വടക്കേ വയനാട്ടില്‍ 15 ദിവസത്തിനിടെ ആത്മഹത്യ ചെയ്തത് 13 പേര്‍; കാര്യമാക്കാതെ അധികൃതര്‍

തലപ്പുഴ, മാനന്തവാടി പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്നത്
വടക്കേ വയനാട്ടില്‍ 15 ദിവസത്തിനിടെ ആത്മഹത്യ ചെയ്തത് 13 പേര്‍; കാര്യമാക്കാതെ അധികൃതര്‍

കല്‍പ്പറ്റ: വടക്കേ വയനാട്ടില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ ആത്മഹത്യ ചെയ്തത് 13 പേര്‍. മാനന്തവാടി താലൂക്ക് ഉള്‍പ്പെടുന്ന വടക്കേ വയനാട്ടിലാണ് ആത്മഹത്യകള്‍ പെരുകുന്നത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇവരില്‍ ഭൂരിഭാഗം പേരും ആത്മഹത്യ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

തലപ്പുഴ, മാനന്തവാടി പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്നത്. തലപ്പുഴ അമ്പലക്കൊല്ലി, മുട്ടാണി സനൂപിന്റെ ഭാര്യ മെറീന ഹെന്‍ട്രിയുടെ ആത്മഹത്യയാണ് ഇതില്‍ ആദ്യത്തേത്. ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് മെറീനയെ കണ്ടെത്തിയത്. 

അതേ ദിവസം തന്നെ പെരുവകയില്‍ ഒരു പുരുഷനും തോണിച്ചാലില്‍ ഒരു സ്ത്രീയും തൂങ്ങി മരിച്ചു. ഒക്ടോബര്‍ നാലിന് വെള്ളമുണ്ട കട്ടയാട് സ്വദേശി സ്വര്‍ണപണിക്കാരന്‍ നെല്ലിയാട്ട് കുന്നുമ്മല്‍ പ്രവീഷ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കണ്ണൂര്‍ പറശിനിക്കടവ് പുഴയിലായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം, ഒക്ടോബര്‍ ആറിന് തവിഞ്ഞാല്‍ തിടങ്ങഴിയില്‍ ഒരു കുടുംബം തന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു. 

വീടിനടുത്തുള്ള പറമ്പില്‍ കശുമാവില്‍ തൂങ്ങിയായിരുന്നു അച്ഛനും അമ്മയും രണ്ട് മക്കളും മരിച്ചത്. എട്ടാം തിയതി മാനന്തവാടിയില്‍ പ്ലസ് വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇങ്ങനെ ആത്മഹത്യകള്‍ വര്‍ധിക്കുമ്പോഴും അധികൃതര്‍  ഇക്കാര്യം ഗൗരവമായി എടുത്തിട്ടില്ല. വെള്ളമുണ്ടയില്‍ വിഷം കലര്‍ന്ന മദ്യം കഴിച്ചതിനെ തുടര്‍ന്ന് അച്ഛനും മകനും ബന്ധുവും മരിച്ചതിലെ ദുരൂഹത വിട്ടുമാറുന്നതിന് മുന്‍പാണ് ആത്മഹത്യകള്‍ തുടരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com