'ഇവര്‍ മനുഷ്യരാണോ അതോ മറ്റേതെങ്കിലും ജനുസ്സില്‍പെട്ടവരാണോ'; പണം നല്‍കില്ലെന്ന് പറഞ്ഞ നഗരസഭ സെക്രട്ടറിക്ക് മന്ത്രിയുടെ സസ്‌പെന്‍ഷന്‍ ഭീഷണി

ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കേണ്ടതില്ലെന്ന് ചെങ്ങന്നൂര്‍ നഗരസഭ അടിയന്തര കൗണ്‍സില്‍ കൂടി തീരുമാനമെടുത്തിരുന്നു
'ഇവര്‍ മനുഷ്യരാണോ അതോ മറ്റേതെങ്കിലും ജനുസ്സില്‍പെട്ടവരാണോ'; പണം നല്‍കില്ലെന്ന് പറഞ്ഞ നഗരസഭ സെക്രട്ടറിക്ക് മന്ത്രിയുടെ സസ്‌പെന്‍ഷന്‍ ഭീഷണി

ചെങ്ങന്നൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കേണ്ടെന്ന കൗണ്‍സില്‍ തീരുമാനത്തില്‍ ഒപ്പുവെച്ചതിന് ചെങ്ങന്നൂര്‍ നഗരസഭാ സെക്രട്ടറിക്ക് മന്ത്രി ജി സുധാകരന്റെ സസ്‌പെന്‍ഷന്‍ ഭീഷണി. സര്‍ക്കാരിന്റെ നയത്തിന് എതിരേ പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് മന്ത്രി ഭീഷണി മുഴക്കിയത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കേണ്ടതില്ലെന്ന് ചെങ്ങന്നൂര്‍ നഗരസഭ അടിയന്തര കൗണ്‍സില്‍ കൂടി തീരുമാനമെടുത്തിരുന്നു. ഈ വിഷയത്തിലാണ് മന്ത്രിയുടെ വിമര്‍ശനം.

പൊതുനിയമത്തിന് വിപരീതമായി യാതൊരു അധികാരവും പഞ്ചായത്ത് പ്രസിഡന്റിനോ നഗരസഭാ ചെയര്‍മാനോ ഇല്ല. ഒരു പൈസയും നല്‍കില്ലെന്ന് തീരുമാനിക്കാനും നഗരസഭയ്ക്ക് അവകാശമില്ല. സര്‍ക്കാര്‍ ഗ്രാന്റ് കൊണ്ടാണ് തദ്ദേശസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഓര്‍മിക്കണം. പണം നല്‍കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. പക്ഷേ, നല്‍കില്ലെന്ന് തീരുമാനം എടുക്കാനോ മിനുട്‌സില്‍ രേഖപ്പെടുത്താനോ നഗരസഭയ്ക്ക് അധികാരമില്ല. ഉള്ളത് തന്നാല്‍ മതി. പണം നല്‍കില്ലെന്ന് തീരുമാനിച്ച ഇവര്‍ മനുഷ്യരാണോ അതോ മറ്റേതെങ്കിലും ജനുസ്സില്‍പെട്ടവരാണോ എന്ന് സുധാകരന്‍ ചോദിച്ചു. ചെങ്ങന്നൂരില്‍ പ്രളയംമൂലം വെള്ളം കുടിച്ച് ശ്വാസംമുട്ടി ആരും മരിക്കാത്തത് സര്‍ക്കാരിന്റെ ഇടപെടല്‍കൊണ്ടാണ്. ഇത് ചെയ്യണ്ടായിരുന്നെന്നാണോ നഗരസഭ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

ജനം ഒറ്റക്കെട്ടായി നിരാകരണ പ്രമേയത്തെ തള്ളിക്കളയണം. കായംകുളത്തെ ഒരു സ്വര്‍ണക്കച്ചവടക്കാരന്‍ ദുരിതാശ്വാസനിധിയിലേക്ക് ഒന്നും നല്‍കരുതെന്ന് പറയുന്നത് കേട്ടു. മര്യാദയ്ക്കിരുന്നില്ലെങ്കില്‍ കടയില്‍ പോലീസ് കയറും. കള്ളക്കാശുണ്ടെങ്കില്‍ അത് കൈയില്‍വെച്ചാല്‍ മതി. നികുതിവെട്ടിച്ച് പണമുണ്ടാക്കി സര്‍ക്കാരിനെ ആരും വെല്ലുവിളിക്കേണ്ടെന്ന് സുധാകരന്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ശേഖരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com