വെളളമുണ്ട ഇരട്ട കൊലപാതകം; പ്രതി കിടപ്പുമുറികളിലെ സ്ഥിരം ഒളിഞ്ഞുനോട്ടക്കാരനും മദ്യപാനിയും 

വയനാട്ടില്‍ ഏറെ വിവാദമായ വെള്ളമുണ്ടയിലെ നവദമ്പതികളുടെ കൊലപാതകത്തില്‍ പിടിയിലായ വിശ്വനാഥന്‍ അന്യരുടെ കിടപ്പുമുറികളില്‍ ഒളിഞ്ഞുനോക്കുന്ന സ്വഭാവമുള്ള വ്യക്തി കൂടിയാണെന്ന് പൊലീസ്
വെളളമുണ്ട ഇരട്ട കൊലപാതകം; പ്രതി കിടപ്പുമുറികളിലെ സ്ഥിരം ഒളിഞ്ഞുനോട്ടക്കാരനും മദ്യപാനിയും 

കല്‍പ്പറ്റ: വയനാട്ടില്‍ ഏറെ വിവാദമായ വെള്ളമുണ്ടയിലെ നവദമ്പതികളുടെ കൊലപാതകത്തില്‍ പിടിയിലായ വിശ്വനാഥന്‍ അന്യരുടെ കിടപ്പുമുറികളില്‍ ഒളിഞ്ഞുനോക്കുന്ന സ്വഭാവമുള്ള വ്യക്തി കൂടിയാണെന്ന് പൊലീസ്. കുറ്റിയാടി, തൊട്ടില്‍പ്പാലം പാനൂര്‍, ചൊക്ലി എന്നിവിടങ്ങളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ വിശ്വനാഥനെ രണ്ടുമാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പിടികൂടിയത്. മോഷണത്തിന് പുറമെ രാത്രിയില്‍ വീടുകളിലെത്തി ഒളിഞ്ഞുനോക്കുന്നതും ശീലമാക്കിയിരുന്ന ഇയാളെ പലപ്പോഴായി നാട്ടുകാര്‍ പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ജൂലായ് ആറിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സംഭവം നടന്ന ദിവസം മാനന്തവാടിയില്‍നിന്ന് ഹോള്‍സെയില്‍ ആയി ലോട്ടറി വിറ്റു വരികയായിരുന്നു വിശ്വനാഥന്‍. ഏറെക്കാലം ലോട്ടറി വിറ്റ് നടന്ന് സ്ഥല പരിചയമുണ്ടാക്കിയ ശേഷം വിശ്വനാഥന്‍ മോഷണത്തിനായുള്ള പദ്ധതിയിടുകയായിരുന്നുവെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. രാത്രി മദ്യലഹരിയില്‍ മടങ്ങുമ്പോള്‍ വെള്ളമുണ്ട പന്ത്രണ്ടാം മൈലിലെ വീട്ടില്‍ വെളിച്ചം കണ്ടു. അന്യരുടെ കിടപ്പുമുറികളില്‍ ഒളിഞ്ഞുനോക്കുന്ന സ്വഭാവമുള്ള പ്രതി ഈ ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് ഇവിടെ ഇറങ്ങിയത്. വീട്ടിലെത്തി നോക്കുമ്പോള്‍ ദമ്പതികള്‍ ഉറങ്ങിക്കിടക്കുന്നതു കണ്ടു. വീടിനു പിറകിലെത്തിയ പ്രതി ബലക്ഷയമുള്ള വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി.

