പെട്രോള്‍ പമ്പിന് തൊട്ടടുത്തുവച്ച് ഓടുന്ന ബസ്സിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തീയണച്ച് ബസ് ഓടിച്ചുമാറ്റിയപ്പോള്‍ പിന്നെയും തീപിടിച്ചു. തുടര്‍ന്ന് അഗ്‌നിരക്ഷാസേന വീണ്ടുമെത്തിയാണ് തീയണച്ചത്
പെട്രോള്‍ പമ്പിന് തൊട്ടടുത്തുവച്ച് ഓടുന്ന ബസ്സിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോട്ടയം: പൊന്‍കുന്നത്ത് പെട്രോള്‍ പമ്പിന് സമീപം വെച്ച് ഓട്ടത്തിനിടയില്‍ സ്വകാര്യബസ്സിന്റെ എന്‍ജിന്‍ഭാഗത്ത് നിന്ന് തീയും പുകയും ഉയര്‍ന്നു. ഉടന്‍ തന്നെ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. എന്നാല്‍ തീയണച്ച് ബസ് ഓടിച്ചുമാറ്റിയപ്പോള്‍ പിന്നെയും തീപിടിച്ചു. തുടര്‍ന്ന് അഗ്‌നിരക്ഷാസേന വീണ്ടുമെത്തിയാണ് തീയണച്ചത്.

കോട്ടയം നെടുങ്കണ്ടം റൂട്ടിലോടുന്ന സെന്റ് തോമസ് ബസ്സില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. തച്ചാറ ഭാരത് പെട്രോളിയം പമ്പിന് മുന്‍പില്‍ വെച്ച് ആദ്യം തീപടര്‍ന്നത്. പൊന്‍കുന്നം ബസ് സ്റ്റാന്‍ഡില്‍ നിന്ന് നെടുങ്കണ്ടത്തേക്ക് പുറപ്പെട്ട് നിമിഷങ്ങള്‍ക്കകമായിരുന്നു സംഭവം. പമ്പിന് 20 മീറ്റര്‍ മാത്രം അകലെയുണ്ടായ തീപിടിത്തം സ്ഥലത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. 

ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയപ്പോഴേക്കും സമീപത്തെ തച്ചാറ പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ അഗ്‌നിശമന ഉപകരണങ്ങളുമായെത്തി തീയണച്ചു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തിയപ്പോഴേക്കും പമ്പിലെ ജീവനക്കാര്‍ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. തീയണച്ച് എല്ലാവരും മടങ്ങിയതിന് ശേഷം യാത്രക്കാരില്ലാതെ ബസ് മാറ്റിയിടാന്‍ മുമ്പോട്ടെടുത്ത് നൂറുമീറ്റര്‍ പിന്നിട്ടപ്പോഴേക്കും വീണ്ടും തീപിടിക്കുകയായിരുന്നു. പാതിവഴിയെത്തിയ അഗ്‌നിരക്ഷാസേനയെ തിരിച്ചുവിളിച്ച് വീണ്ടും തീയണച്ചു. സംഭവത്തെ തുടര്‍ന്ന് കെ.കെ.റോഡില്‍ അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com