തന്ത്രി വെറും ദിവസക്കൂലിക്കാരന്‍; പന്തളം കൊട്ടാരത്തിന് അവകാശമില്ല; ശബരിമലയില്‍ പ്യൂണിനെയും തന്ത്രിയെയും ഒരുപോലെ നിയമിക്കാന്‍ അധികാരം സര്‍ക്കാരിന്

ശബരിമല ക്ഷേത്രം അടച്ചിടാന്‍ തന്ത്രികുടുംബത്തിനും പന്തളം രാജകുടുംബത്തിനും ഒരു അവകാശവുമില്ലെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എം.രാജഗോപാലന്‍ നായര്‍.
തന്ത്രി വെറും ദിവസക്കൂലിക്കാരന്‍; പന്തളം കൊട്ടാരത്തിന് അവകാശമില്ല; ശബരിമലയില്‍ പ്യൂണിനെയും തന്ത്രിയെയും ഒരുപോലെ നിയമിക്കാന്‍ അധികാരം സര്‍ക്കാരിന്

കൊച്ചി: ശബരിമല ക്ഷേത്രം അടച്ചിടാന്‍ തന്ത്രികുടുംബത്തിനും പന്തളം രാജകുടുംബത്തിനും ഒരു അവകാശവുമില്ലെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എം.രാജഗോപാലന്‍ നായര്‍.  താഴമണ്‍ കുടുംബം ആചാരങ്ങള്‍ ലംഘിക്കുകയാണ്  എന്ന് ചൂണ്ടിക്കാട്ടി പന്തളം കൊട്ടാരം സര്‍ക്കാരിന് നല്‍കിയ നിവേദനം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയത്. 

മറ്റ് ക്ഷേത്രങ്ങളിലേത് പോലെ ശബരിമലയിലും തന്ത്രിക്ക് പ്രത്യേക അധികാരങ്ങള്‍ ഒന്നുമില്ലെന്നും അവിടെ തന്ത്രിമാരുടെ ആവശ്യമില്ലെന്നും പന്തളം കൊട്ടാരം എഴുതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 2011 മെയ് 17ന് നല്‍കിയ നിവേദനമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രത്യേക സാഹചര്യം വന്നപ്പോള്‍ പന്തളം കൊട്ടാരവും തന്ത്രി കുടുബവും ഹൈന്ദവ വികാരത്തെ ഇളക്കിവിടാന്‍ ഒരുമിച്ചത് മോശമാണ്. തന്ത്രിമാരുടെ ഡ്യൂട്ടികളെ സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മാന്വലില്‍ പറയുന്നത് ശബരിമലയില്‍ പീയൂണിനെ നിയമിക്കുന്നതു പോലെ തന്ത്രിയെ നിയമിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ട് എന്നാണ്. 

ദിവസ ശമ്പളമാണ് തന്ത്രിമാര്‍ക്ക്. നാമമാത്രമായ 400 രൂപയായിരുന്നു ഇവര്‍ക്ക് ശമ്പളം. ഇത് 1400 ആക്കി വര്‍ധിപ്പിച്ചു കൊടുത്തത് 2012ല്‍ താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ്-അദ്ദേഹം പറഞ്ഞു. 

ശബരിമലയില്‍ പന്തളം കൊട്ടാരത്തിന് ഒരു അവകാശവുമില്ലെന്നും രേഖകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. പന്തളം കൊട്ടാരത്തിന് കീഴില്‍ ശബരിമല പ്രദേശം ഉണ്ടായിരുന്നു. എന്നാല്‍ 996ല്‍ ഈ പ്രദേശമുള്‍പ്പെടെ ഇവര്‍ തിരുവിതാംകൂര്‍ കൊട്ടാരത്തിന് നല്‍കി. 969ലുണ്ടായ കടം വീട്ടാനാണ് കൈമാറിയത്. അതോടുകൂടി പന്തളം കൊട്ടാരത്തിന് അധികാരം നഷ്ടപ്പെട്ടു.ശബരിമല ഉള്‍പ്പെടെ 48 ക്ഷേത്രങ്ങളാണ് കൈമാറിയത്. 

ദേവസ്വം ബോര്‍ഡ് ഒന്നാം ഷെഡ്യൂള്‍ പ്രകാരം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്നും ദേവസ്വം ബോര്‍ഡിലേക്ക് കൈമാറിയ  ക്ഷേത്രങ്ങളിലൊന്നാണ് ശബരിമലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1950ല്‍ മന്നത്ത് പത്മനാഭവന്‍ ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് കൈമാറ്റം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.മേല്‍ശാന്തിയെ പത്തുയസ്സിനു താഴെയുള്ള കുട്ടിയെ വച്ച് നറുക്കെടുക്കാനുള്ള അവകാശം മാത്രമാണ് പന്തളം കൊട്ടാരത്തിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com