കവിത ദീപാ നിശാന്ത് അയച്ചത്; അറിയപ്പെടുന്ന ആളായതിനാല്‍ കൂടുതല്‍ പരിശോധിച്ചില്ല:  എ.കെ.പി.സി.റ്റി.എ

കേരളവര്‍മ്മ കോളജ് അധ്യാപിക ദീപാ നിശാന്തിന്റെ വിവാദമായ 'അങ്ങനെയിരിക്കെ' എന്ന കവിത അവര്‍തന്നെ അയച്ചതു തന്നെയെന്ന് ഓള്‍ കേരളാ പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍
കവിത ദീപാ നിശാന്ത് അയച്ചത്; അറിയപ്പെടുന്ന ആളായതിനാല്‍ കൂടുതല്‍ പരിശോധിച്ചില്ല:  എ.കെ.പി.സി.റ്റി.എ

കൊച്ചി: കേരളവര്‍മ്മ കോളജ് അധ്യാപിക ദീപാ നിശാന്തിന്റെ വിവാദമായ 'അങ്ങനെയിരിക്കെ' എന്ന കവിത അവര്‍തന്നെ അയച്ചതു തന്നെയെന്ന് ഓള്‍ കേരളാ പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍. അസോസിയേഷന്‍ പ്രസിഡന്റ് പത്മനാഭനും, ജേര്‍ണല്‍ പത്രാധിപര്‍ ഡോ. സണ്ണിയും ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. 
 
ഇക്കാര്യത്തില്‍ എ.കെ.പി.സി.റ്റി.എ.ക്കോ, ജേര്‍ണല്‍ പത്രാധിപസമിതിക്കോ യാതൊരു വീഴ്ചയും വന്നിട്ടില്ലയെന്ന് എ.കെ.പി.സി.റ്റി.എ. സംസ്ഥാന പ്രസിഡന്റ് പത്മനാഭന്‍ പറഞ്ഞു. ഈ കവിത പ്രസിദ്ധീകരിച്ചതില്‍ ഒരു നോട്ടക്കുറവുണ്ടായിരുന്നു. ദീപാ നിശാന്ത് അറിയപ്പെടുന്ന ആളായതിനാല്‍ കൂടുതല്‍ പരിശോധന നടത്തിയില്ല. ദീപാ നിശാന്ത് അയച്ചു തന്നതാണ് ഈ കവിത-പത്മനാഭന്‍ പറഞ്ഞു.  
 
ഇക്കാര്യത്തില്‍ പത്രാധിപസമിതിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജേര്‍ണലിന്റെ പത്രാധിപന്‍ ഡോ. സണ്ണി പറഞ്ഞു. ജേര്‍ണലിലേക്ക് എഴുത്തുകാര്‍ നേരിട്ടും അതാത് മേഖലയിലെ ചുമതലക്കാര്‍ വഴിയും കവിതകള്‍ അയച്ചുകിട്ടാറുണ്ട്. ദീപാ നിശാന്തിന്റെ കവിത കേരള വര്‍മ്മ കോളജിലെ അധ്യാപകനായ രാജേഷാണ് ദീപാ നിശാന്തില്‍ നിന്നും വാങ്ങി അയച്ചു തന്നത്. എ.കെ.പി.സി.റ്റി.എ.ജേര്‍ണല്‍ വളരെ വിശ്വാസ്യതയുള്ള പ്രസിദ്ധീകരണമാണ്. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തെറ്റുപറ്റിയിട്ടില്ല. അങ്ങനെയെങ്കില്‍ ദീപാ നിശാന്തിന് തന്റെ ഫെയ്‌സ്ബുക്ക് പ്രതികരണത്തില്‍ പറയാമായിരുന്നു-ഡോ. സണ്ണി പറഞ്ഞു. 
 
കഴിഞ്ഞ ദിവസമാണ് തന്റെ ' അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ' എന്ന കവിത മറ്റൊരു വ്യക്തിയുടെ പേരില്‍ എകെപിസിടിഎയുടെ ജേര്‍ണലില്‍ അച്ചടിച്ചുവന്നത് ചൂണ്ടിക്കാട്ടി എസ്. കലേഷ് രംഗത്ത് വന്നത്. ഇതിന് പിന്നാലെ ദീപാനിശാന്തിന്റെ കവിതാ മോഷണം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com