മകളുടെ വിവാഹത്തിനായി എടുത്ത വായ്പ മുടങ്ങി, ജപ്തി ഭീഷണി; പിതാവ് ജീവനൊടുക്കി

19,500 രൂപ കുടിശിക വരുത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് സ്വകാര്യ പണമിടപാട് സ്ഥാപനം ജപ്തി ഭീഷണി മുഴക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം:  സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ. കോട്ടയം ഈരാറ്റുപേട്ട മൂന്നാംതോട് തൊടിയില്‍ ഷാജിയാണ് ജീവനൊടുക്കിയത്. 19,500 രൂപ കുടിശിക വരുത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് സ്വകാര്യ പണമിടപാട് സ്ഥാപനം ജപ്തി ഭീഷണി മുഴക്കിയത്. 

ഒരു വര്‍ഷം മുന്‍പ് മകളുടെ വിവാഹ ആവശ്യത്തിനായാണ് ഷാജി വായ്പ എടുത്തത്. വീടിന്റെ ആധാരം പണയപ്പെടുത്തി കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നുമാണ് 1.30 ലക്ഷം രൂപ വായ്പയായി എടുത്തത്. കഴിഞ്ഞ നാലുമാസമായി വായ്പ തവണ മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ പണമിടപാട് സ്ഥാപനം ജപ്തി ഭീഷണി മുഴക്കിയത്. ഇതില്‍ മനംനൊന്ത് ഷാജി ജീവനൊടുക്കുകയായിരുന്നു. ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ഷാജിയെ കണ്ടെത്തുകയായിരുന്നു.

ആശാരി പണിയായിരുന്നു ഷാജിക്ക്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ജോലിയില്ലായിരുന്നു. ഇതില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. ഇതോടെയാണ് വായ്പ തവണ മുടങ്ങിയത്. സ്വകാര്യപണമിടപാട് സ്ഥാപനത്തിന്റെ ജപ്തി ഭീഷണിയില്‍ മനംനൊന്താണ് ഷാജി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഷാജിയുടെ കുടുംബം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടിശിക മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി ഭീഷണി മുഴക്കി സ്വകാര്യപണമിടപാട് സ്ഥാപനം വീട്ടില്‍ നോട്ടീസ് പതിപ്പിച്ചത്. ഇതിന് മുന്‍പും കുടിശിക തന്നുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യപണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ ഷാജിയെ സമീപിച്ചിരുന്നു. ജപ്തി ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഷാജി മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com