പാട്ടുപാടി പ്രതിഷേധിച്ച് കടന്നപ്പള്ളി; കൈ കൊടുത്ത് പിണറായി 

പൗരത്വഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ സത്യാഗ്രഹപ്പന്തലില്‍ പാട്ടുപാടി പ്രതിഷധിച്ച് കടന്നപ്പള്ളി രാമചന്ദ്രന്‍ 
പാട്ടുപാടി പ്രതിഷേധിച്ച് കടന്നപ്പള്ളി; കൈ കൊടുത്ത് പിണറായി 


കൊച്ചി:  കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റമനസ്സായി അണിനിരന്ന് കേരളം. സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു തിരുവനന്തപുരത്ത് സംയുക്ത സത്യാഗ്രഹം.  പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ 10 മണി മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ സത്യാഗ്രഹമിരുന്ന ചടങ്ങിലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തി. സാംസ്‌കാരിക കലാസാഹിത്യ മേഖലകളിലെ നിരവധി പ്രമുഖരും അണിനിരന്നു. 

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടയുള്ള നേതാക്കന്‍മാര്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ചപ്പോള്‍ മുതിര്‍ന്ന ഗാന്ധിയനും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രന്‍ പാട്ടുപാടിയാണ് പ്രതിഷേധിച്ചത്. 'കുറി വരച്ചാലും  കുരിശു വരച്ചാലും കുമ്പിട്ടു നിസ്‌കരിച്ചാലും കാണുന്നതും ഒന്ന് കേള്‍ക്കുന്നതും ഒന്ന് കരുണാമയനാം ദൈവം ഒന്ന് ദൈവം ഒന്ന്' എന്ന പാട്ടാണ് പാടിയത്.

രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് പൗരത്വഭേദഗതി നിയമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോഴത്തെ ഗുരുതരമായ പ്രശ്‌നം കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണ്. പൗരത്വ ഭേദഗതി നിയമത്തെ കേരളം ഒറ്റെക്കട്ടായി എതിര്‍ക്കുന്നു എന്നതാണ് ഭരണപ്രതിപക്ഷ സംയുക്ത പ്രതിഷേധം കാണിക്കുന്നതെനന് പിണറായി പറഞ്ഞു. മതനിരപേക്ഷത നാട്ടില്‍ പാടില്ലെന്ന ആര്‍എസ്എസ് അജണ്ട നാടിനെ മതാതിഷ്ഠിത രാഷ്ട്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. രാജ്യത്താകെ സ്‌ഫോടാനാത്മകമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇതിലൂടെ രാജ്യത്തെ ഒരു പ്രത്യേക മാര്‍ഗത്തിലേക്ക് തിരിക്കാനുള്ള ശ്രമം നടക്കുന്നു. അത് വിലപ്പോകില്ലെന്ന് പറയാനാണ് കേരളം ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഇത്തരമൊരു നിയമത്തില്‍ സംസ്ഥാനത്തിന് തീരുമാനം എടുക്കാനാകുമോയെന്നാണ് ചിലരുടെ ആശങ്ക. രാജ്യത്തെ പൗരത്വനിയമം രൂപികരിക്കുന്നതും നിലനില്‍ക്കുന്നതും ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. സംസ്ഥാന സര്‍ക്കാരിന് പ്രതിബദ്ധത ഭരണഘടനയോടാണ്. ഭരണഘടനയോട് പ്രതിബദ്ധത പുലര്‍ത്താത്ത നടപടികളുമായി ആരുമുന്നോട്ടുവന്നാലും എതിര്‍ക്കുന്നത് ഭരണഘടനയോടുള്ള കൂറുപുലര്‍ത്തലാണ്. അര്‍എസ്എസിനെ പോലുള്ളവര്‍ സൃഷ്ടിക്കുന്ന അജണ്ടയെ അംഗീകരിക്കാന്‍ ഈ സര്‍ക്കാരിനെ കിട്ടില്ലെന്നും പിണറായി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ നടപടികള്‍ക്കൊണ്ട് രാജ്യത്താകെ ഭയാനകമായ അന്തരീക്ഷമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പലയിടത്തും മാധ്യമങ്ങള്‍ക്ക് സംസാരിക്കാന്‍ പോലും കഴിയുന്നില്ല. കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ സര്‍ക്കാരിനുവേണ്ടി മാത്രമെഴുതുന്നു. ഇത് ഗുരുതരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ എത്തിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു, 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com