ഫ്രാങ്കോ മുളയ്ക്കലിനെതിരെ രംഗത്തുവന്ന വൈദികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, കൊലപാതകമെന്ന് ബന്ധുക്കള്‍

വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി
ഫ്രാങ്കോ മുളയ്ക്കലിനെതിരെ രംഗത്തുവന്ന വൈദികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, കൊലപാതകമെന്ന് ബന്ധുക്കള്‍

ജലന്ധര്‍/ചേര്‍ത്തല:  കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഫാ. കുര്യാക്കോസ് കാട്ടുതറയെയാണ് ജലന്ധറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി.

ജലന്ധറിലെ താമസസ്ഥലത്ത് അടച്ചിട്ട മുറിയിലാണ് ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച കുര്‍ബാന അര്‍പ്പിച്ച ശേഷം അദ്ദേഹത്തെ ആരും കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ ഫാ. കുര്യാക്കോസ് ബിഷപ്പിനെതിരായ പീഡന പരാതിയില്‍ പ്രധാന സാക്ഷികളില്‍ ഒരാളായിരുന്നു.

കന്യാസ്ത്രീയുടെ പീഡനപരാതി സഭയ്ക്കുള്ളില്‍ ഒതുക്കിതീര്‍ക്കാന്‍ ബിഷപ്പ് ശ്രമിച്ചെന്നു ഫാ. കുര്യാക്കോസ് കാട്ടുതറ വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. സഭ വിട്ടുപോയ കന്യാസ്ത്രീകളില്‍ പലരും കരഞ്ഞുകൊണ്ട് ബിഷപ്പിനെതിരെ പരാതിയുമായി സമീപിച്ചിരുന്നുവെന്നാണ് ഫാ. കുര്യാക്കോസ് കാട്ടുതറ വെളിപ്പെടുത്തിയത്. ബിഷപ്പിനോടുള്ള ഭയം കൊണ്ടാണ് കന്യാസ്ത്രീകള്‍ പരാതി പറയാന്‍ മടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

രൂപതയുടെ കീഴില്‍ കന്യാസ്ത്രീകള്‍ക്കായി മിഷണറീസ് ഓഫ് ജീസസ് സ്ഥാപിച്ച മുന്‍ ബിഷപ്പ് സിംഫോറിയന്‍ കീപ്പുറത്തിനൊപ്പം പ്രവര്‍ത്തിച്ച വൈദികനാണ് ഫാ. കുര്യാക്കോസ് കാട്ടുതറ. ഫാ. കുര്യാക്കോസ് ബിഷപ്പ് ഫ്രാങ്കോയുടെ ശത്രുവായിരുന്നെന്നും അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നെന്നും സഹോദരന്‍ ജോസ് പറഞ്ഞു. ഫ്രാങ്കോയ്ക്ക് എതിരെ നിലപാടെടുത്ത ശേഷം വീടിനു നേരെ ആക്രമണമുണ്ടായി. തന്റെ ജീവനു ഭീഷണിയുണ്ടെന്ന് ഫാ. കുര്യാക്കോസ് പറഞ്ഞിരുന്നതായും ജോസ് പറഞ്ഞു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ  മുളയ്ക്കല്‍ ജാമ്യം ജലന്ധറിലാണ് ഉള്ളത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഫ്രാങ്കോയ്ക്കു ജാമ്യം അനുവദിച്ചത്. കേരളത്തില്‍ പ്രവേശിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നുമുള്ള വ്യവസ്ഥകളിലായിരുന്നു ജാമ്യം അനുവദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com