'ചമ്മല്‍ എന്ന പദമില്ല, ഐസക്കിന്റെ നിഘണ്ടുവില്‍' ; സാലറി ചലഞ്ചില്‍ ധനമന്ത്രിയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ 

'ചമ്മല്‍ എന്ന പദമില്ല, ഐസക്കിന്റെ നിഘണ്ടുവില്‍' ; സാലറി ചലഞ്ചില്‍ ധനമന്ത്രിയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ 

സാലറി ചലഞ്ചിന്റെ മൂന്നാം ഭാഗം ഗ്രാറ്റ്വിറ്റി ചലഞ്ച് ആയിരിക്കും


കൊച്ചി : സാലറി ചലഞ്ചില്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍, ധനമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ രംഗത്ത്. സാലറി ചലഞ്ചിനെ പിടിച്ചുപറി, കൊള്ള എന്നൊക്കെയാണ് കോടതി വിശേഷിപ്പിച്ചത്. എന്നിട്ടും തോമസ് ഐസക്കിന് ചമ്മല്‍ ഇല്ല. സാലറി ചലഞ്ചിന്റെ രണ്ടാം ഭാഗമായി പെന്‍ഷന്‍ ചലഞ്ച് അവതരിപ്പിക്കുകയാണ് അദ്ദേഹമെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

നിലക്കല്‍ പമ്പ റൂട്ടില്‍ ചാര്‍ജ് കൂട്ടിയ കെഎസ്ആര്‍ടിസിയുടെ നടപടിയെയും ജയശങ്കര്‍ വിമര്‍ശിച്ചു. കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ തച്ചങ്കരി ഏമാന്റെ ശബരിമല ചലഞ്ച്: കൊല്ലുന്ന ഐസക്കിന് തിന്നുന്ന തച്ചന്‍! ജയശങ്കര്‍ പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ഐസക് സഖാവിന്റെ സാലറി ചലഞ്ച് ഗുണ്ടാ പിരിവാണെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചപ്പോള്‍ ആരും അതത്ര കാര്യമാക്കിയില്ല. ഹസ്സന്‍ജി രാഷ്ട്രീയ പ്രേരിതമായി ഉന്നയിച്ച ദുരാരോപണം എന്നേ കരുതിയുളളൂ.

എന്നാല്‍, അതുതന്നെ ഇപ്പോള്‍ കേരള ഹൈക്കോടതിയും പറയുന്നു: പിടിച്ചു പറി, കൊളള എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നു.

ചമ്മല്‍ എന്ന പദമില്ല, ഐസക്കിന്റെ നിഘണ്ടുവില്‍. അദ്ദേഹം സാലറി ചലഞ്ചിന്റെ രണ്ടാം ഭാഗമായി പെന്‍ഷന്‍ ചലഞ്ച് അവതരിപ്പിക്കുന്നു. സര്‍വീസ് പെന്‍ഷന്‍കാര്‍ ഒരു മാസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്കു കൊടുക്കണം. അടുത്ത ഘട്ടത്തില്‍ ക്ഷേമ പെന്‍ഷനുകള്‍ക്കും ഇത് ബാധകമാക്കും.

സാലറി ചലഞ്ചിന്റെ മൂന്നാം ഭാഗം ഗ്രാറ്റ്വിറ്റി ചലഞ്ച് ആയിരിക്കും. ഈ വര്‍ഷം സേവനത്തില്‍ നിന്ന് പിരിയുന്ന എല്ലാ ജീവനക്കാരുടെയും വിടുതല്‍ ആനുകൂല്യത്തിന്റെ നിശ്ചിതഭാഗം ഖജനാവിലേക്ക് മുതല്‍ കൂട്ടും.

അടിക്കുറിപ്പ്: കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ തച്ചങ്കരി ഏമാന്റെ ശബരിമല ചലഞ്ച്: നിലക്കല്‍ പമ്പ റൂട്ടില്‍ ചാര്‍ജ് കൂട്ടി. കൊല്ലുന്ന ഐസക്കിന് തിന്നുന്ന തച്ചന്‍!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com