ഹിന്ദു ഐക്യത്തിനു തടസ്സം ബിജെപിയും എസ്എന്‍ഡിപി യോഗവും; ശബരിമലയുടെ പേരില്‍ സമദൂരത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് സുകുമാരന്‍ നായര്‍

ഹിന്ദു ഐക്യത്തിനു തടസ്സം ബിജെപിയും എസ്എന്‍ഡിപി യോഗവും; ശബരിമലയുടെ പേരില്‍ സമദൂരത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് സുകുമാരന്‍ നായര്‍
ഹിന്ദു ഐക്യത്തിനു തടസ്സം ബിജെപിയും എസ്എന്‍ഡിപി യോഗവും; ശബരിമലയുടെ പേരില്‍ സമദൂരത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് സുകുമാരന്‍ നായര്‍

കോട്ടയം: ബിജെപിയുടെ മുതലെടുപ്പു രാഷ്ട്രീയവും എസ്എന്‍ഡിപി യോഗം നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത നിലപാടുകളുമാണ് കേരളത്തില്‍ ഹിന്ദു ഐക്യത്തിനു തടസമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമല പ്രക്ഷോഭത്തിലൂടെ എന്‍എസ്എസിന്റെ സമദൂര നയം ഇല്ലാതാവില്ലെന്നും ബിജെപിയോട് അടുക്കാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസുമായുള്ള അഭിമുഖത്തിലാണ് സുകുമാരന്‍ നായര്‍ നയം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഹിന്ദു ഐക്യത്തിനു തടസമായി നില്‍ക്കുന്നത് രണ്ടു കാര്യങ്ങളാണെന്ന് സുകുമാരന്‍ നായര്‍ പറയുന്നു. ആദ്യത്തേത് ബിജെപിയുടെ മുതലെടുപ്പ് രാഷ്ട്രീയമാണ്. ഹിന്ദുക്കളുമായി ബന്ധപ്പെട്ട എന്തു പ്രശ്‌നമുണ്ടായാലും അതില്‍നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കും. ഇതോടെ സമുദായത്തിലെ ലിബറലുകള്‍ അതില്‍നിന്നു അകന്നുനില്‍ക്കും. 

എസ്എന്‍ഡിപി യോഗം നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത നിലപാടാണ് ഹിന്ദു ഐക്യത്തിനു വിഘാതമാവുന്ന രണ്ടാമത്തെ കാര്യം. ദേവസ്വം നിയമനങ്ങളില്‍ പുതിയൊരു സംവരണ നയമുണ്ടാക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ കണ്ണുംപൂട്ടി എതിര്‍ക്കുകയായിരുന്നു അവര്‍. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഒരു ശതമാനം സംവരണം പോലും അനുവദിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്. പിണറായി സര്‍ക്കാര്‍ പത്തു ശതമാനം സംവരണം പ്രഖ്യാപിച്ചെങ്കിലും എസ്എന്‍ഡിപിയുടെ സമ്മര്‍ദം മൂലം നടപ്പാക്കാനായിട്ടില്ല. എസ്എന്‍ഡിപി യോഗത്തിന്റെ ഇപ്പോഴത്തെ നേതൃത്വവുമായി എന്‍എസ്എസിനു സഹകരിക്കാനാവില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമല സമരത്തിലൂടെ സംഘടനയുടെ സമദൂര നയം ഇല്ലാതാവില്ല. എന്‍എസ്എസ് ബിജെപിയുമായി അടുക്കുകയാണെന്ന വാദം അര്‍ഥമില്ലാത്തതാണ്. വിശ്വാസ സംരക്ഷണത്തിനാണ് എന്‍എസ്എസ് ശബരിമല സമരത്തിന് ഇറങ്ങിയത്. അതിനെ പിന്തുണച്ച് ബിജെപി രംഗത്തുവന്നപ്പോള്‍ കൊടിയോ മറ്റു പാര്‍ട്ടി ചിഹ്നങ്ങളോ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതേസമയം ബിജെപി അനുഭാവികളായ സമുദായ അംഗങ്ങള്‍ക്ക് അവരുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ നിയന്ത്രണമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

സുപ്രിം കോടതി വിധി നടപ്പാക്കിയാല്‍ ശബരിമലയില്‍ പിന്നെ തന്ത്രിക്കോ പന്തളം രാജാവിനോ പ്രാധാന്യമൊന്നുമില്ല. തിരുവാഭരണങ്ങള്‍ പന്തളം കൊട്ടാരത്തില്‍ കാത്തുവയ്‌ക്കേണ്ടതുമില്ല. അതുകൊണ്ടാണ് തന്ത്രിയും പന്തളം രാജാവുമെല്ലാം സമരത്തില്‍ അണിനിരക്കുന്നത്. അതില്‍ എന്‍എസ്എസിന് പങ്കൊന്നുമില്ല.

ശബരിമലയില്‍ സുപ്രിം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചു. അതാണ് സംശയമുണ്ടാക്കിയത്. റിവ്യു ഹര്‍ജി ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനെ അനുവദിക്കണമായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com