ശബരിമല ദര്‍ശനത്തിനില്ല; തീരുമാനം പിന്‍വലിച്ച് മഞ്ജു മടങ്ങി 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 20th October 2018 06:29 PM  |  

Last Updated: 20th October 2018 06:33 PM  |   A+A-   |  

sabarimala

പമ്പ: ശബരിമല കയറാനെത്തിനെത്തിയ ദലിത് വനിതാ നേതാവ് മഞ്ജു തീരുമാനം പിന്‍വലിച്ച് മടങ്ങി. സന്നിധാനത്തേക്ക് പോകാന്‍ താത്പര്യമില്ലെന്ന് പൊലീസിന് എഴുതി നല്‍കിയശേഷമാണ് മഞ്ജുവിന്റെ മടക്കം. പൊലീസ് സുരക്ഷയിലാണ് മഞ്ജുവിനെ തിരിച്ച് കൊണ്ടുപോകുന്നത്. 

സന്നിധാനത്തും പരിസരങ്ങളിലും കനത്ത മഴ തുടരുന്നതിനാല്‍ ഇന്ന് സന്നിധാനത്തേക്ക് സുരക്ഷ നല്‍കി കൊണ്ടുപോകാനാവില്ലെന്ന് പൊലീസ് നേരത്തെ മഞ്ജുവിനെ അറിയിച്ചിരുന്നു. മഞ്ജുവിന്റെ ക്രിമിനല്‍ പശ്ചാത്തലം വിശദമായി പരിശോധിച്ചശേഷം ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ നാളെ രാവിലെയെ യുവതിയെ മല ചവിട്ടാന്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാമാകൂ
എന്നായിരുന്നു ഐജി അറിയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെയാണ് സ്വയം തീരുമാനം പിന്‍വലിച്ച് യുവതി മടങ്ങാന്‍ തയ്യാറായത്. 

കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റാണ് 38കാരിയായ മഞ്ജു. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് ഇവര്‍. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് മഞ്ജു ശബരിമല ദര്‍ശനത്തിന് പൊലീസ് സഹായം തേടി പമ്പ പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പമ്പയില്‍ ദക്ഷിണ മേഖല എഡിജിപി അനില്‍കാന്ത്, ഐജി ശ്രീജിത്ത്, ദേബേഷ് കുമാര്‍ ബെഹ്‌റ തുടങ്ങിയവര്‍ മണിക്കൂറുകളോളം ശബരിമലയിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു.

സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന്  ഉന്നത പൊലീസ് സംഘം യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ക്ഷേത്രദര്‍ശനം നടത്തിയേ തിരികെ പോകൂ എന്ന് യുവതി നിര്‍ബന്ധം പിടിക്കുകയായിരുന്നു. താന്‍ ആക്ടിവിസ്റ്റ് അല്ലെന്നും, യഥാര്‍ത്ഥ വിശ്വാസിയാണെന്നും മഞ്ജു പൊലീസിനെ അറിയിച്ചു.