തൂങ്ങിമരിച്ച മകന്റെ മരണത്തില്‍ ദുരൂഹത: അമ്മ പൊലീസില്‍ പരാതി നല്‍കി

മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഷഹീറിന്റെ മാതാവ് പിഎന്‍ സാജിതയാണ് പരാതി നല്‍കിയിരിക്കുന്നത്.
തൂങ്ങിമരിച്ച മകന്റെ മരണത്തില്‍ ദുരൂഹത: അമ്മ പൊലീസില്‍ പരാതി നല്‍കി

മലപ്പുറം: മഞ്ചേരി എടവണ്ണയില്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് ജില്ലയിലെ പടന്ന മൂസഹാജി മുക്കിലെ പിവി  ഷഹീറിന്റെ (17) മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഷഹീറിന്റെ മാതാവ് പിഎന്‍ സാജിതയാണ് പരാതി നല്‍കിയിരിക്കുന്നത്.

ഈ മാസം രണ്ടിനാണ് ഷഹീറിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചഭക്ഷണം കഴിച്ച് സഹപാഠികള്‍ക്കൊപ്പം കാമ്പസില്‍ പഠിച്ചു കൊണ്ടിരിക്കെ മുറിയിലേക്ക് മടങ്ങിയ ഷഹീറിനെ പിന്നീട് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സഹപാഠികളും അധ്യാപകരും ഷഹീറിനെ എടവണ്ണയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും മരിച്ചിരുന്നെന്നാണ് വീട്ടില്‍ അറിയിച്ചത്. 

വണ്ണംകുറഞ്ഞ നൈലോണ്‍ കയറിലാണ് ഷഹീര്‍  തൂങ്ങിമരിച്ചതെന്നാണ് സ്‌കൂള്‍ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ തൂങ്ങി മരിച്ചതിന്റെ യാതൊരു അടയാളവും ശരീരത്തിലുണ്ടായിരുന്നില്ലെന്നും മരണത്തില്‍ സംശയമുണ്ടെന്നും മാതാവ് സാജിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.  

ഓഗസ്റ്റ് 27ന് പടന്നയിലെ വീട്ടില്‍ നിന്നും ഹോസ്റ്റലിലേക്ക് തിരിച്ച് പോയ ശേഷം ഹോസ്റ്റലില്‍ കയറുന്നതുമായി ബന്ധപ്പെട്ട് വാര്‍ഡനുമായി തര്‍ക്കമുണ്ടായിരുന്നതായി സഹപാഠികള്‍ പറഞ്ഞിരുന്നതായും  മതപരമായ കാര്യങ്ങളിലും പഠന കാര്യങ്ങളിലും ശ്രദ്ധപുലര്‍ത്തുന്ന ഷഹീര്‍ ഒരിക്കലും ആത്മഹത്യ തെരഞ്ഞെടുക്കില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. 

സ്വന്തം ഇഷ്ടപ്രകാരമാണ് മത പഠനത്തിനായി ഷഹീര്‍ എടവണ്ണയിലേക്ക് പോയതെന്നും സിനിമ പോലും കാണാന്‍ ആഗ്രഹിക്കാത്ത വിശ്വാസിയായിരുന്നു ഷഹീറെന്നും ഇത്തരമൊരു കടുംങ്കൈ ഷഹീര്‍ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ലെന്നും യുവാവിന്റെ ബന്ധുക്കളും വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com