ഇടിച്ചുവീഴ്ത്തിയ 12 കാരനെ മരണത്തിന് വിട്ടുകൊടുത്ത ക്രൂരത ; കാറും ഡ്രൈവറും കസ്റ്റഡിയില്‍

കാര്‍ പുത്തനത്താണ് സ്വദേശി അഷ്‌റഫിന്റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു
സുജിത്ത്‌
സുജിത്ത്‌

പാലക്കാട് : കാറിടിച്ച് പരിക്കേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ കാറും, ഡ്രൈവറും പൊലീസ് പിടിയില്‍. മലപ്പുറം പുത്തനത്താണി സ്വദേശി നാസറാണ് പിടിയിലായത്. അപകടം ഉണ്ടായ സമയത്ത് ഇദ്ദേഹമാണ് വാഹനം ഓടിച്ചിരുന്നത്. കാര്‍ പുത്തനത്താണ് സ്വദേശി അഷ്‌റഫിന്റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

നാസറിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. കാറില്‍ നാലുപേരാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ചിറ്റൂരില്‍ നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകന്‍ സുജിത് (12) ആണു മരിച്ചത്. വഴിയരികില്‍ നില്‍ക്കുകയായിരുന്ന സുജിത്തിനെയാണ് കാര്‍ ഇടിച്ചുവീഴ്ത്തിയത്. ശബ്ദം കേട്ട് അയല്‍വാസിയായ പരമന്‍ ഓടിയെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായത്.

കുട്ടിയ്‌ക്കൊപ്പം പരമനും കാറില്‍ കയറി. എന്നാല്‍ വഴിമധ്യേ ടയര്‍ പഞ്ചറായി എന്നുപറഞ്ഞ് വഴിയില്‍ കുട്ടിയെ ഇവര്‍ ഇറക്കിവിടുകയായിരുന്നു. എന്നാല്‍ ടയറിന് ഒരു കുഴപ്പവും ഉണ്ടായില്ലെന്ന് പരമന്‍ പറഞ്ഞു. മാത്രമല്ല ആരും തന്റെയൊപ്പം കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനും ഇവര്‍ തയ്യാറായില്ല. ഫോണ്‍ നമ്പര്‍ പോലും നല്‍കാതെ മുങ്ങുകയായിരുന്നു. കുട്ടിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാനുള്ള തിരക്കിലായിരുന്നു താനെന്നും പരമന്‍ പറഞ്ഞു.

പിന്നീട് മറ്റൊരു വാഹനത്തില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മറ്റൊരു ആക്‌സിഡന്റില്‍പ്പെട്ട കാര്‍, അവിടെ നിന്നും രക്ഷപ്പെട്ടു വരുന്നവഴിക്കാണ് സുജിത്തിനെ ഇടിച്ചതെന്നാണ് അറിയുന്നതെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രമോദ് ആരോപിച്ചു. റോഡരുകില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് ഇടിച്ചു തെറിപ്പിച്ചത്. ഇന്നലെ വൈകിട്ടു നാലരയോടെ കൈതക്കുഴിക്ക് സമീപം വെച്ച് സുജിത്തിനെ കാര്‍ ഇടിച്ചു വീഴ്ത്തിയത്. റോഡിലേക്കു തെറിച്ചുവീണ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇടയ്ക്കു വച്ചു ടയര്‍ പഞ്ചറായെന്നു പറഞ്ഞ് ഇറക്കി വിട്ടു.

ആറ് കിലോമീറ്റര്‍ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ പറഞ്ഞതെങ്കിലും ചെവിക്കൊള്ളാതെ ഡ്രൈവര്‍ പാലക്കാട് ഭാഗത്തേക്കാണ് പോയതെന്നു പരമന്‍ പറഞ്ഞു. എന്നാല്‍, അരകിലോമീറ്റര്‍ മുന്നോട്ടു പോയപ്പോള്‍ ടയര്‍ പഞ്ചറായെന്നും, ഇറങ്ങി മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലെത്തിക്കാനും ഡ്രൈവര്‍ പറഞ്ഞു. പെട്ടെന്ന് ഇറങ്ങി എതിരെ വന്ന വാന്‍ കൈകാണിച്ചു നിര്‍ത്തി നാട്ടുകല്ലിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പരമന്‍ പറഞ്ഞു.

അപ്പുപ്പിള്ളയൂര്‍ എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ സുജിത് ക്ലാസ് കഴിഞ്ഞ ശേഷം, ഇരട്ടക്കുളത്തെ തറവാട്ടില്‍ മുത്തശ്ശന്റെ ചരമവാര്‍ഷികച്ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. ബാഗ് വീട്ടില്‍ വച്ച ശേഷം സമീപത്തു കളിക്കുകയായിരുന്ന കൂട്ടുകാരുടെ അടുത്തേക്കു പോകാന്‍ റോഡരികില്‍ നില്‍ക്കുമ്പോഴാണ് അപകടം ഉണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com