രാഹുല്‍ ഈശ്വര്‍ ചാനലിലിരുന്ന് കലാപമുണ്ടാക്കുന്നു: ഭാഗ്യലക്ഷ്മി

ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാതലത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുതെന്ന രാഹുല്‍ ഈശ്വറിന്റെ പ്രസ്താവനയ്‌ക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.
രാഹുല്‍ ഈശ്വര്‍ ചാനലിലിരുന്ന് കലാപമുണ്ടാക്കുന്നു: ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാതലത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുതെന്ന രാഹുല്‍ ഈശ്വറിന്റെ പ്രസ്താവനയ്‌ക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. രാഹുല്‍ ഈശ്വര്‍ ചാനലിലിരുന്ന് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്,ശബരിമലയില്‍ വരുന്ന സ്ത്രീകളെ ആക്രമിക്കാന്‍ കൂടിയുള്ള ആഹ്വാനമാണിത്. അത് ശരിയായ നടപടിയല്ല-ഭാഗ്യലക്ഷ്മി പറഞ്ഞു. 

വിധി ഇങ്ങനെ തന്നെയായിരിക്കണമെന്ന് പ്രതീക്ഷിച്ചിരുന്നു. ആഗ്രഹിച്ചിരുന്നു. കാരണം സുപ്രീം കോടതിയില്‍ നിന്ന് മറിച്ച് ഒരു വിധിയുണ്ടാകുമ്പോള്‍ അത് നമുക്ക് നിരാശയുണ്ടാക്കും. സുപ്രീം കോടതിയില്‍ നിന്നും ജനാധിപത്യമാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. സ്ത്രീ പുരുഷ വ്യത്യാസമില്ല എന്നതിന്റെ തെളിവാണ് വിവാഹേതര ബന്ധത്തെ കുറിച്ചും സ്വവര്‍ഗ രതിയെ കുറിച്ചുമുള്ള സുപ്രീം കോടതിയുടെ വിധി. അതിലൂടെ സുപ്രീം കോടതിയിലുള്ള വിശ്വാസമാണ് വര്‍ധിക്കുന്നത്.

ഞാന്‍ ഒരിക്കലും ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചിട്ടില്ല. അത് ഇത്തരമൊരു വിലക്ക് ഉള്ളതുകൊണ്ടല്ല. മറിച്ച് എനിക്ക് പോകണമെന്ന് തോന്നയിട്ടില്ല അതുകൊണ്ടാണ്. ഞാന്‍ വിശ്വസിക്കുന്ന ദൈവം എന്റെ ഉള്ളിലാണെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ പോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയോട് പോകരുത് എന്ന് പറയാന് ആര്‍ക്കും അധികാരമില്ല

ഇവിടെ ചില വിശ്വാസ പ്രമാണങ്ങളാണ് നിലനില്‍ക്കുന്നത്. വിശ്വാസം വേറെ അവകാശം വേറെ. അവകാശം നിഷേധിക്കാന്‍ വ്യക്തിക്കോ സമുദായത്തിനോ സംഘടനകള്‍ക്കോ അധികാരമില്ല.

പല മതത്തിലേയും പല വിഭാഗങ്ങളിലേയും ആളുകള്‍ക്ക് വേണ്ടി നമ്മള്‍ പോരാടി. പിന്നെ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മാത്രം മറിച്ചു ചിന്തിക്കുന്നത്. ഇത് മനുഷ്യാവകാശമല്ലേ. ഇതും മനുഷ്യാവകാശമാണ്. ഇതിനെ മാത്രം എതിര്‍ക്കുന്നത് എന്തിനാണ്?

സ്ത്രീകള്‍ക്ക് 41 ദിവസം വ്രതമെടുക്കാന്‍ പറ്റില്ല എന്നതായിരിക്കും ഇവര്‍ എഴുതി വെച്ച പ്രമാണം. എന്നാല്‍ 41 ദിവസം വ്രതമെടുക്കാതെ ശബരിമലയില്‍ പോകുന്ന നിരവധി പേരെ എനിക്ക് അറിയാം. പ്രായമല്ല ഇവിടെ പ്രശ്മാകുന്നത്. എന്ത് തരം അനീതിയാണ് ഇത്? എന്ത് തരം ദ്രോഹമാണ് മനുഷ്യനോട് ചെയ്യുന്നത്. ആരോടും ഇത്തരത്തിലുള്ള ദ്രോഹം ചെയ്യരുത്.- ഭാഗ്യലക്ഷ്മി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com