വിവരാവകാശ അപേക്ഷനെ ഭീഷണിപ്പെടുത്തി ചോദ്യങ്ങള്‍ പിന്‍വലിപ്പിച്ചു; അന്വേഷിച്ച ഡിവൈഎസ്പിയെ സ്ഥാനം മാറ്റി

സ്‌റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനെതിരെ വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ച വ്യക്തിയെ ഭീഷണിപ്പെടുത്തി ചോദ്യങ്ങള്‍ പിന്‍വലിപ്പിച്ചു
വിവരാവകാശ അപേക്ഷനെ ഭീഷണിപ്പെടുത്തി ചോദ്യങ്ങള്‍ പിന്‍വലിപ്പിച്ചു; അന്വേഷിച്ച ഡിവൈഎസ്പിയെ സ്ഥാനം മാറ്റി

തിരുവനന്തപുരം: സ്‌റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനെതിരെ വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ച വ്യക്തിയെ ഭീഷണിപ്പെടുത്തി ചോദ്യങ്ങള്‍ പിന്‍വലിപ്പിച്ചു. ഇതേക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കിയ ഡിവൈഎസ്പിയെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സ്ഥാനത്തു നിന്നു മാറ്റി പകരം ആരോപണ വിധേയനായ ജൂനിയര്‍ സൂപ്രണ്ടിനെ ആ സ്ഥാനത്ത് എഡിജിപി ടോമിന്‍ തച്ചങ്കരി നിയമിച്ചു. ഡിജിപി നിയോഗിച്ച ഇന്‍ഫര്‍മേഷന്‍ ഓഫിസറെയാണ് ഇല്ലാത്ത അധികാരത്തില്‍ തച്ചങ്കരി മാറ്റിയത്.

ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ ജൂനിയര്‍ സൂപ്രണ്ട് എന്‍.സനല്‍കുമാറിനെക്കുറിച്ചു റിട്ട.എസ്‌ഐ എസ്.ശ്രീകുമാരന്‍ വിവരവാകാശ നിയമപ്രകാരം ചോദ്യങ്ങള്‍ നല്‍കിയതോടെയാണു സംഭവങ്ങളുടെ തുടക്കം. വിദേശയാത്രകള്‍, ബീക്കണ്‍ ലൈറ്റുള്ള പൊലീസ് വാഹനത്തിന്റെ ദുരുപയോഗം, സോഫ്റ്റ്‌വെയര്‍ ഇടപാടുകള്‍ എന്നിവയെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. അപേക്ഷ എസ്‌സിആര്‍ബി ഡിവൈഎസ്പി: എസ്.അനില്‍കുമാര്‍ പരിശോധിക്കുന്നതിനിടെ, അപേക്ഷ പിന്‍വലിക്കുന്നുവെന്നും മറുപടി വേണ്ടെന്നും അറിയിച്ച് ശ്രീകുമാരന്റെ മറ്റൊരു കത്തു ലഭിച്ചു.

രണ്ട് അപേക്ഷകളിലെയും ശ്രീകുമാരന്റെ കയ്യൊപ്പു വ്യത്യസ്തമാണെന്നു ഡിവൈഎസ്പി കണ്ടെത്തി. സനല്‍കുമാറും സിറ്റി ട്രാഫിക്കിലെ കോണ്‍സ്റ്റബിള്‍ അനില്‍കുമാറും ശ്രീകുമാരന്റെ ക്വട്ടേഴ്‌സില്‍ പോയി ഭീഷണിപ്പെടുത്തി അപേക്ഷ പിന്‍വലിപ്പിച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജൂനിയര്‍ സൂപ്രണ്ട് സനല്‍കുമാറാണ് പിന്‍വലിക്കല്‍ അപേക്ഷ കൈമാറിയതെന്നു ക്ലാര്‍ക്ക് മൊഴി നല്‍കി. അപേക്ഷന്റെ മേല്‍വിലാസം കണ്ടെത്തി സനല്‍ അപേക്ഷകനെ ഭീണിപ്പെടുത്തിയാണ് പിന്‍വലിപ്പിച്ചതെന്നും വിശദ അന്വേഷണം വേണമെന്നും എസ്പിക്കു ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കി.

റിപ്പോര്‍ട്ട് എസ്പിക്കു ലഭിച്ചു രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അന്വേഷണം നടത്തിയ ഡിവൈഎസ്പിയെ എസ്‌സിആര്‍ബിയിലെ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സ്ഥാനത്തു നിന്ന് എഡിജിപി തച്ചങ്കരി മാറ്റി. പകരം ആരോപണവിധേയനായ മാനേജരെ ആ തസ്തികയിലും ഭീഷണിപ്പെടുത്തി അപേക്ഷ പിന്‍വലിപ്പിച്ച ജൂനിയര്‍ സൂപ്രണ്ടിനെ അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായും നിയമിച്ച് ഉത്തരവിട്ടു. പൊലീസ് സേനയിലെ എല്ലാ വിഭാഗത്തിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരെ ഡിജിപി നിയമിച്ചത് 2016 നവംബറിലാണ്. അതു ലംഘിച്ചാണു തച്ചങ്കരിയുടെ പുതിയ ഉത്തരവ്. അതും മാനേജരുടെ ശുപാര്‍ശ എഴുതി വാങ്ങിയ ശേഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com