പ്രായമാകും മുമ്പേ മകന് ബൈക്ക് കൊടുത്തു; 'കുട്ടി ഡ്രൈവര്‍'ക്കും പിതാവിനും ശിക്ഷ

ഡ്രൈവിങ് ലൈസന്‍സിനുളള പ്രായമാകും മുമ്പെ ബൈക്ക് കൊടുത്തതാണ് പിതാവിനെതിരെയുള്ള കുറ്റം
പ്രായമാകും മുമ്പേ മകന് ബൈക്ക് കൊടുത്തു; 'കുട്ടി ഡ്രൈവര്‍'ക്കും പിതാവിനും ശിക്ഷ


കൊച്ചി: പ്രായപൂര്‍ത്തിയാകാതെ ബൈക്ക് ഓടിച്ച മകനെയും ഇതിന് അനുമതി നല്‍കിയ പിതാവിനെയും എടപ്പാളിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡ്രൈവേഴ്‌സ് ട്രയിനിങ് റിസര്‍ച്ച് സെന്ററില്‍ ഒരു ദിവസത്തെ പരിശീലനത്തിനയക്കാന്‍ അര്‍ടിഒയുടെ ഉത്തരവ്.

കലൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് പരിശീലനത്തിന് പോകേണ്ടത്. ഡ്രൈവിങ് ലൈസന്‍സിനുളള പ്രായമാകും മുമ്പെ ബൈക്ക് കൊടുത്തതാണ് പിതാവിനെതിരെയുള്ള കുറ്റം. മൂന്ന് പേര്‍ ഒരുമിച്ച് സഞ്ചരിച്ച വേളയിലാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എല്‍ദോ കെ വര്‍ഗീസ്  ബൈക്ക് തടഞ്ഞത്. പരിശോധിച്ചപ്പോള്‍ ആര്‍ക്കും ലൈസന്‍സ് ഇല്ല. എല്ലാവരും പതിനെട്ടുവയസ്സില്‍ താഴെ പ്രായക്കാര്‍. ബൈക്ക് ഓടിച്ച കുട്ടിയെ ആര്‍ടിഒ ഓഫീസില്‍ കൊണ്ടുവന്നു. ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഇംപോസിഷന്‍ എഴുതുപ്പിച്ചു. കുട്ടിയുടെ പിതാവിനോട് ലൈസന്‍സുമായി ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇദ്ദേഹം ഹാജരാകുമ്പോള്‍ മകനുമായി എടപ്പാളില്‍ ബോധവത്കരണത്തിന് പോകേണ്ട തിയ്യതി നല്‍കുമെന്നു ആര്‍ടിഒ കെ മനോജ് പറഞ്ഞു.

കുട്ടി ഡ്രൈവര്‍മാരുടെ എണ്ണം കൂടുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റോഡുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ശക്തമാക്കി. കോളേജുകളുടെ പരിസരത്തും നിരീക്ഷണമുണ്ട്. 18 വയസ്സുതികയാത്ത കുട്ടികള്‍ വാഹനങ്ങള്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരൂമാനം. ചില രക്ഷിതാക്കളെങ്കിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാഹനമോടിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇതുഗുരുതരമായ കുറ്റമാണ്. ബൈക്കുകളില്‍ അനധികൃതമായ സാമഗ്രികള്‍ ഘടിപ്പിച്ചും രൂപമാറ്റവും ഉയര്‍ന്ന ശബ്ദം വരുന്നതിനെതിരെയും നടപടിയെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com