ശബരിമലയില്‍ കേവലം ഓലപ്പുര നിര്‍മ്മിക്കാന്‍ പോലും സര്‍ക്കാരിന് സാധിച്ചില്ലെന്ന് രമേശ് ചെന്നിത്തല 

ശബരിമലയില്‍ ഭക്തര്‍ വരരുതെന്ന് സര്‍ക്കാരിന് നിര്‍ബദ്ധബുദ്ധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ശബരിമലയില്‍ കേവലം ഓലപ്പുര നിര്‍മ്മിക്കാന്‍ പോലും സര്‍ക്കാരിന് സാധിച്ചില്ലെന്ന് രമേശ് ചെന്നിത്തല 

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തര്‍ വരരുതെന്ന് സര്‍ക്കാരിന് നിര്‍ബദ്ധബുദ്ധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ നടപടികളെ കുറിച്ച് ഭരണത്തിലെ രണ്ടാമത്തെ ഘടകകക്ഷിയായ സിപിഐയെ പോലും ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് ചോദ്യോത്തരവേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തളളിയതില്‍ പ്രതിഷേധിച്ച് നിയമസഭയ്ക്ക് പുറത്തിറങ്ങിയ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 

ശബരിമലയില്‍ യാതൊരു അടിസ്ഥാനസൗകര്യവുമില്ല. അടിസ്ഥാന സൗകര്യം പോലും ഏര്‍പ്പെടുത്താന്‍ കഴിയാത്ത പരാജയപ്പെട്ട സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. ശബരിമലയില്‍ കക്കൂസുമില്ല, കുടിവെളളവുമില്ല. വിരിവെയ്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് താനടക്കമുളള യുഡിഎഫ് നേതാക്കള്‍ ശബരിമല സന്ദര്‍ശിച്ചപ്പോള്‍ ബോധ്യപ്പെട്ടത്. കേവലം ഓലപ്പുര പോലും നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. ഭക്തജനങ്ങള്‍ ഇവിടെ വരരുത് എന്ന് ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ബിജെപി, ആര്‍എസ്എസ് എന്നിവരുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 

ശബരിമലയില്‍ അനാവശ്യമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നെയ്യഭിഷേകത്തിന് അവസരമില്ല. വാവരുസ്വാമിയെ കാണാന്‍ പോലും സാധിക്കുന്നില്ല. ഇതെല്ലാം സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കാണിക്കുന്നത്. ശബരിമലയിലെ നടപടികളില്‍ ഭരണത്തിലെ രണ്ടാമത്തെ ഘടകകക്ഷിയായ സിപിഐക്ക് പോലും അതൃപ്തിയുണ്ട്. സിപിഐ സംസ്ഥാന കൗണ്‍സിലിനെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത സര്‍ക്കാരിന് ജനങ്ങളെ എങ്ങനെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. 

ഇന്ന് കാലാവധി തീരുന്ന നിരോധനാജ്ഞ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താനുളള സൗകര്യം ഒരുക്കി കൊടുക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കാനുളള വേദിയായ നിയമസഭയില്‍ പോലും അത് നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെയാണ് പുറത്ത് പ്രതിഷേധിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com