ഉളുപ്പില്ലാതെ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രീധരന്‍പിള്ളയ്ക്ക്  എന്ത് ക്വട്ടേഷനാണ് കിട്ടിയത്?, ഉത്തരംപറയാതെ  എത്രകാലം മുങ്ങിനടക്കും: വിമര്‍ശനവുമായി തോമസ് ഐസക്

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാടില്‍ മലക്കംമറിഞ്ഞ ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്
ഉളുപ്പില്ലാതെ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രീധരന്‍പിള്ളയ്ക്ക്  എന്ത് ക്വട്ടേഷനാണ് കിട്ടിയത്?, ഉത്തരംപറയാതെ  എത്രകാലം മുങ്ങിനടക്കും: വിമര്‍ശനവുമായി തോമസ് ഐസക്

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാടില്‍ മലക്കംമറിഞ്ഞ ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്. ആരുടെ സമ്മര്‍ദ്ദത്തിനു കീഴടങ്ങിയാണ് ശ്രീധരന്‍ പിള്ള മുന്‍നിലപാടു വിഴുങ്ങിയത്. ഒരുളുപ്പുമില്ലാതെ വിശ്വാസികളെയും ഭക്തന്മാരെയും തെറ്റിദ്ധരിപ്പിക്കാന്‍ എന്തു ക്വട്ടേഷനാണ് അദ്ദേഹത്തിന് ഈ ദിവസങ്ങളില്‍ കിട്ടിയത്? കേരളത്തിന്റെ സമാധാനജീവിതം തകര്‍ക്കാനും കലാപത്തിന് കോപ്പുകൂട്ടാനും പി എസ് ശ്രീധരന്‍ പിള്ളയെ മസ്തിഷ്‌കപ്രക്ഷാളനം നടത്തിയത് ആരാണ്?-
അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

തോമസ് ഐസക്കിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം: 

മറുപടി ലഭിക്കുമെന്നു കരുതിയല്ല ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് ഞാനൊരു തുറന്ന കത്തെഴുതിയത്. കാരണം, അദ്ദേഹത്തിന് ഇക്കാര്യത്തില്‍ തുറന്ന ആശയസംവാദത്തിന് കഴിയില്ല. നിലപാടിന്റെ കാര്യത്തില്‍ നിന്ന നില്‍പ്പില്‍ ശീര്‍ഷാസനത്തിലാകുന്നവര്‍ക്കെങ്ങനെ സത്യസന്ധമായ സംവാദത്തിന് പ്രാപ്തിയുണ്ടാകും?

ഇതൊടൊപ്പമുള്ള വീഡിയോ കാണുക. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഇരട്ടത്താപ്പ് നിങ്ങള്‍ക്കതില്‍ തെളിഞ്ഞു കാണാം. ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയപാര്‍ടിയുടെ സംസ്ഥാന നേതാവ് ഇത്തരത്തില്‍ പൊതുമധ്യത്തില്‍ മലക്കം മറിയുന്നതിന്റെ നാനാര്‍ത്ഥങ്ങള്‍ സമൂഹം ചിന്തിക്കട്ടെ എന്നു മാത്രമേ എനിക്കു പറയാനുള്ളൂ.

സുപ്രിംകോടതി വിധിയോടുള്ള ശ്രീധരന്‍ പിള്ളയുടെ ആദ്യപ്രതികരണം 27-09-2018നാണ്. ആ പ്രതികരണത്തില്‍, ആചാരപരിഷ്‌കരണം എന്ന ആര്‍എസ്എസ് നിലപാട് അദ്ദേഹം അംഗീകരിക്കുകയാണ്. ആരാധനാലയങ്ങളില്‍ സ്ത്രീപുരുഷ തുല്യത വേണമെന്നാണ് അഖിലേന്ത്യാ തലത്തില്‍ത്തന്നെ തങ്ങള്‍ക്കു നിലപാടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വിശ്വാസികളുടെ വികാരം മാനിക്കുമ്പോള്‍ത്തന്നെ ആരാധനാക്രമത്തില്‍ പുനര്‍വിചിന്തനം വേണമെന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്.

ഇതു പറഞ്ഞ് മൂന്നു ദിവസം കഴിഞ്ഞ് വീണ്ടും അദ്ദേഹം ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞു. ആരാധനാപരിഷ്‌കാരത്തെക്കുറിച്ച് ആര്‍എസ്എസിന്റെ അഖിലേന്ത്യാതലത്തിലെ നിലപാട് കേരളത്തിലും ബാധകമാണെന്ന് വ്യക്തമായി അദ്ദേഹം പറയുന്നു. ദേവാലയങ്ങളില്‍ സ്ത്രീപുരുഷ തുല്യത വേണമെന്ന ആര്‍എസ്എസ് നിലപാട് തങ്ങളും അംഗീകരിക്കുന്നു എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്.

