വിവാഹമോചിതര്‍ക്ക് വിധവാ പെന്‍ഷനില്ല, പുതിയ ഉത്തരവുമായി ധന വകുപ്പ്‌

വിവാഹമോചിതരും, ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുന്നവരും എത്ര വര്‍ഷമായാലും വിധവാ പെന്‍ഷന് അര്‍ഹരല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്
വിവാഹമോചിതര്‍ക്ക് വിധവാ പെന്‍ഷനില്ല, പുതിയ ഉത്തരവുമായി ധന വകുപ്പ്‌

തിരുവനന്തപുരം: വിവാഹമോചിതര്‍ക്ക് വിധവാ പെന്‍ഷന്‍ നല്‍കില്ലെന്ന് വ്യക്തമാക്കി ധനകാര്യ വകുപ്പ്. ഭര്‍ത്താവ് മരണപ്പെടുകയോ, ഏഴ് വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തിട്ടുള്ള വിധവകള്‍ക്ക് മാത്രമാണ് പെന്‍ഷന് അവകാശമുള്ളതെന്ന് ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. 

വിവാഹമോചിതരും, ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുന്നവരും എത്ര വര്‍ഷമായാലും വിധവാ പെന്‍ഷന് അര്‍ഹരല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിലവില്‍ വിധവാ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന വിവാഹ മോചിതര്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കില്ല. 7 വര്‍ഷം ഭര്‍ത്താവുമായി അകന്ന് കഴിയുന്നവര്‍ക്ക് വിധവാ പെന്‍ഷന് അര്‍ഹതയുണ്ടെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ വേര്‍പിരിഞ്ഞു താമസിക്കുക എന്നത് '7 വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാനില്ലാത്ത' എന്ന് സര്‍ക്കാര്‍ ഈ വര്‍ഷം ഭേദഗതി ചെയ്തിരുന്നു. 

ഭര്‍ത്താവ് മരിച്ചവര്‍, ഭര്‍ത്താവിന്റെ മരണസാക്ഷ്യപത്രത്തിന്റെ നമ്പര്‍, തീയതി, സാക്ഷ്യപത്രം അനുവദിച്ച തദ്ദേശ സ്ഥാപനം എന്നിവയുടെ വിവരങ്ങള്‍ ലഭ്യമാക്കണം. ഏഴ് വര്‍ഷമായി ഭര്‍ത്താവിനെ കാണാനില്ലാത്തവര്‍, റവന്യു അധികാരികളില്‍ നിന്ന് ലഭിക്കുന്ന സാക്ഷ്യപത്രത്തിന്റെ നമ്പര്‍, തിയതി, അനുവദിച്ച കാര്യാലയം എന്നിവയെ കുറിച്ച് വ്യക്തമാക്കണം. ഈ സാക്ഷ്യപത്രങ്ങളുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിനൊപ്പം, പെന്‍ഷന്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സേവന വെബ്‌പോര്‍ട്ടലില്‍ ഈ രേഖകളുടെ പകര്‍പ്പ് അപ്പ്‌ലോഡ് ചെയ്യുകയും വേണം. 

അനഹര്‍ പെന്‍ഷന്‍ കൈപ്പറ്റുന്നതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്വം സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കായിരിക്കും എന്നും ധനകാര്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെ കാര്യത്തില്‍ വ്യക്തമായ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com