'എത്ര കാലം കണ്ണടയ്ക്കാനാകും? ,  എന്തൊരു പ്രഹസനമാണ് സഹോ..' ; യൂത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ജില്ലാ പ്രസിഡന്റ്

സംഘടനയ്ക്കകത്തെ കൊള്ളരുതായ്മകള്‍ക്കെതിരെ ശബ്ദിക്കാതെ നാം എങ്ങിനെയാണ് സമൂഹത്തിന് വേണ്ടി നിലകൊള്ളേണ്ടത്
'എത്ര കാലം കണ്ണടയ്ക്കാനാകും? ,  എന്തൊരു പ്രഹസനമാണ് സഹോ..' ; യൂത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ജില്ലാ പ്രസിഡന്റ്

പാലക്കാട് : ദേശീയ പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം പടരുമ്പോഴും, പ്രക്ഷോഭങ്ങള്‍ക്കിറങ്ങാതെ മൗനം തുടരുന്ന യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. രാജ്യം ഒരു പൊതു പ്രശ്‌നം നേരിടുമ്പോള്‍, സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് യൂത്ത് കോണ്‍ഗ്രസെന്നും, കെഎസ്‌യു
പാലക്കാട് മുന്‍ ജില്ലാ പ്രസിഡന്റ് എ കെ ഷാനിബ് ആരോപിച്ചു.  ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാനിബിന്റെ വിമര്‍ശനം.

ബിജെപി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ക്കെതിരെ തെരുവിലിറങ്ങേണ്ട സമയത്താണ് ഒരു മഹാപ്രസ്ഥാനത്തെ വ്യക്തിതാല്‍പര്യങ്ങളുടെയും താന്‍പോരിമയുടെയും പേരില്‍ നാവുകള്‍ക്ക് പൂട്ടിട്ട് അഭിപ്രായങ്ങള്‍ക്ക് വിലങ്ങ് വച്ച് അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുന്നത്. അതിപ്രധാനമായ പ്രത്യേകരാഷ്ട്രീയ സാഹചര്യത്തെ സുഡാപ്പികളും മറ്റും മതസംഘടനകളും മുതലെടുപ്പ് നടത്താന്‍ തെരുവിലിറങ്ങുമ്പോള്‍ നാം ഒരുമിച്ച് നിന്നാണ് മുദ്രാവാക്യം വിളിക്കേണ്ടത് എന്ന് പറയേണ്ടത് കോണ്‍ഗ്രസാണ്.

പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനാകാതെ കോണ്‍ഗ്രസിന്റെ യുവജന സംഘടന വന്ധ്യംകരിക്കപ്പെടുമ്പോള്‍ കടുത്ത നിരാശയാണ് തോന്നുന്നത്. പാര്‍ട്ടിക്ക് ദോഷമാകരുതേ എന്ന് കരുതി എത്രയാണെന്ന് വച്ചിട്ടാണ് മൗനം പാലിക്കുന്നത്? എതിരാളികള്‍ക്ക് വടികൊടുക്കരുതെന്ന ചിന്തയില്‍ എത്ര കാലം കണ്ണടയ്ക്കാനാകും? ഷാനിബ് ചോദിക്കുന്നു.

ഷാനിബിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം :

രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളാകെ പൗരത്വബില്ലിനെക്കുറിച്ച് ആശങ്കപ്പെടുമ്പോള്‍ ഞാന്‍ കൂടി അംഗമായ യൂത്ത് കോണ്‍ഗ്രസില്‍
സംഘടനാ അംഗത്വത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ തന്നെ കുരുങ്ങിക്കിടക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് അവസാനിച്ചതാണ് അംഗത്വ വിതരണം.
അന്ന് തന്നെ നിയമവിരുദ്ധമായാണ് അംഗത്വ വിതരണം നടത്തിയത്.

35 വയസ്സ് പ്രായപരിധി നിശ്ചയിക്കപ്പെട്ടിരിക്കേയാണ് 36 വയസ്സു പൂര്‍ത്തിയായവര്‍ക്ക് പോലും മെംബര്‍ഷിപ്പ് സ്വീകരിക്കാന്‍ കഴിയുമെന്ന വ്യവസ്ഥ അതില്‍ കൂട്ടിച്ചേര്‍ത്തത്.

അര്‍ഹതപ്പെട്ട അംഗീകാരം പുന:സംഘടന വൈകിയതുകൊണ്ട് ആര്‍ക്കും നിഷേധിക്കപ്പെടരുത് എന്നത് കൊണ്ടാണ് അത് നിയമവിരുദ്ധമായിരുന്നിട്ടും
പുന:സംഘടന നടക്കട്ടെ എന്ന പൊതുവികാരത്തോടൊപ്പം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഐക്യപ്പെട്ടത്.

