കുടിശിക നല്‍കിയില്ല; കെഎസ്ആര്‍ടിസി ടിക്കറ്റ് യന്ത്രങ്ങളുടെ സെര്‍വര്‍ പ്രവര്‍ത്തനം കമ്പനി അവസാനിപ്പിക്കുന്നു

കെഎസ്ആര്‍ടിസി ഇടിഎം (ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍) സംസ്ഥാനത്ത് ഉടനീളം പ്രവര്‍ത്തനം നിലയ്ക്കാന്‍ പോകുന്നു.
കുടിശിക നല്‍കിയില്ല; കെഎസ്ആര്‍ടിസി ടിക്കറ്റ് യന്ത്രങ്ങളുടെ സെര്‍വര്‍ പ്രവര്‍ത്തനം കമ്പനി അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇടിഎം (ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍) സംസ്ഥാനത്ത് ഉടനീളം പ്രവര്‍ത്തനം നിലയ്ക്കാന്‍ പോകുന്നു. ഇടിഎം നല്‍കിയിട്ടുള്ള ക്വാണ്ടം എക്കോണ്‍ എന്ന കമ്പനിക്കുള്ള കുടിശിക നല്‍കാത്തതിനാല്‍ സെര്‍വര്‍ പ്രവര്‍ത്തനം 31 ന് അവസാനിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. സെര്‍വര്‍ നിലച്ചാല്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.

നിലവില്‍ പുനലൂര്‍ ഡിപ്പോയുടെ ഇടിഎം പൂര്‍ണമായി പ്രവര്‍ത്തനരഹിതമായി. ഇപ്പോള്‍ എല്ലാ ബസുകളിലും ടിക്കറ്റ് റാക്ക് ആണ് ഉപയോഗിക്കുന്നത്. ഇന്റര്‍ സ്‌റ്റേറ്റ് സര്‍വീസുകള്‍ കൂടുതല്‍ ഉള്ള ഡിപ്പോ ആയതിനാലാണ് പുനലൂര്‍ ഡിപ്പോയിലെ യന്ത്രങ്ങള്‍ ബ്ലോക്ക് ചെയ്തതെന്നാണു വിവരം.

മെഷീന്‍ നല്‍കിയ കമ്പനി തന്നെയാണ് ഇവയുടെ അറ്റകുറ്റപ്പണിയും നടത്തുന്നത്. കെഎസ്ആര്‍ടിസി കുടശികയിനത്തില്‍ വന്‍ തുക നല്‍കാനുള്ളതിനാല്‍ വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ പുതുക്കാന്‍ കമ്പനി തയാറായില്ല. എന്നാല്‍ കമ്പനിയെ ഒഴിവാക്കി കെഎസ്ആര്‍ടിസി സ്വന്തമായി നന്നാക്കാന്‍ തുടങ്ങിയതോടെയാണ് സെര്‍വര്‍ ബ്ലോക്ക് ചെയ്യാന്‍ നീക്കം ആരംഭിച്ചത്. അതേസമയം കേടായ യന്ത്രങ്ങള്‍ തങ്ങള്‍ പണം മുടക്കി നന്നാക്കേണ്ട അവസ്ഥയാണെന്ന് കണ്ടക്ടര്‍മാര്‍ പറയുന്നു.

സംസ്ഥാനത്താകെ ഏകദേശം 6000 മെഷീനുകളാണ് ഉപയോഗിക്കുന്നത്. യന്ത്രങ്ങളും സെര്‍വറുമായി ജിപിഎസ് വഴി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ കമ്പനിക്ക് ഏതു ഡിപ്പോയിലെ പ്രവര്‍ത്തനവും എപ്പോള്‍ വേണമെങ്കിലും നിര്‍ത്താം. ഇതിനിടയില്‍ കെഎസ്ആര്‍ടിസി പുതിയ കമ്പനിയുമായി കരാറിനുള്ള ടെന്‍ഡര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ മാസങ്ങളെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com