അതുകഴിഞ്ഞ് അടുത്ത പ്രതികരണം ഒക്ടോബര്‍ നാലിനാണ്. മേല്‍പ്പറഞ്ഞ ശ്രീധരന്‍ പിള്ളയല്ല അവിടെ പ്രത്യക്ഷപ്പെട്ടത്. നിലപാടു മാറി. ഹിന്ദുമതധര്‍മ്മങ്ങളില്‍ ആധികാരിക ജ്ഞാനമുള്ളവരും ബഹുമാന്യരും സത്യസന്ധരുമായ സാമൂഹ്യപരിഷ്‌കര്‍ത്താക്കളും ഉള്‍പ്പെട്ട ഒരു കമ്മിഷനെ നിയോഗിച്ചു വേണം ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് എന്ന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഇടതുമുന്നണി സര്‍ക്കാരിനെതിരെ വിദ്വേഷവിഷം തുപ്പിയത് ആ ദിവസമാണ്.

അയ്യപ്പഭക്തന്മാരും ഹിന്ദുമത വിശ്വാസികളും മനസിരുത്തി വായിക്കേണ്ട നിലപാടാണത്. സുപ്രിംകോടതിയ്ക്കു മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടു കാര്യങ്ങള്‍ വ്യക്തമായി ചൂണ്ടിക്കാട്ടി.

ഒന്ന്, സ്ത്രീപ്രവേശം സംബന്ധിച്ച ആചാരം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്.

രണ്ട്, അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും മൂല്യങ്ങളും വലിയൊരു വിഭാഗം വിശ്വാസികള്‍ അംഗീകരിക്കുന്നതാണ്.

തീരുമാനമെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്നു തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടത്.

സെപ്തംബര്‍ 27, സെപ്തംബര്‍ 30 എന്നീ തീയതികളില്‍ ദൃശ്യമാധ്യമങ്ങള്‍ വഴി പിഎസ് ശ്രീധരന്‍ പിള്ള പ്രകടിപ്പിച്ച അഭിപ്രായവും എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സ്വീകരിച്ച നിലപാടും തമ്മില്‍ എന്തു വ്യത്യാസമുണ്ടെന്ന് നിഷ്പക്ഷമതികള്‍ ചിന്തിക്കട്ടെ.

സെപ്തംബര്‍ 30ന് ശേഷമാണ് നിലപാടില്‍ നിന്ന് ശ്രീധരന്‍ പിള്ള മലക്കം മറിയുന്നത്. ആ നാലു ദിവസങ്ങളില്‍ എന്തു നടന്നുവെന്നാണ് ഇനി പരിശോധിക്കേണ്ടത്. ആരുടെ സമ്മര്‍ദ്ദത്തിനു കീഴടങ്ങിയാണ് ശ്രീധരന്‍ പിള്ള മുന്‍നിലപാടു വിഴുങ്ങിയത്. ഒരുളുപ്പുമില്ലാതെ വിശ്വാസികളെയും ഭക്തന്മാരെയും തെറ്റിദ്ധരിപ്പിക്കാന്‍ എന്തു ക്വട്ടേഷനാണ് അദ്ദേഹത്തിന് ഈ ദിവസങ്ങളില്‍ കിട്ടിയത്? കേരളത്തിന്റെ സമാധാനജീവിതം തകര്‍ക്കാനും കലാപത്തിന് കോപ്പുകൂട്ടാനും പി എസ് ശ്രീധരന്‍ പിള്ളയെ മസ്തിഷ്‌കപ്രക്ഷാളനം നടത്തിയത് ആരാണ്?

ഈ ചോദ്യങ്ങള്‍ക്ക് സമാധാനം പറയാതെ എത്രകാലം മുങ്ങിനടക്കാമെന്നാണ് അഡ്വ. ശ്രീധരന്‍ പിള്ള വ്യാമോഹിക്കുന്നത്? മിസ്റ്റര്‍ പി എസ് ശ്രീധരന്‍ പിള്ള... യഥാര്‍ത്ഥ ഭക്തരും വിശ്വാസികളും നിങ്ങള്‍ക്കു പിന്നാലെയുണ്ട്. കോടതിയിലും പൊതുസമൂഹത്തിനു മുന്നിലും നിങ്ങളെക്കൊണ്ട് മറുപടി പറയിക്കുകതന്നെ ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com