(എന്നാല്‍ കെ.എസ്.യു.പുന:സംഘടനയുടെ സമയത്ത് അക്കാര്യം ആരും ചര്‍ച്ച ചെയ്തത് പോലുമില്ലെന്നുള്ളത് മറ്റൊരു സത്യം. അന്ന് കമ്മിറ്റിയിലുണ്ടായിരുന്ന പലരും മാസങ്ങളുടെ വ്യത്യാസത്തിലാണ് പുറത്താക്കപ്പെട്ടത്.)

യൂത്ത് കോണ്‍ഗ്രസ് മെംബര്‍ഷിപ് പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും പുതിയൊരു കമ്മിറ്റിയുണ്ടാക്കാന്‍ ഇത് വരേയുമായിട്ടില്ല.

കഴിഞ്ഞ ആഴ്ചയാണ് പത്ത് പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

എന്തായിരുന്നു ആ ലിസ്റ്റിന്റെ മാനദണ്ഡം?

കൊച്ചിയില്‍ വച്ച് രണ്ട് തവണ നടത്തിയ അഭിമുഖ പരീക്ഷയുടെ ഫലമെന്തായിരുന്നു?

ഞാനടക്കം പഴയ കെ.എസ്.യു.ജില്ലാ പ്രസിഡണ്ടുമാരേയും സംസ്ഥാന ഭാരവാഹികളേയും കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയത് ,
ഞങ്ങളുടെ ബയോഡാറ്റ വാങ്ങിയത്,
നടത്തിയ പരിപാടികളുടെ ഫോട്ടോയെടുത്ത് കൂട്ടിക്കെട്ടി കൊണ്ട് വന്ന് സമര്‍പ്പിച്ചത്....

എന്തിനായിരുന്നു?

ജനാധിപത്യ സംഘടനയ്ക്കകത്ത് ഇതൊക്കെ ഭൂഷണമാണോ എന്ന തോന്നലുള്ളപ്പോള്‍ തന്നെ ആ സംവിധാനത്തോട് സഹകരിക്കാന്‍ തീരുമാനിച്ചത് അച്ചടക്കമുള്ള സംഘടനാ പ്രവര്‍ത്തകനാകാന്‍ ആഗ്രഹമുള്ളത് കൊണ്ടാണ്.

അത് കൊണ്ട് മാത്രമാണ്
എന്തൊരു പ്രഹസനമാണ് സഹോ എന്ന് ഞങ്ങളാരും ചോദിക്കാതിരുന്നത്.

സംഘടനയ്ക്കകത്തെ കൊള്ളരുതായ്മകള്‍ക്കെതിരെ ശബ്ദിക്കാതെ നാം എങ്ങിനെയാണ് സമൂഹത്തിന് വേണ്ടി നിലകൊള്ളേണ്ടത്.

ബി.ജെ.പി.സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ക്കെതിരെ തെരുവിലിറങ്ങേണ്ട സമയത്താണ് ഒരു മഹാപ്രസ്ഥാനത്തെ വ്യക്തിതാല്‍പര്യങ്ങളുടെയും താന്‍പോരിമയുടെയും പേരില്‍ നാവുകള്‍ക്ക് പൂട്ടിട്ട് അഭിപ്രായങ്ങള്‍ക്ക് വിലങ്ങ് വച്ച് അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുന്നത്.

അതിപ്രധാനമായ പ്രത്യേകരാഷ്ട്രീയ സാഹചര്യത്തെ സുഡാപ്പികളും മറ്റും മതസംഘടനകളും മുതലെടുപ്പ് നടത്താന്‍ തെരുവിലിറങ്ങുമ്പോള്‍...

ഇത് രാജ്യത്തിന്റെ പൊതു പ്രശ്‌നമാണ്,
നാം ഒരുമിച്ച് നിന്നാണ് മുദ്രാവാക്യം വിളിക്കേണ്ടത് എന്ന് പറയേണ്ടത് കോണ്‍ഗ്രസാണ്.

ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വച്ച് ഭരണകൂടം നീങ്ങിയാല്‍ അത് രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനുമാണ് വെല്ലുവിളിയാകുന്നത്.

പ്രതിരോധം തീര്‍ക്കേണ്ടത് ഒരു വിഭാഗത്തിന്റെ മാത്രം കൂട്ടായ്മകളിലൂടെയല്ല, എല്ലാവരും ചേര്‍ന്നാണ്.

അതിന് നേതൃത്വം കൊടുക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസിനാണ്.
അതിന്റെ യുവജന സംഘടന വന്ധ്യംകരിക്കപ്പെടുമ്പോള്‍ കടുത്ത നിരാശയാണ് തോന്നുന്നത്.

പാര്‍ട്ടിക്ക് ദോഷമാകരുതേ എന്ന് കരുതി എത്രയാണെന്ന് വച്ചിട്ടാണ് മൗനം പാലിക്കുന്നത്?
എതിരാളികള്‍ക്ക് വടികൊടുക്കരുതെന്ന ചിന്തയില്‍ എത്ര കാലം കണ്ണടയ്ക്കാനാകും?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com