മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രി ജലീലും വിദേശപര്യടനത്തിന് ; 17 മുതല്‍ മാലദ്വീപിലേക്ക്

ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണവും, ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണം വര്‍ധിപ്പിക്കലുമാണ് യാത്രയുടെ ലക്ഷ്യം
മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രി ജലീലും വിദേശപര്യടനത്തിന് ; 17 മുതല്‍ മാലദ്വീപിലേക്ക്

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ വിദേശയാത്രക്കിടെ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലും വിദേശ പര്യടനത്തിനൊരുങ്ങുന്നു. ഈ മാസം 17 മുതല്‍ നാലുദിവസത്തെ മാലദ്വീപ് സന്ദര്‍ശനത്തിനാണ് ജലീല്‍ തയ്യാറെടുക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണവും, കേരളവും മാലദ്വീപും തമ്മില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണം വര്‍ധിപ്പിക്കലുമാണ് യാത്രയുടെ ലക്ഷ്യം.

മന്ത്രി ജലീലിന് പുറമെ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ്, എപിജെ അബ്ദുള്‍കലാം സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ അയൂബ്, എഐസിടിഇ ഡയറക്ടര്‍ രമേഷ് ഉണ്ണികൃഷ്ണന്‍, കമ്യൂണിറ്റി സ്‌കില്‍സ് ഡയറക്ടര്‍ ടി വി വിനോദ് എന്നിവരാണ് സംഘത്തിലുള്ളത്. യാത്രയ്ക്ക് സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കാത്തിരിക്കുകയാണ്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി തോമസ് ഐസക്ക് ആവര്‍ത്തിക്കുന്നതിനിടെയാണ് മന്ത്രിയുടെയും വിദേശയാത്ര.

ഉഷ ടൈറ്റസ് നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ ഇ പി ജയരാജനും എ കെ ശശീന്ദ്രനും ചീഫ് സെക്രട്ടറി ടോം ജോസും അടങ്ങുന്ന സംഘത്തിന്റെ ജപ്പാന്‍, കൊറിയ വിദേശ സംഘത്തിനൊപ്പമാണുള്ളത്. മുഖ്യമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ഷിമാനെ സര്‍വകലാശാലയുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടുന്നുണ്ട്. നിലവില്‍ മുഖ്യമന്ത്രിയുടെയും സംഘത്തിന്‍രെയും വിദേശ യാത്ര വന്‍ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കെയാണ് മന്ത്രി ജലീലും വിദേശ സന്ദര്‍ശനത്തിന് ഒരുങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com