ഹര്‍ത്താലില്‍ അക്രമം, കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്, ജനജീവിതത്തെ ബാധിക്കാതെ ആദ്യ മണിക്കൂറുകള്‍ 

ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കല്ലേറുണ്ടായി
ഹര്‍ത്താലില്‍ അക്രമം, കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്, ജനജീവിതത്തെ ബാധിക്കാതെ ആദ്യ മണിക്കൂറുകള്‍ 

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമിതി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുന്നു. ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കല്ലേറുണ്ടായി. ഹര്‍ത്താല്‍ പൊതുവില്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

കോഴിക്കോട് കടകള്‍ അടപ്പിക്കാനും, വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്ത് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. മൂന്നാറിലും ആലുവയിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. കാസര്‍കോട് നഗരത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. 

കോഴിക്കോട് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. പാലക്കാട് ബസ് തടയാനെത്തിയ ഇരുപത്തിയഞ്ചോളം ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാളയാറിലും ബസിന് നേരെ കല്ലേറുണ്ടായി. എറണാകുളം-വേളാങ്കണ്ണി ബസിന് നേരെയാണ് കല്ലേറുണ്ടായത്. പെരുമ്പാവൂരില്‍ റോഡ് ഉപരോധിക്കാന്‍ എത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ നഗരത്തില്‍ ഹര്‍ത്താലനുകൂലികള്‍ കടകള്‍ അടപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com