മണി ഒന്നടിക്കുമ്പോള്‍ ഊണു കഴിക്കുന്ന പതിവ് ഇനി മാറും; സര്‍ക്കാര്‍ ഓഫീസിലെ ഉച്ചഭക്ഷണ ഇടവേള വെട്ടിക്കുറച്ചു

സർക്കാർ ഓഫിസുകളിലെ ഉച്ചഭക്ഷണ ഇടവേള 15 മിനിറ്റ്​ കുറച്ചു. സെക്രട്ടറിയേറ്റിലും അഞ്ച്​ നഗരങ്ങളിലെഓഫീസുകളിലും പ്രവൃത്തി സമയത്തിലും മാറ്റം വരുത്തി
മണി ഒന്നടിക്കുമ്പോള്‍ ഊണു കഴിക്കുന്ന പതിവ് ഇനി മാറും; സര്‍ക്കാര്‍ ഓഫീസിലെ ഉച്ചഭക്ഷണ ഇടവേള വെട്ടിക്കുറച്ചു

തിരുവനന്തപുരം: സർക്കാർ ഓഫിസുകളിലെ ഉച്ചഭക്ഷണ ഇടവേള 15 മിനിറ്റ്​ കുറച്ചു. സെക്രട്ടറിയേറ്റിലും അഞ്ച്​ നഗരങ്ങളിലെഓഫീസുകളിലും പ്രവൃത്തി സമയത്തിലും മാറ്റം വരുത്തി. ഇതു സംബന്ധിച്ച്​ ഉദ്യോഗസ്ഥ ഭരണ പരിഷ്​കാര വകുപ്പ്​ ഉത്തരവിറക്കി. ഉച്ചഭക്ഷണ സമയം ഇനി 15 മിനിറ്റ്​ വൈകി 1.15നാണ്​ തുടങ്ങുക. പഴയതുപോലെ രണ്ട്​ വരെയാണ്​ സമയം. നിലവിൽ ഒന്ന്​ മുതൽ രണ്ട്​ വരെയാണ്​. 

സർക്കാർ ഓഫിസുകളിലെ പ്രവൃത്തി സമയം 10 മുതൽ അഞ്ച്​ വരെയാണെങ്കിലും സെക്രട്ടറിയേറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്​ നഗര പരിധിയിലെയും ഓഫിസുകളുടെ സമയം 10.15 മുതൽ 5.15 വരെയായിരിക്കും. ചില പ്രത്യേക തസ്​തികകൾക്ക്​ പഴയ വ്യവസ്ഥയാണ്​ ബാധകം.

പ്രവൃത്തി സമയം സംബന്ധിച്ച്​ നേരത്തെ ഉത്തരവ്​ ഇറക്കിയതാണെങ്കിലും സെക്രട്ടറിയേറ്റ് ഒഴികെ മറ്റെല്ലാ സർക്കാർ ഓഫിസുകളിലും സമയം 10 മുതൽ അഞ്ച്​ വരെയാണ്​ നിർദേശിച്ചത്​. സെക്രട്ടറിയേറ്റിൽ മാത്രം 10.15 മുതൽ 5.15 വരെ എന്നായിരുന്നു. ഇത്തരത്തിൽ വ്യത്യസ്​ത നിർദേശം നിലനിൽക്കുന്നത്​ പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ പരാതികളും നിവേദനങ്ങളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്​ പുതുക്കിയ ഉത്തരവ്​.

സർക്കാർ ഓഫിസുകൾക്ക്​ ‘മാന്വൽ ഓഫ്​ ഓഫിസ്​ പ്രൊസീജറും’ സെക്രട്ടറിയേറ്റിന്​ ‘കേരളസെക്രട്ടറിയേറ്റ് ഓഫീസ്​ മാന്വലും’ അനുസരിച്ചുള്ള സമയക്രമമാണ്​ പാലിക്കുന്നത്​. എന്നാൽ, ചില ജില്ലകളിലെ നഗര പ്രദേശങ്ങളിലെ ഓഫിസ്​ സമയക്രമത്തിൽ പ്രദേശങ്ങളുടെ പ്രത്യേക സാഹചര്യം പരിഗണിച്ച്​ അനുവദിച്ച ഇളവ്​ തുടരേണ്ടതുണ്ടെന്ന്​ ഉത്തരവിൽ പറയുന്നു. ഈ  പശ്ചാത്തലത്തിലാണ്​ സെ​ക്രട്ടരിയേറ്റിലെ പ്രവൃത്തി സമയം അഞ്ച്​ നഗരങ്ങളിലെ ഓഫിസുകൾക്കുകൂടി ബാധകമാക്കിയത്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com