നീട്ടിയുള്ള പ്രസന്റ് സാര്‍ വിളികള്‍ ഓര്‍മ്മയാകുന്നു; സര്‍ക്കാര്‍ സ്‌കൂളിലും ഇനി പഞ്ചിങ് 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: സ്‌കൂളുകളിലെ ഹാജര്‍ ബുക്കുകളും നീട്ടിയുള്ള പ്രസന്റ് സാര്‍ വിളികളും ഓര്‍മ്മയാകാന്‍ പോകുന്നുവെനന് സൂചന നല്‍കി ഒരു സര്‍ക്കാര്‍ വിദ്യാലായം. ഓഫീസുകളില്‍ ജീവനക്കാര്‍ക്കായി ഉപയോഗിക്കുന്ന ബയോമെട്രിക് പഞ്ചിംഗ് മെഷിനില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ രേഖപ്പെടുത്തി മാതൃകയാവുകയാണ് മയ്യനാട് വെള്ളമണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.രാവിലെ സ്‌കൂളിലേക്ക് പുറപ്പെടുന്ന മക്കള്‍ കൃത്യമായി ക്ലാസിലെത്തിയോ എന്നറിയാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് ഇനി വേവലാതി വേണ്ട വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷാകര്‍ത്താവിന്റെ മൊബൈലിലേക്ക് ഉടന്‍ സന്ദേശമെത്തും. 

സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ ഇതാദ്യമാണ് ഹാജര്‍ രേഖപ്പെടുത്താന്‍ പഞ്ചിംഗ് മെഷിന്‍ ഉപയോഗിക്കുന്നത്. നൂറു ശതമാനം ഹാജര്‍ നില ഉറപ്പ് വരുത്തുന്നതിന് സ്‌കൂള്‍ പി.ടി.എ മുന്‍ കൈയെടുത്ത് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് പുതിയ പരീക്ഷണം. ആറ് ഡിവിഷനുകളിലായി 360 വിദ്യാര്‍ത്ഥികളാണുള്ളത്. 6 പഞ്ചിംഗ് മെഷിനുമുണ്ട്. രാവിലെ 9 മണിയ്ക്കാണ് ഇവിടെ ക്ലാസ് ആരംഭിക്കുന്നത്. 9.30ന് മുന്‍പും വൈകിട്ട് 4.30നും പഞ്ചിംഗ് നടത്തിയില്ലെങ്കിലും ഉടന്‍ രക്ഷാകര്‍ത്താവിന്റെ മൊബൈലില്‍ സന്ദേശമെത്തും. ഓരോ വിദ്യാര്‍ത്ഥിയുടെയും ഹാജര്‍ കംപ്യൂട്ടറില്‍ സൂക്ഷിക്കും.

എം.നൗഷാദ് എം.എല്‍.എ ഹൈടെക് ഹാജര്‍ സംവിധാനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എസ്.ഫത്തഹുദ്ദീന്‍, മയ്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍.ലക്ഷ്മണന്‍, വാര്‍ഡ് മെമ്പര്‍ സരിത, പി.ടി.എ പ്രസിഡന്റ് നൗഷാദ്, പ്രിന്‍സിപ്പല്‍ കെ.ഇ.ലാലുകുമാര്‍, ഹെഡ്മിസ്ട്രസ് ജയ തുടങ്ങിയവര്‍ പങ്കെടുത്തു.

ചില വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ വരാതെ കടല്‍കാണാനും മറ്റും പോകാറുണ്ട്. അവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും രക്ഷാകര്‍ത്താക്കളെ യഥാസമയം വിവരം അറിയിക്കാനും പുതിയ സംവിധാനം ഉപകരിക്കും- ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ കെ.ഇ.ലാലുകുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com