ഉപകരണങ്ങള്‍ കടം വാങ്ങി തലയോട്ടിയിലെ മുഴ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കി; ചരിത്രമെഴുതി എറണാകുളം ജനറല്‍ ആശുപത്രി

തലയോട്ടിക്കുള്ളിലെ മുഴ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് സവിശേഷനേട്ടം കൈവരിച്ച് എറണാകുളം ജനറല്‍ ആശുപത്രി.
ഉപകരണങ്ങള്‍ കടം വാങ്ങി തലയോട്ടിയിലെ മുഴ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കി; ചരിത്രമെഴുതി എറണാകുളം ജനറല്‍ ആശുപത്രി

കൊച്ചി: തലയോട്ടിക്കുള്ളിലെ മുഴ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് സവിശേഷനേട്ടം കൈവരിച്ച് എറണാകുളം ജനറല്‍ ആശുപത്രി. വെല്‍ഡിങ് തൊഴിലാളിയായ ആലുവ സ്വദേശി ഷാജഹാനാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ജിവിതത്തിലേക്ക് മടങ്ങിയെത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രി ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങള്‍ ആശുപത്രിയില്‍ ഇല്ലാതിരുന്നതിനനാല്‍ മെഡിക്കല്‍ കമ്പനികളില്‍ നിന്ന് കടം വാങ്ങിയാണ് ശസ്ത്രക്രിയ നടത്തിയത്. 

കടുത്ത തലവേദനയും  കാഴ്ചക്കുറവുംമൂലം ചികില്‍സ തേടിയെത്തിയ ഷാജഹാന് വിദഗ്ധ പരിശോധനയിലാണ്  പിറ്റിയൂറ്ററി ഗ്രന്ധിയില്‍ ട്യൂമറുണ്ടെന്ന് കണ്ടെത്തിയത്. തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തേണ്ട സ്ഥിതി. അധുനികശസ്ത്രക്രിയാസംവിധാനങ്ങളും വലിയ ചെലവും വേണ്ടിവരുന്ന സ്ഥിതി. ഈ ഘട്ടത്തിലാണ് ജനറല്‍ ആശുപത്രിയിലെ ഇഎന്‍ടി സര്‍ജന്‍ കെജി സാജുവും ന്യൂറോ സര്‍ജന്‍ ഡോ. ഡാല്‍വിന്‍ തോമസും ഒരുമിച്ചിരുന്ന് ആലോചിച്ചത്. ഒടുവില്‍  താക്കോല്‍ ദ്വാര ശസ്ത്രയ നിശ്ചയിച്ചു. 

അതിനാവശ്യമായ ഉപകരണങ്ങള്‍ ആശുപത്രിയില്‍ ഇല്ലായിരുന്നതിനാല്‍ പലസ്ഥലങ്ങളില്‍ നിന്നായി കടംവാങ്ങി. ഒടുവില്‍ ട്യൂമര്‍ മൂക്കിലൂടെ നീക്കം ചെയ്തു. 4ലക്ഷം രൂപയെങ്കിലും  വേണ്ടിവരുന്ന  ശസ്ത്രക്രിയ കേവലം 20000 രൂപയ്ക്ക് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പൂര്‍ത്തിയാക്കി.

നാലുമണിക്കൂര്‍ നീണ്ടു നിന്ന സങ്കീര്‍ണമായ ശസത്രക്രിയ കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോള്‍ ഷാജഹാന് നഷ്ടപ്പെട്ട കാഴ്ചശക്തിയും തിരിച്ചു കിട്ടി. താക്കോല്‍ ദ്വാരശസ്ത്രക്രിയാ വിഭാഗം ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കാനുള്ള നടപടികള്‍  ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com