ആര്‍ത്തവം അശുദ്ധി തന്നെ; പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കാന്‍ വിശ്വാസികള്‍ അനുവദിക്കില്ലെന്നു കെ സുധാകരന്‍

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യു പെറ്റീഷന്‍ നല്‍കണം - അല്ലെങ്കില്‍ നിയമനിര്‍മ്മാണം നടത്തണം 
ആര്‍ത്തവം അശുദ്ധി തന്നെ; പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കാന്‍ വിശ്വാസികള്‍ അനുവദിക്കില്ലെന്നു കെ സുധാകരന്‍

കണ്ണൂര്‍: ആര്‍ത്തവം ശാരീരിക അശുദ്ധി തന്നെയെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. ഇന്ത്യന്‍ ഭരണഘടന ഉണ്ടാവുന്നതിനും മുമ്പുള്ള വിശ്വാസമാണ് ഇത്. ഇത്തരം വിശ്വാസങ്ങള്‍ തിരുത്താനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.

ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ വിശ്വാസികളുടെ അഭിപ്രായം ചോദിച്ചില്ലെന്ന് സുധാകരന്‍ മീറ്റ് ദ പ്രസില്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ വലിയ തിടുക്കത്തിലാണ്. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് സമരത്തിലും ഈ തിടുക്കമാണ് പ്രശ്‌നമാക്കിയത്. ശബരിമല സമരം ഗൗരവമുള്ളതാണ്. സമരത്തിന് ഇനിയും ജനപിന്തുണ കൂടും. അയ്യപ്പക്ഷേത്രത്തിലെ പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കാന്‍ വിശ്വാസികള്‍ അനുവദിക്കില്ലെന്നും അദ്ദേഹംപറഞ്ഞു.

റിവ്യൂ പെറ്റിഷന്‍ സര്‍ക്കാര്‍ നല്‍കി പ്രശ്‌നം പരിഹരിക്കണം. തമിഴ്‌നാട്ടിലെത് പോലെ കലാപം ഇവിടെ ഇല്ലാതെ നോക്കണം. ക്ഷേത്രം പൊളിക്കാന്‍ ആഹ്വാനം ചെയ്ത പാരമ്പര്യമുള്ളവരാണ് കമ്മ്യൂണിസ്റ്റുകള്‍. അവരുടെ സര്‍ക്കാര്‍ അങ്ങിനെയാവരുത്. കോടതി വിധിയിലുണ്ടായ ഭയാശങ്ക അകറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ ഇന്നലെ തടിച്ച് കൂടിയ ജനങ്ങളുടെത് ഒറ്റപ്പെട്ട വികാരമല്ല. ആക്കൂട്ടത്തിലേക്ക് ഇനിയും ആളുകള്‍ കൂടുകയേ ഉള്ളൂ. കേരളത്തിലങ്ങോളമുള്ള വിശ്വാസികള്‍  ഇതില്‍ പ്രതിഷേധിക്കും. ഇതിനെ പ്രതിരോധിക്കും. ഇത് ചെറുത്ത് നില്‍ക്കാന്‍ സര്‍ക്കാരിനാകുമോയെന്ന് കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

അവിശ്വാസികളുടെ പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസ്റ്റുകാരുടെത്. അവര്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. ക്ഷേത്രങ്ങള്‍ ഒരുകാലത്ത് പൊളിക്കാന്‍ ആഹ്വാനം ചെയ്തവരാണ് കമ്യൂണിസ്്റ്റുകാര്‍. അവിശ്വാസികളുടെ ഭരണത്തില്‍ ഇത്തരമൊരു ദുരന്തമുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. കലാപം വളരാതിരിക്കാന്‍ നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച് വിശ്വാസികളുടെ മനസ്സിനുണ്ടായ കോട്ടം പരിഹരിക്കണമെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com