ഇത് ആസുരകാലം, പൗരത്വ ബില്‍ അസ്വസ്ഥപ്പെടുത്തുന്നതെന്ന് എം മുകുന്ദന്‍

ഇത് ആസുരകാലം, പൗരത്വ ബില്‍ അസ്വസ്ഥപ്പെടുത്തുന്നതെന്ന് എം മുകുന്ദന്‍
ഇത് ആസുരകാലം, പൗരത്വ ബില്‍ അസ്വസ്ഥപ്പെടുത്തുന്നതെന്ന് എം മുകുന്ദന്‍

കൊച്ചി: പൗരത്വ ബില്‍ പാര്‍ലമെന്റ് പാസാക്കിയതെന്നത് അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. ആസുരമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് മുകുന്ദന്‍ പറഞ്ഞു. ' മഹാരാജാസ് കോളജില്‍ മലയാള വിഭാഗം കേരള ലിറ്റററി ഫെസ്റ്റിവലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''നിമിഷ പ്രതികരണത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എങ്കിലും ഇന്നലെ പൗരത്വ ബില്ലിനെതിരെയുള്ള എഴുത്തുകാരുടെ മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ചിരുന്നു. കാലത്തിന്റെ ഉത്കണ്ഠകള്‍ എന്റെ  എഴുത്തിലും കടന്നു വരും. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എഴുതുമ്പോള്‍ പ്രായം വെറും ഇരുപത്തഞ്ച്. അന്ന് മുമ്പില്‍ വ്യക്തി മാത്രമായിരുന്നു. തകഴിയുടെ കാലത്ത് സമൂഹത്തിന്റെ വേദനകളാണ് എഴുത്തിന്റെ വിഷയം. പിന്നീട് വ്യക്തിയേക്കാളും സമൂഹത്തേക്കാളും വലുത് മനുഷ്യനാണെന്ന ബോധ്യത്തിലേക്കാണ് ഞാന്‍ എത്തിച്ചേര്‍ന്നത്. ഇതെന്റെ എഴുത്തിന്റെ സ്വഭാവം തന്നെ മാറ്റി. നാളത്തെ എഴുത്ത് കൃത്രിമബുദ്ധിയുടെ എഴുത്താകാം. എഴുത്തുകാരുടെ കര്‍തൃത്വം അപ്രസക്തമാക്കാന്‍ സാങ്കേതിക വിദ്യ ശ്രമിച്ചുകൊണ്ടിരിക്കുന്നു''- മുകുന്ദന്‍ പറഞ്ഞു.

ഭാവനയുടെ വലിയ ഗോപുരങ്ങളായിരുന്നു ഇന്നലത്തെ പല മഹാകൃതികളും. എന്നാലിന്ന് ജീവിതത്തിന്റെ മണമുള്ള യഥാര്‍ഥ വ്യക്തികളുടെയും സമൂഹത്തിന്റെയും ചരിത്രകഥകളുടെ  സര്‍ഗാത്മകാവിഷ്‌കാരങ്ങള്‍ക്കാണ് വായനക്കാരുള്ളത്. എക്‌സ്ട്രാ ഓര്‍ഡിനറി ലൈഫ് ആന്‍ഡ് ഡെത്ത് ഒഫ് സുനന്ദ പുഷ്‌കര്‍ എന്ന പുസ്തകമാണ് ഗോവന്‍ ലിറ്റററി ഫെസ്റ്റിവലില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത്. ജീവിച്ചിരുന്ന ആളെക്കുറിച്ച് അറിയാനുള്ള താല്പര്യം മൂലമാണ് അവ വായിക്കപ്പെടുന്നത്. ഹിന്ദി സാഹിത്യത്തിലെ കുലപതിയായനിര്‍മ്മല്‍ വര്‍മ്മയെപ്പോലുളളവരുടെ രചനകള്‍ ആയിരം കോപ്പികള്‍ മാത്രം അടിക്കുമ്പോള്‍ ഇന്ന് മലയാളത്തില്‍ പതിനായിരം കോപ്പിയൊക്കെയാണ് തുടക്കത്തില്‍ തന്നെ ശ്രദ്ധേയ പുസ്തകങ്ങള്‍ അടിക്കുന്നത്. വായനയെ സ്‌നേഹിക്കുന്ന ഒരു സമൂഹമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. പുസ്തകങ്ങള്‍ ഏറെ ലഭ്യമായ കാലത്താണ് നാം ജീവിക്കുന്നത്. നൊബേല്‍ സമ്മാന ജേതാവിന്റെ ഒരു കൃതി വായിക്കാന്‍ പണ്ട് മാസങ്ങള്‍ കാത്തിരിക്കണമായിരുന്നു. ഇന്ന് വിപണിയുടെ സാങ്കേതിക വളര്‍ച്ച മൂലം വെറും മൂന്നു ദിവസം കൊണ്ട് ഏതു പുസ്തകവും  ലഭ്യമാകുന്നു. എങ്കിലും ഏതു പുസ്തകവും അംഗീകാരം നേടുമെന്ന് കരുതരുത്-മുകുന്ദന്‍ പറഞ്ഞു. 

കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ.വി.ജയമോള്‍, മലയാള വിഭാഗം മേധാവി എസ് ജോസഫ്, അരവിന്ദന്‍ (ഡിസി ബുക്‌സ് ) അനീറ്റ മാത്യു, (മലയാളം ബിരുദാനന്തര ബിരുദം വിദ്യാര്‍ഥിനി ), ഡോ. സുമി ജോയി ഓലിയപ്പുറം ( പ്രഭാഷണ പരിപാടിയുടെ കോര്‍ഡിനേറ്റര്‍)എന്നിവര്‍ സംസാരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com