അലങ്കരിച്ച ജീപ്പിന് മുകളിൽ ബോക്സ്, അതിന്റെ മുകളിലിരുന്ന് യാത്രയും; അയ്യപ്പ ഭക്തരുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു 

മോട്ടോർ വാഹന നിയമലംഘനത്തിനും മാർഗ തടസ്സമുണ്ടാക്കിയതിനും പൊലീസ് കേസെടുത്തു
അലങ്കരിച്ച ജീപ്പിന് മുകളിൽ ബോക്സ്, അതിന്റെ മുകളിലിരുന്ന് യാത്രയും; അയ്യപ്പ ഭക്തരുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു 

കൊട്ടാരക്കര: അപകടരമായ രീതിയിൽ അയ്യപ്പ ഭക്തൻമാരെ കൊണ്ടുപോയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അലങ്കരിച്ച ജീപ്പിന് മുകളിൽ ബോക്സുകൾ കെട്ടിവച്ച് അതിനും മുകളിലായിരുന്നു ചിലരുടെ യാത്ര. നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച വിഡിയോ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടിയെടുത്തത്.

തിങ്കളാഴ്ച വൈകുന്നേരം ആയൂർ മുതൽ കൊട്ടാരക്കര വരെ ഗതാഗത തടസ്സമുണ്ടാക്കിയാണ് വാഹനം കടന്നുപോയത്. അതുവഴി പോയ മറ്റു വാഹനയാത്രക്കാർ പൊലീസ് കണ്‍ട്രോള്‍ റൂമിൽ അറിയിച്ചുവെങ്കിലും കാര്യമുണ്ടായില്ല. പിന്നീടാണ് വിഡിയോ വ്യാപകമായി പ്രചരിച്ചത്. ഇതോടെ കൊല്ലം റൂറൽ എസ്പി അന്വേഷണത്തിന് നിർദ്ദേശം നൽകി. 

വാഹനത്തിലുണ്ടായിരുന്നവർ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നവരാണെന്ന് മനസിലായതോടെ മോട്ടോർ വാഹനവകുപ്പിന്‍റെ ക്യാമറ വഴി വാഹനത്തിന്‍റെ നമ്പറെടുത്തു. ആറ്റിങ്ങലിൽ രജിസ്റ്റര്‍ ‍ചെയ്ത ജീപ്പ് പിടിച്ചെടുക്കുകയും മോട്ടോർ വാഹന നിയമലംഘനത്തിനും മാർഗ തടസ്സമുണ്ടാക്കിയതിനും പൊലീസ് കേസെടുക്കുകയും ചെയ്തു.

അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിൽ ഉച്ചഭാഷിണിയും അലങ്കാരവുമായുള്ള ശബരിമലയാത്ര പാടില്ലെന്ന നിർദ്ദേശം കർശനമായി തുടരുന്നെന്നും ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും കൊല്ലം റൂറൽ എസ് പി ഹരിശങ്കർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com