സമരത്തില്‍ പങ്കെടുത്തു, സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു; സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ നടപടി 

വേദപാഠം പഠിപ്പിക്കുക, വിശുദ്ധ കുര്‍ബാന നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിസിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്
സമരത്തില്‍ പങ്കെടുത്തു, സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു; സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ നടപടി 

മാനന്തവാടി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തിവന്നിരുന്ന സമരത്തിന് പിന്തുണയറിയിച്ച മാനന്തവാടി രൂപതാംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ നടപടി. എറണാകുളം ഹൈകോര്‍ട്ട് ജംഗ്ഷനില്‍ നടന്നുവന്ന കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തെന്നും മാധ്യമങ്ങളിലൂടെ സഭയെ വിമര്‍ശിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. 

വേദപാഠം പഠിപ്പിക്കുക, വിശുദ്ധ കുര്‍ബാന നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിസിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം എടുക്കാതെയാണ് നടപടി. എറണാകുളത്തുനിന്ന് തിരിച്ചെത്തിയയുടന്‍ വിവരമറിയിക്കുകയായിരുന്നെന്നും എന്തു കാരണം കൊണ്ടാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. 

താന്‍ പത്താം ക്ലാസ്സില്‍ വേദപാഠം പഠിപ്പിച്ചിരുന്നതാണെന്നും ലിറ്റര്‍ജി പഠിപ്പിക്കുന്നതും വിശുദ്ധകുര്‍ബാന നല്‍കുന്നതിലും നിന്ന് വിലക്കിയിട്ടുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു. തന്റെ നിലപാടുകളില്‍ ഇടവകാംഗങ്ങളില്‍ നിന്നടുക്കം പിന്തുണ ലഭിച്ച സാഹചര്യത്തിലാണ് എന്തുകൊണ്ടാണ് ഇത്തരത്തിലൊരു നടപടിയെന്ന് മനസിലാകുന്നില്ലെന്നും സിസ്റ്റര്‍ പറഞ്ഞു. നടപടി വാക്കാല്‍ തന്നെ അറിയിക്കുകയായിരുന്നെന്നും രേഖാമൂലം ഇതേക്കുറിച്ച് വിവരങ്ങളൊന്നും കൈമാറിയിട്ടില്ലെന്നും സിസ്റ്റര്‍ പറഞ്ഞു. 
  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com