ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവര്‍ക്കും അറിയാം; വടി കൊടുത്ത് അടി വാങ്ങരുത്, പുനഃപരിശോധന ഹര്‍ജി നല്‍കുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി

ശബരിമല യുവതീ പ്രവേശന വിധിക്ക് എതിരെ പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവര്‍ക്കും അറിയാം; വടി കൊടുത്ത് അടി വാങ്ങരുത്, പുനഃപരിശോധന ഹര്‍ജി നല്‍കുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിധിക്ക് എതിരെ പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് എതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുന്നത് നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തലാകും. വിധിയോട് ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടാകും, എന്നാള്‍ ഭരണഘടനാ ബെഞ്ചിന്റെ വിധി അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ എല്‍ഡിഎഫ് രാഷ്ട്രീയ വിശകലന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിധി എന്തായാലും അത് നടപ്പാക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണെന്ന് പറഞ്ഞ സര്‍ക്കാര്‍, പുനപരിശോധന ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നത് ശരിയല്ല. ഈ വിധിയില്‍ അപാകതയുണ്ടെന്ന ബോധ്യമില്ല. ശരിയായ വിധിയാണ്, കാലത്തിന് ചേര്‍ന്ന വിധിയാണ്-അദ്ദേഹം പറഞ്ഞു. 

ശബരിമല നട അടയ്ക്കുന്നതും തുറക്കുന്നതും തന്ത്രിയുടെ അവകാശമല്ല. ക്ഷേത്രം കുടുംബസ്വത്തല്ലെന്ന് തന്ത്രി മനസ്സിലാക്കണം. പൂജാരിയും ബ്രഹ്മചാരി ആയിരിക്കണം എന്നാണ് വസ്തുത. ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പരിഹസിച്ചു. 

വല്ലാതെ ബഹളം കൂട്ടുന്ന ബിജെപിയും കോണ്‍ഗ്രസും പന്ത്രണ്ട് വര്‍ഷം കേസ് നടന്നപ്പോള്‍ എവിടെയായിരുന്നു? എന്തുകൊണ്ടാണ് ബിജെപി കക്ഷി ചേരാത്തത്, കോണ്‍ഗ്രസ് കക്ഷി ചേരാത്തത്? ആര്‍എസ്എസ് കേരളത്തില്‍ വര്‍ഗീയ ധ്രൂവികരണമുണ്ടാക്കാന്‍ പറ്റുമോയെന്നാണ് ആലോചിച്ചത്. 

സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തെ എപ്പോഴും യാഥാസ്ഥിതികര്‍ എതിര്‍ത്തിട്ടുണ്ട്. ബിജെപിക്കൊപ്പം കോണ്‍ഗ്രസും നിന്നതാണ് പലര്‍ക്കും അത്ഭുതം. കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് അല്ല. ഒരുപറ്റം നേതാക്കളുടെ ശരീരം കോണ്‍ഗ്രസിലും മനസ്സ് ബിജെപിയിലുമാണ്. 

സംഘപരിവാര്‍ ആദ്യം നിലയ്ക്കലില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ വന്നപ്പോള്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയില്ല. പക്ഷേ അവര്‍ അയ്യപ്പഭക്തരെ ആക്രമിച്ചു. പരിശോധന ഇവരുടെ വക, ഇവരാരാണ് ഭക്തരെ പരിശോധിക്കാന്‍, ഇവര്‍ക്കാരണ് നിയമം കയ്യിലെടുക്കാന്‍ അനുമതി നല്‍കിയത്? ഇതേത്തുടര്‍ന്ന് എത്ര അയ്യപ്പഭക്തര്‍ക്ക് വേദന അനുഭവിക്കേണ്ടി വന്നു? അമ്പതു വയസ്സിന് മേലുള്ള സ്ത്രീയെ ആശുപത്രിയിലാക്കിയില്ലേ? ശബരിമലയെ ഒരു കലാപ ഭൂമിയാക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചത്. സന്നിധാനത്ത് വലിയതോതില്‍ ക്രിമിനലുകള്‍ തടിച്ചുകൂടി. സംഘപരിവാറിന് നാടിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിമിനലുകളുണ്ട്. അവരെ നേരെ സന്നിധാനത്ത് എത്തിക്കുകയായിരുന്നു. അവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ചില നേതാക്കളും എത്തി. സന്നിധാനം ക്രിമിനല്‍ കേന്ദ്രമാക്കാന്‍ പറ്റില്ല. അഴിഞ്ഞാട്ടക്കാര്‍ക്ക് കേന്ദ്രീകരിക്കാനുള്ള സ്ഥലമാക്കാന്‍ കഴിയില്ല. 

സര്‍ക്കാരിന് ഒന്നേ ചെയ്യാനാകു, അത് ചെയ്തുകൊണ്ടിരിക്കുകയാണ്, എല്ലാ വിശ്വാസികള്‍ക്കും സംരക്ഷണം നല്‍കുക എന്നത്. ഇത് മതനിരപേക്ഷതയുടെ വിളനിലമാണ്. പുനഃപരിശോധന ഹര്‍ജി നല്‍കി ദേവസ്വം ബോര്‍ഡ് വടികൊടുത്ത് അടിവാങ്ങരുതെന്നും ഹര്‍ജി നല്‍കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com