ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പിടി മുറുക്കി പ്രതിപക്ഷം: കെ സുധാകരന്റെ ഉപവാസം നാളെ

 പമ്പയിലും നിലയ്ക്കലിലും നടക്കുന്ന സമരത്തില്‍ പത്തനംതിട്ട,കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് സുധാകരന്‍ ഉപവാസം നടത്തുന്നത്.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പിടി മുറുക്കി പ്രതിപക്ഷം: കെ സുധാകരന്റെ ഉപവാസം നാളെ

പത്തനംതിട്ട: ശബരിമല നടതുറക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, സ്ത്രീപ്രവേശനത്തിനെതിരായ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തില്‍ നാളെ പമ്പയില്‍ ഉപവാസം നടത്തും.  പമ്പയിലും നിലയ്ക്കലിലും നടക്കുന്ന സമരത്തില്‍ പത്തനംതിട്ട,കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് സുധാകരന്‍ ഉപവാസം നടത്തുന്നത്.

ശബരിമല വിധിക്ക് ശേഷമുള്ള സംസ്ഥാനത്തെ സാഹചര്യം ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയിലെത്തും. ശബരിമല സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കുന്ന സുപ്രീം കോടതി വിധിയെ പരസ്യമായി എതിര്‍ക്കേണ്ടതില്ല എന്നതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട്. അതേസമയം സംസ്ഥാനത്തെ സാഹചര്യത്തിന് അനുസരിച്ച് കെപിസിസിക്ക് നിലപാട് എടുക്കാനുള്ള അനുമതിയും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്നു.

ഇതേതുടര്‍ന്ന് സ്ത്രീപ്രവേശനത്തിന് എതിരായ സമരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാനുള്ള അനുമതി കെപിസിസി രാഷ്ട്രീയ കാര്യസമിതി നല്‍കിയിരുന്നു. എന്നാല്‍ ശബരിമല വിഷയത്തില്‍ ബിജെപി രാഷ്ട്രീയനേട്ടമുണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യക്ഷ സമരത്തില്ലെന്ന തീരുമാനം കോണ്‍ഗ്രസ് പുനപരിശോധിക്കുന്നത്. 

സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നതാണ് ആര്‍എസ്എസ് നിലപാടെന്നും എന്നാല്‍ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി പ്രശ്‌നത്തെ ഉപയോഗിക്കുന്നുവെന്നും ചെന്നിത്തല രാഹുല്‍ ഗാന്ധി അറിയിക്കും. കൂടാതെ, തന്ത്രിമാരുടെ ഉപവാസ സമരത്തില്‍ നേരിട്ട് പങ്കെടുക്കാനായില്ലെങ്കില്‍ പ്രത്യേകം പന്തലില്‍ ഉപവാസം നടത്താനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com