പിവി അന്‍വര്‍ മാതൃക; പ്രശംസയുമായി തോമസ് ഐസക്

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസപ്രയത്‌നങ്ങള്‍ക്കും ഏറ്റവും സമര്‍ത്ഥമായ രീതിയിലാണ് അദ്ദേഹം സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചത്
പിവി അന്‍വര്‍ മാതൃക; പ്രശംസയുമായി തോമസ് ഐസക്

കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ പൊതുപ്രവര്‍ത്തകര്‍ക്ക് ആകെ മാതൃകയാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. തുടര്‍ പ്രളയങ്ങളും ഉരുള്‍പൊട്ടലും ദുരന്തം വിതച്ച നിലമ്പൂരില്‍ പി വി അന്‍വര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിച്ചാണ് എംഎല്‍എയെ പുകഴ്ത്തി ധനമന്ത്രി രംഗത്ത് വന്നത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രയത്‌നങ്ങള്‍ക്കും ഏറ്റവും സമര്‍ത്ഥമായ രീതിയിലാണ് അന്‍വര്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ തോമസ് ഐസക്ക് കുറിച്ചു. ഇത്തരം ദുരന്തങ്ങളെ അതിജീവിക്കേണ്ടതെങ്ങനെ എന്നകാര്യത്തില്‍ ഒരു കേസ് സ്റ്റഡിയാണ് അദ്ദേഹത്തിന്റെ ഇടപെടലുകള്‍.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്, സഹായമെത്തിക്കുന്നതിന്, വ്യാജവാര്‍ത്തകളില്‍ നിന്ന് ആശ്വാസം പകരുന്നതിന്, വിദൂരത്തുള്ള ബന്ധുക്കളുടെ അന്വേഷണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതിന്, രക്ഷാപ്രവര്‍ത്തനങ്ങളുടെ സംഘാടനത്തിന്, ഇതരപ്രദേശങ്ങളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരുടെ ഏകോപനത്തിന് തുടങ്ങി ഏറ്റവുമൊടുവില്‍ റീബില്‍ഡ് നിലമ്പൂര്‍ എന്ന ബ്രഹത്പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ എത്തി നില്‍ക്കുകയാണ് അന്‍വറിന്റെ ഫേസ്ബുക്ക് പേജ്.

പെരുമഴയത്ത് വൈദ്യുതിബന്ധം പൂര്‍ണമായും നിലയ്ക്കുകയും മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തപ്പോള്‍ പുറംലോകത്തെ നിലമ്പൂരുമായി ബന്ധിപ്പിച്ചത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജാണ്. അന്‍വര്‍ തന്നെ പറഞ്ഞതുപോലെ ഒരു മിനി കണ്‍ട്രോള്‍ റൂമായി ഫേസ്ബുക്ക് പേജിനെ സമീപിക്കുകയും അങ്ങനെ ആക്കിത്തീര്‍ക്കുന്നതില്‍ പൂര്‍ണമായും വിജയിക്കുകയും ചെയ്തു ഐസക്ക് കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

തുടര്‍പ്രളയങ്ങളും ഉരുള്‍പൊട്ടലും ദുരന്തം വിതച്ച നിലമ്പൂരില്‍, പി വി അന്‍വര്‍ എംഎല്‍എ നടത്തിയ ഇടപെടലുകള്‍ പൊതുപ്രവര്‍ത്തകര്‍ക്കാകെ മാതൃകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസപ്രയത്‌നങ്ങള്‍ക്കും ഏറ്റവും സമര്‍ത്ഥമായ രീതിയിലാണ് അദ്ദേഹം സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചത്. ഇത്തരം ദുരന്തങ്ങളെ അതിജീവിക്കേണ്ടതെങ്ങനെ എന്നകാര്യത്തില്‍ ഒരു കേസ് സ്റ്റഡിയാണ് അദ്ദേഹത്തിന്റെ ഇടപെടലുകള്‍.

