ചവിട്ടേറ്റ് 24 വാരിയെല്ലുകളും ഒടിഞ്ഞ് ശ്വാസകോശത്തില്‍ തുളച്ചുകയറി; രഞ്ജിത് ജോണ്‍സണിന്റേത് ക്രൂരമായ കൊലയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

ഗുണ്ടാ നേതാവിന്റെ ഭാര്യയെ ഒപ്പം പാര്‍പ്പിച്ചതിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രഞ്ജിത് ജോണ്‍സണിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ചവിട്ടേറ്റ് 24 വാരിയെല്ലുകളും ഒടിഞ്ഞ് ശ്വാസകോശത്തില്‍ തുളച്ചുകയറി; രഞ്ജിത് ജോണ്‍സണിന്റേത് ക്രൂരമായ കൊലയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

കൊല്ലം: ഗുണ്ടാ നേതാവിന്റെ ഭാര്യയെ ഒപ്പം പാര്‍പ്പിച്ചതിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രഞ്ജിത് ജോണ്‍സണിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അതിക്രൂരമായി മര്‍ദിച്ചാണ് രഞ്ജിത് ജോണ്‍സണിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ചവിട്ടേറ്റ് യുവാവിന്റെ 24 വാരിയെല്ലുകളും ഒടിഞ്ഞ് ശ്വാസകോശത്തില്‍ തുളച്ചുകയറിയതായി പറയുന്നു. തൊണ്ടയിലെ അസ്ഥിക്കു പൊട്ടലുണ്ട്. ശബ്ദം പുറത്തുവരാതിരിക്കാന്‍ ഇടിച്ചതോ കഴുത്തില്‍ കുത്തിപ്പിടിച്ചതോ കൊണ്ടാകാം ഇത്. തലച്ചോറിനും ക്ഷതമേറ്റിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

കാറില്‍നിന്നു പുറത്തിറക്കാതെ സീറ്റില്‍ ഇരുത്തിയാണു വാരിയെല്ലിനു ചവിട്ടിയും ഇടിച്ചും കൊലപ്പെടുത്തിയതെന്നു പിടിയിലായവര്‍ പൊലീസിനോടു പറഞ്ഞു. യുവാവിനെ ആളൊഴിഞ്ഞ ഏലയിലെത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ലഹരിസംഘത്തിലും ഒട്ടേറെ ക്രിമിനല്‍ കേസുകളിലും പെട്ടവരാണെന്നു പൊലീസ് പറഞ്ഞു. പിടിയിലായ കൈതപ്പുഴ സ്വദേശി ഉണ്ണി എന്ന ബൈജുവും പിടിയിലാകാനുള്ള ഒന്നാം പ്രതി പാമ്പ് മനോജും നെടുങ്ങോലം സ്വദേശി കാട്ടുണ്ണി എന്നു വിളിക്കുന്ന ഉണ്ണിയും പല കേസുകളില്‍ ജയിലില്‍ കഴിഞ്ഞപ്പോഴാണു പരിചയപ്പെടുന്നത്. ആക്രമണം, മോഷണം, വധശ്രമം, കഞ്ചാവ് കച്ചവടം തുടങ്ങി ഒട്ടേറെ കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്.

മയ്യനാട്, കൈതപ്പുഴ, പരവൂര്‍, നെടുങ്ങോലം, ഡീസന്റ് ജംക്ഷന്‍ എന്നീ ഭാഗങ്ങളിലുള്ള ഇവര്‍ ലഹരി വില്‍പന നടത്തിയാണു പണം കണ്ടെത്തുന്നതെന്നു പൊലീസ് പറഞ്ഞു. ക്വട്ടേഷന്‍ സംഘങ്ങളായും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അക്രമ സംഭവങ്ങള്‍ക്കു ശേഷം ഇവര്‍ അഭയം തേടുന്നത് കൈതപ്പുഴ, മയ്യനാട് ഭാഗങ്ങളിലാണ്. പരവൂര്‍ കായലിലെ കണ്ടല്‍ക്കാടുകളും പ്രധാന ഒളിസങ്കേതങ്ങളാണ്.

രഞ്ജിത്തിനെ എങ്ങനെയും വക വരുത്തുക എന്ന ലക്ഷ്യത്തോടെ ഒന്‍പതു വര്‍ഷമായി പക മനസ്സിലിട്ടു നടന്ന മനോജ് ഒടുവില്‍ കഴിഞ്ഞ 15നു കൃത്യം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ഭാഗമായാണു പ്രാവിനെ വാങ്ങാനെന്നുള്ള വ്യാജേന മനോജ് തന്റെ സുഹൃത്തുക്കളെ രഞ്ജിത്തിന്റെ വീട്ടിലെത്തിച്ചത്.

പിന്നീട് മനോജ് തയാറാക്കിയ തിരക്കഥയനുസരിച്ചു കൊലപാതകം നടത്തുകയായിരുന്നെന്നാണ് ഉണ്ണി മൊഴി നല്‍കിയത്. ഉണ്ണി നല്‍കിയ ആദ്യ മൊഴികള്‍ അന്വേഷണ സംഘത്തെ വട്ടം കറക്കിയിരുന്നു. രഞ്ജിത്തിനെ കാറില്‍ നിന്ന് ഇത്തിക്കര ആറ്റില്‍ തള്ളിയെന്നാണ് ഇയാള്‍ ആദ്യം മൊഴി നല്‍കിയത്. തുടര്‍ന്നു വിശദമായി നടന്ന ചോദ്യം ചെയ്യലിലാണു ചാത്തന്നൂര്‍ പോളച്ചിറ ഏലയില്‍ വച്ചാണു കൊലപാതകം നടത്തിയതെന്നു സമ്മതിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com