ജലന്തറിലെ മഠത്തില്‍വെച്ച് ബിഷപ്പ് കയറി പിടിച്ചു; ബലമായി കെട്ടിപ്പിടിച്ചു; പരാതിയുമായി കൂടുതല്‍ കന്യാസ്ത്രീകള്‍

ജലന്തറിലെ മഠത്തില്‍വെച്ച് ബിഷപ്പ് കയറി പിടിച്ചു; ബലമായി കെട്ടിപ്പിടിച്ചു; പരാതിയുമായി കൂടുതല്‍ കന്യാസ്ത്രീകള്‍
ജലന്തറിലെ മഠത്തില്‍വെച്ച് ബിഷപ്പ് കയറി പിടിച്ചു; ബലമായി കെട്ടിപ്പിടിച്ചു; പരാതിയുമായി കൂടുതല്‍ കന്യാസ്ത്രീകള്‍

കോട്ടയം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൂടുതല്‍ പേരെ ലൈംഗികമായി പീഡിപ്പിച്ചതായി കന്യാസ്ത്രീകളുടെ മൊഴി നല്‍കി. ബിഷപ്പിന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് കന്യാസ്ത്രീപട്ടം ഉപേക്ഷിച്ചവരുള്‍പ്പെടെയാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ഭഗല്‍പൂര്‍ ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തിലിന്റെ മൊഴിയെടുക്കാനും തീരുമാനമായി. ബിഷപ്പിനെതിരായ കന്യാസ്ത്രീയൂടെ ലൈംഗിക പരാതി വത്തിക്കാന്‍ പ്രതിനിധിക്ക് കൈമാറിയത് ഭഗല്‍പൂര്‍ ബിഷപ്പാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നീക്കം. 

കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീയുടെ പരാതിയെ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സ്വഭാവദൂഷ്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ജലന്തറിലെ മഠത്തില്‍വെച്ച് ബിഷപ്പ് കയറി പിടിച്ചതായി സഭ വിട്ട കന്യാസ്ത്രീമാരിലൊരാള്‍ മൊഴി നല്‍കി. ബിഷപ്പ് ബലമായി ആലിംഗനം ചെയ്തതതിനെ തുടര്‍ന്നാണ് മറ്റൊരു കന്യാസ്ത്രീ സഭവിട്ടത്. 

തുടര്‍ച്ചയായ അതിക്രമങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെയാണ് കന്യാസ്ത്രീപട്ടം ഉപേക്ഷിച്ചതെന്ന് ഇരുവരും അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ബിഷപ്പിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും അന്വേഷണം മന്ദഗതിയിലാണ്. കേസുമായി ബന്ധപ്പെട്ട് ഭഗല്‍പൂര്‍ ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തിലിന്റെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. ജലന്തര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം ഭഗല്‍പൂര്‍ ബിഷപ്പിനോട് പറഞ്ഞിരുന്നുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി.

കന്യാസ്ത്രീയുടെ പരാതിയിലെ പിഴവുകള്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ്  പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പരാതിക്കാരിയായ കന്യാസ്ത്രീയെ അഞ്ചിലേറെ തവണയാണ് ചോദ്യം ചെയ്തത്. അതേസമയം പ്രതിസ്ഥാനത്തുള്ള ഫ്രാങ്കോ മുളയ്ക്കലിനെ ഒരു തവണ മാത്രമാണ് ചോദ്യം ചെയ്തത്.തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ പരാതിക്കാരിയായ കന്യാസ്ത്രീ കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും ബന്ധുക്കള്‍ പറയുന്നു. ഇതെല്ലാം ചൂണ്ടികാട്ടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കന്യാസ്ത്രീയും ബന്ധുക്കളും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com