മഴ കനത്ത ആഗസ്റ്റ് എട്ടു മുതല്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് ഞാനൊന്ന് ഓടിച്ചു നോക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്, സഹായമെത്തിക്കുന്നതിന്, വ്യാജവാര്‍ത്തകളില്‍ നിന്ന് ആശ്വാസം പകരുന്നതിന്, വിദൂരത്തുള്ള ബന്ധുക്കളുടെ അന്വേഷണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതിന്, രക്ഷാപ്രവര്‍ത്തനങ്ങളുടെ സംഘാടനത്തിന്, ഇതരപ്രദേശങ്ങളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരുടെ ഏകോപനത്തിന് തുടങ്ങി ഏറ്റവുമൊടുവില്‍ റീബില്‍ഡ് നിലമ്പൂര്‍ എന്ന ബ്രഹത്പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ എത്തി നില്‍ക്കുന്ന മഹാപ്രയത്‌നത്തിന്റെ നാള്‍വഴികളുടെ ചിട്ടയായ രേഖപ്പെടുത്തലാണ് ആ പേജില്‍. പ്രളയം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം എംഎല്‍എ ഓഫീസ് 24ഃ7 ഹെല്‍പ്പ് ഡെസ്‌കാക്കി മാറ്റുകയും മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേരിട്ടു തന്നെ നേതൃത്വം നല്‍കുകയും ചെയ്തു.

ദുരന്തവേളയില്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് എത്രമാത്രം പ്രയോജനകരമായിരുന്നു എന്ന് പല പോസ്റ്റുകള്‍ക്കും ചുവടെയുള്ള കമന്റുകള്‍ സാക്ഷി പറയുന്നുണ്ട്. പെരുമഴയത്ത് വൈദ്യുതിബന്ധം പൂര്‍ണമായും നിലയ്ക്കുകയും മൊബൈല്‍ നെറ്റുവര്‍ക്കുകള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തപ്പോള്‍ പുറംലോകത്തെ നിലമ്പൂരുമായി ബന്ധിപ്പിച്ചത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജാണ്. പ്രവാസികള്‍ അടക്കമുള്ളവര്‍ നിലമ്പൂരുമായി ആ സമയത്ത് നിത്യസമ്പര്‍ക്കം പുലര്‍ത്തിയത് അന്‍വറിന്റെ പേജു വഴിയായിരുന്നു. അന്‍വര്‍ തന്നെ പറഞ്ഞതുപോലെ ഒരു മിനി കണ്‍ട്രോള്‍ റൂമായി ഫേസ്ബുക്ക് പേജിനെ സമീപിക്കുകയും അങ്ങനെ ആക്കിത്തീര്‍ക്കുന്നതില്‍ പൂര്‍ണമായും വിജയിക്കുകയും ചെയ്തു. അഞ്ചു സന്നദ്ധ പ്രവര്‍ത്തകര്‍ അടങ്ങിയ ടീമാണ് ഈ ചുമതല കൈകാര്യം ചെയ്തതെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. എംഎല്‍എയുടെ സ്റ്റാഫും പൂര്‍ണമായും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. അവരെയെല്ലാപേരെയും ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു.

രാഷ്ട്രീയവും അല്ലാത്തതുമായ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് നിലമ്പൂരിനുവേണ്ടി പൊതുസമൂഹത്തെയാകെ അണിനിരത്താന്‍ അന്‍വറിനു കഴിഞ്ഞിട്ടുണ്ട്. റീബില്‍ഡ് നിലമ്പൂര്‍ യാഥാര്‍ത്ഥ്യമാക്കാനും ആ കൂട്ടായ്മ തുടരണം. ഈ ഗതിവേഗത്തില്‍ മുന്നോട്ടു പോയാല്‍, എത്രയും പെട്ടെന്നു തന്നെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും.

പി.വി അന്‍വറിന് എന്റെ സല്യൂട്ട്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com