ശബരിമല ശാന്തം, നിയന്ത്രണങ്ങള്‍ അയഞ്ഞു; തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധന

തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ കെഎസ്ആര്‍ടിസി ട്രിപ്പുകള്‍ ഇരട്ടിയാക്കിയിരിക്കുകയാണ്
ശബരിമല ശാന്തം, നിയന്ത്രണങ്ങള്‍ അയഞ്ഞു; തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധന

ശബരിമല; പ്രതിഷേധങ്ങളും നിയന്ത്രണങ്ങളും അയഞ്ഞതോടെ ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം. വെള്ളിയാഴ്ച തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. വൈകീട്ടുവരെ 41,220 തീര്‍ഥാടകരാണെത്തിയത്. ഈ മണ്ഡലകാലത്ത് ഇത്രയധികം തീര്‍ഥാടകര്‍ എത്തുന്നത് ആദ്യമായാണ്. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ കെഎസ്ആര്‍ടിസി ട്രിപ്പുകള്‍ ഇരട്ടിയാക്കിയിരിക്കുകയാണ്. 

മണിക്കൂറില്‍ രണ്ടായിരത്തിനും 2200നുമിടയില്‍ തീര്‍ഥാടകരാണ് മലകയറിയത്. വെര്‍ച്വല്‍ ക്യു വഴി ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പമ്പയിലും പരിസരത്തും കനത്ത മഴ പെയ്‌തെങ്കിലും തിരക്കിനെ ബാധിച്ചില്ല.

തിരക്ക് വര്‍ധിച്ചതോടെ കെഎസ്ആര്‍ടിസി നിലയ്ക്കല്‍പമ്പ ചെയിന്‍ സര്‍വീസുകളുടെ ട്രിപ്പുകള്‍ ഇരട്ടിയാക്കി. വെള്ളിയാഴ്ച വൈകീട്ടുവരെ മാത്രം നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി 530 സര്‍വീസുകള്‍ നടത്തി. 12,49,234 രൂപയായിരുന്നു കളക്ഷന്‍. ഇതിനുമുമ്പുള്ള ദിവസങ്ങളില്‍ ശരാശരി ഏഴുലക്ഷം രൂപയായിരുന്നു കളക്ഷന്‍. 140 ബസുകളാണ് നിലയ്ക്കല്‍പമ്പ ചെയിന്‍ സര്‍വീസിനായി കെഎസ്ആര്‍ടിസി എത്തിച്ചിട്ടുള്ളത്.

മണ്ഡലകലം ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ സന്നിധാനത്ത് വളരെ കുറച്ച് ഭക്തര്‍ മാത്രമാണ് എത്തിയത്. പ്രത്യേകിച്ച് മലയാളികളുടെ എണ്ണത്തിലാണ് ഏറ്റവും കുറവുണ്ടായത്. തുടക്കത്തില്‍ പമ്പയിലും സന്നിധാനത്തും പൊലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് നിയന്ത്രണങ്ങളില്‍ അയവുവരുത്തുകയായിരുന്നു. നിലവില്‍ പമ്പയിലും സന്നിധാനത്തും സ്ഥിതി ശാന്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com