ഫാത്തിമയുടെ ശരീരത്തില്‍ നിന്ന് ആഭരണങ്ങള്‍ എടുക്കുമ്പോള്‍ യുവതി നിലവിളിച്ചു. ബഹളം കേട്ട് ഉറക്കമുണര്‍ന്ന ഉമ്മര്‍ വിശ്വനാഥനെ തടയാന്‍ ശ്രമിച്ചു. ഈ സമയം കൈയിലുണ്ടായിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് ഇരുവരെയും തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വിലപിടിപ്പുള്ള വസ്തുക്കള്‍ക്കായി വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും മറ്റൊന്നും കിട്ടിയില്ല. തുടര്‍ന്ന് ഫാത്തിമയുടെ ഫോണുമെടുത്ത് പ്രതി മടങ്ങി. സംസ്ഥാന പാതയുടെ തൊട്ടടുത്ത വീടായത് കൊണ്ട് മോഷണവും കൊലപാതകവും നടത്തി പെട്ടെന്ന് രക്ഷപ്പെടാനും ഇയാള്‍ക്കായി.

നഷ്ടപ്പെട്ട ഫോണായിരുന്നു പൊലീസിന് പ്രതിയിലേക്ക് എത്തിച്ചേരാനുള്ള ഏക പിടിവള്ളി. ഫോണ്‍ നഷ്ടപ്പെട്ട വിവരം പൊലിസ് പുറത്തുവിട്ടിരുന്നില്ലെങ്കിലും ഒരു പത്രത്തില്‍ ഇതുസംബന്ധിച്ചു വാര്‍ത്ത വന്നു. ഇതോടെ പ്രതി ഫോണ്‍ ഉപയോഗിക്കാതെ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. പ്രദേശത്തെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് രണ്ടുലക്ഷത്തോളം ഫോണ്‍ കോളുകള്‍ വിശദമായി പരിശോധിച്ച പൊലീസ് സംശയം തോന്നിയവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയുണ്ടായി.

കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ കൊലപാതക, മോഷണക്കേസുകളില്‍ പെട്ടവരെ കുറിച്ചുള്ള അന്വേഷണവും ജില്ലാ ജയിലുകള്‍, സെന്‍ട്രല്‍ ജയില്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയവരെ കുറിച്ചുള്ള അന്വേഷണവുമാണ് പൊലീസിനെ വിശ്വനിലേക്കെത്തിച്ചത്.ഇയാള്‍ മുമ്പും ഇത്തരം കേസുകളില്‍ പെട്ടിരുന്നുവെന്ന് കണ്ടതോടെ അന്വേഷണം ഇയാളിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.

28 കിലോമീറ്റര്‍ ഇപ്പുറമുള്ള തൊട്ടില്‍പ്പാലത്തു നിന്നുമാണ് വിശ്വനാഥന്‍ എന്ന വിശ്വന്‍ വെള്ളമുണ്ടയില്‍ മോഷണത്തിനെത്തിയത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായിരുന്ന വിശ്വന്‍ കുറച്ചുനാളായി നാട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. നാട്ടുകാര്‍ക്കിടയില്‍ മോഷ്ടാവ് എന്ന പേര് വീണതോടെ പലരും ഇയാളെ ജോലിക്ക് വിളിക്കാതായി. തുടര്‍ന്നായിരുന്നു കാറില്‍ ലോട്ടറി വില്‍പ്പന ആരംഭിച്ചത്. മാനന്തവാടിയില്‍ സ്ഥിരമായി ലോട്ടറിയെടുക്കാന്‍ പോവുന്നതിനിടെ സ്ഥലപരിചയമുണ്ടാക്കുകയും മോഷണത്തിനായി പദ്ധതിയിടുകയുമായിരുന്നു.

മോഷ്ടിച്ചെന്ന് കരുതുന്ന സ്വര്‍ണം ഇയാള്‍ കുറ്റിയാടിയിലെ ഒരു സേട്ടുവിനായിരുന്നു വിറ്റത്. ഇത് ചൊവ്വാഴ്ച തന്നെ പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന വീട്ടില്‍ നിന്നും കാണാതായ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച കമ്പിപ്പാര കൊലപാതകം നടന്ന വീടിന് സമീപത്തെ പ്രദേശത്ത് വലിച്ചെറിഞ്ഞിരുന്നുവെങ്കിലും ഇതും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com