുകൊണ്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്ക് മാറ്റണമെന്നാണ് സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. ഭാര്യയുമായി ഫോണില്‍ സംസാരിക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കണമെന്നും സുരേന്ദ്രന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന നാളെ ഈ വിഷയങ്ങളും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

ചിത്തിര ആട്ടപൂജയ്ക്കായി ശബരിമല നടതുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ 52 കാരിയെ ആക്രമിച്ച സംഭവത്തില്‍ കൊലപാതക ശ്രമവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ ജയിലിലായ സുരേന്ദ്രന് പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ കേസ് ചുമത്തി പൊലീസ് അറ്സ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല കലാപവുമായി ബന്ധപ്പെട്ട് ഒമ്പതുകേസുകളാണ് സുരേന്ദ്രന് എതിരെ നിലവിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com