നിങ്ങള്‍ അങ്ങനെ നന്നാവേണ്ട എന്നാണ് കേരളത്തോടുള്ള സമീപനം; കേന്ദ്രത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാരിന് എതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
നിങ്ങള്‍ അങ്ങനെ നന്നാവേണ്ട എന്നാണ് കേരളത്തോടുള്ള സമീപനം; കേന്ദ്രത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി


ഷാര്‍ജ: കേന്ദ്രസര്‍ക്കാരിന് എതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെത് കേരളത്തെ തകര്‍ക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രളയാനന്തര കേരളം കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് പോകുമെന്ന ചിന്തയാണ് കേന്ദ്രത്തിന്. നിങ്ങള്‍ അങ്ങനെ നന്നാവേണ്ട എന്നാണ് കേന്ദ്രത്തിന്റെ കേരളത്തോടുള്ള സമീപനം. വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ കേന്ദ്രം മുട്ടാപ്പോക്ക് നയമാണ് സ്വീകരിച്ചത്. മുന്നോട്ടുപോകാനുള്ള അവസരം നിഷേധിക്കുകയാണ്- ഷാര്‍ജയിലെ പൊതുസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തിന് കുടുതല്‍ സഹായം വരുന്നത് കണ്ടാണ് കേന്ദ്രം വിദേശ സഹായം തടഞ്ഞത്. ഒരു ജനതയുടെ വളര്‍ച്ച തടയാന്‍ ആര്‍ക്കും അവകാശമില്ല. സര്‍ക്കാരിന്റെ ഉത്തരവാദിത്തം നാടിനെ അഭിവൃദ്ധിപ്പെടുത്തുക എന്നതാണ്, എന്നാല്‍ കേന്ദ്രം ഒരുവിഭാഗത്തിന്റെ മാത്രം അഭിവൃദ്ധിക്ക് വേണ്ടിമാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

കഴിഞ്ഞ ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിയുടെ വാക്കിന് വിലയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് പ്രധാനമന്ത്രി വാക്കാല്‍ അനുമതി നല്‍കിയിരുന്നെന്നും എന്നാല്‍ പിന്നീട് അത് നിഷേധിക്കുന്ന സമീപനം സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വിദേശ സഹായങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനത്തിന് എതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നുവന്നിരുന്നത്. വിദേശ രാജ്യങ്ങളുടെ ധനസഹായങ്ങള്‍ ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ച കേന്ദ്രം, മന്ത്രിമാര്‍ വിദേശത്ത് പോയി സംഭാവനകള്‍ പിരിക്കുന്നതിനെയും തടഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com