നട അഞ്ചിന് തുറക്കും; യുവതികളെ തടയുമെന്ന് ഹൈന്ദവ സംഘടനകള്‍  സുരക്ഷയ്ക്ക് 2000 പൊലീസ്; ശബരിമല വീണ്ടും മുള്‍മുനയില്‍

നട അഞ്ചിന് തുറക്കും - യുവതികളെ തടയുമെന്ന് ഹൈന്ദവ സംഘടനകള്‍  സുരക്ഷയ്ക്ക് 2000 പൊലീസ് - ശബരിമല വീണ്ടും മുള്‍മുനയില്‍
നട അഞ്ചിന് തുറക്കും; യുവതികളെ തടയുമെന്ന് ഹൈന്ദവ സംഘടനകള്‍  സുരക്ഷയ്ക്ക് 2000 പൊലീസ്; ശബരിമല വീണ്ടും മുള്‍മുനയില്‍

തിരുവനന്തപുരം: ചിത്തിര ആട്ടത്തിരുന്നാള്‍ പൂജകള്‍ക്കായി ശബരിനട അഞ്ചിന് തുറക്കാനിരിക്കെ, കര്‍ശന സുരക്ഷാ സന്നാഹവുമായി പൊലിസ്. സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നാണ് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം. അഞ്ചാം തിയ്യതി നടതുറക്കുമ്പോഴും യുവതി പ്രവേശം തടയുമെന്നാണ് വിവിധ ഹൈന്ദവ സംഘടനകളുടെ നിലപാട്. ഇതോടെ പമ്പയും സന്നിധാനവും വീണ്ടും രണ്ടുദിവസത്തെ ബലാബലത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായി.

തുലാമാസ പൂജയ്ക്കായി ശബരിമല നടതുറന്ന സമയത്ത് ശബരിമലയിലും സമീപസ്ഥലങ്ങളിലും സംസ്ഥാനത്ത് പലയിടങ്ങളിലും പ്രശ്‌നങ്ങളുണ്ടായ സാഹചര്യത്തിലാണ് പൊലീസ് സുരക്ഷ ശക്തമാക്കുന്നത്. എല്ലാ ജില്ലയിലും പരമാവധി പൊലീസിനെ വിന്യസിച്ച് ക്രമസമാധാനം പാലിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദ്ദേശം. എവിടെയെങ്കിലോ തീര്‍ത്ഥാടകരെ തടയുന്ന സാഹചര്യമുണ്ടായാല്‍ കര്‍ശന നടപടി  സ്വീകരിക്കാന്‍ മേഖലാ എഡിജിപിമാര്‍, റെയ്ഞ്ച് ഐജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കി. 

നിലയ്ക്കല്‍, പമ്പ, സന്നിധാനം, എന്നിവിടങ്ങളില്‍ 2000 പൊലീസിനെ വിന്യസിക്കും. അത്രതന്നെ പ്രതിഷേധക്കാര്‍ ഉണ്ടാകുമെന്നും കരുതുന്നു. നവംബര്‍ ആറിനുള്ള ചടങ്ങിന് വൈകീട്ട് അഞ്ചിനാണ് തുറക്കുക. നവംബര്‍ മൂന്നിന് രാവിലെ മുതല്‍തന്നെ പൊലീസ് സേനാവിന്യാസമുണ്ടാകും. സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ടികെഎം നായരുടെ നേതൃത്വത്തിലുള്ള സമിതി നാളെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറുമായും കൂടിക്കാഴ്ച നടത്തും.

സമാധാനപരമായ രീതിയില്‍ ശരണമന്ത്ര പ്രതിരോധം ഒരുക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. സന്നിധാനത്തും ശരണവഴികളിലും തുലാമാസ പൂജ സമയത്തെപ്പോലെ ശരണം വിളിച്ച് പ്രതിഷേധിക്കും. അഞ്ചിനും ആറിനും ആരുടെയും ആഹ്വാനമില്ലാതെതന്നെ പ്രതിഷേധത്തിന് ആളെത്തുമെന്നാണ് ഹൈന്ദവസംഘടനകളുടെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com