ട്രാക്കിലേക്കു വീണ മരത്തിൽ ട്രെയിൻ ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം

കനത്ത കാറ്റിലും മഴയിലും ട്രാക്കിലേക്കു മറിഞ്ഞു വീണ കാറ്റാടി മരത്തിൽ പാസഞ്ചർ ട്രെയിൻ ഇടിച്ചു കയറി
ട്രാക്കിലേക്കു വീണ മരത്തിൽ ട്രെയിൻ ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം

കൊല്ലം: കനത്ത കാറ്റിലും മഴയിലും ട്രാക്കിലേക്കു മറിഞ്ഞു വീണ കാറ്റാടി മരത്തിൽ പാസഞ്ചർ ട്രെയിൻ ഇടിച്ചു കയറി. ഇന്നലെ വൈകീട്ട് ആറ് മണിയോടെ കേരളപുരം ഇഎസ്ഐയ്ക്കടുത്തായിരുന്നു സംഭവം. കൊല്ലത്തു നിന്നുള്ള ചെങ്കോട്ട പാസഞ്ചർ ട്രെയിനാണ് മരത്തിന് മുകളിലേക്ക് ഇടിച്ചു കയറിയത്. നാട്ടുകാർ മുന്നറിയിപ്പു നൽകിയതിനെ തുടർന്നു ട്രെയിൻ വേഗം കുറച്ചെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.  

മരം കടപുഴകി ട്രാക്കിലേക്കു വീണ് അഞ്ച് മിനിറ്റിനുള്ളിൽ  ട്രെയിൻ കടന്നു വന്നു. നാട്ടുകാരിൽ ചിലർ ട്രെയിനിനടുത്തേക്ക് ഓടി കൈവശമുണ്ടായിരുന്ന തുണി വീശി ലോക്കോ പൈലറ്റിനെ വിവരം ധരിപ്പിച്ചു. ലോക്കോ പൈലറ്റ് വേഗം കുറച്ചെങ്കിലും ട്രാക്കിൽ വീണ മരത്തിന്റെ ശിഖരത്തിൽ ഇടിച്ചു ട്രെയിൻ മുന്നോട്ടു പോയി. ട്രെയിനിന്റെ ചക്രങ്ങൾ കയറിയതോടെ വലിയ ശബ്ദത്തോടെ ശിഖരം മുറിഞ്ഞു മാറി 

പിന്നീട് ലോക്കോ പൈലറ്റ് ഇറങ്ങി ട്രാക്കിൽ നിന്നു മരച്ചില്ല മാറ്റി അധികൃതരെ വിവരമറിയിച്ച ശേഷം യാത്ര തുടരുകയായിരുന്നു. 10 മിനിറ്റോളം ട്രെയിൻ വൈകി. അവധി ദിവസമായതിനാൽ യാത്രക്കാർ കുറവായിരുന്നു. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഈ റൂട്ടിലൂടെ ട്രെയിൻ ഗതാഗതം കഴിഞ്ഞ മൂന്ന് ദിവസം നിർത്തിവച്ചിരുന്നു. ഇന്നലെയാണ് ​ഗതാ​ഗതം പുനഃസ്ഥാപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com