കേരളത്തിലെ ജനസംഖ്യ 2036ൽ 3.69 കോടിയിലെത്തും; കുട്ടികളുടെ എണ്ണം കുറയും പ്രായമായവർ കൂടും

കേരളത്തിന്റെ ജനസംഖ്യ 2036ൽ 3.69 കോടിയിലെത്തുമെന്ന് കേന്ദ്ര ജനസംഖ്യാ കമ്മീഷൻ റിപ്പോർട്ട്
കേരളത്തിലെ ജനസംഖ്യ 2036ൽ 3.69 കോടിയിലെത്തും; കുട്ടികളുടെ എണ്ണം കുറയും പ്രായമായവർ കൂടും

തിരുവനന്തപുരം: കേരളത്തിന്റെ ജനസംഖ്യ 2036ൽ 3.69 കോടിയിലെത്തുമെന്ന് കേന്ദ്ര ജനസംഖ്യാ കമ്മീഷൻ റിപ്പോർട്ട്. കുട്ടികളുടെയും യുവാക്കളുടെയും മധ്യവയസ്കരുടെയും എണ്ണം ഓരോ വർഷവും കുറയുകയും പ്രായമായവരുടെ എണ്ണം കൂടുകയും ചെയ്യുമെന്ന് കമ്മീഷൻ പുറത്തിറക്കിയ ജനസംഖ്യാ അവലോകന റിപ്പോർട്ടിൽ പറയുന്നു. പുരുഷന്മാരുടെ ശരാശരി ആയുസ് നിലവിലെ 72.99 വയസ് എന്നത് 74.49 ആകും. സ്ത്രീകളുടെ ആയുർ ദൈർഘ്യം 80.15 ആയി കൂടും. നിലവിൽ ഇത് 78.65 ആണെന്നും റിപ്പോർട്ടിലുണ്ട്. 

കേരളത്തിലെ ജനസംഖ്യാ വർധനയുടെ തോത് നിലവിലെ 5.2 ൽ നിന്ന് 1.4 ആയി കുറയും. എന്നാൽ, ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 951 ആയി ഉയരും. ജനന നിരക്ക് കുറയുകയും ആയുസ് വർധിക്കുകയും ചെയ്യുന്നതിനാൽ മലയാളികളുടെ ശരാശരി പ്രായം നിലവിലെ 33.51 ൽ നിന്ന് 39.5 ആകും. 14 വയസിനു താഴെയുള്ളവരുടെ എണ്ണം നിലവിലെ 75 ലക്ഷത്തിൽ നിന്ന് 65 ലക്ഷമാകും. ആകെ ജനസംഖ്യയുടെ 21.8% ആണ് ഇപ്പോൾ കുട്ടികളുടെ എണ്ണം. ഇത്17.7% ആകും. 15– 59 പ്രായ പരിധിയിലുള്ളവരുടെ എണ്ണം 22.39 ലക്ഷത്തിൽ നിന്ന് 21.97 ലക്ഷമായി കുറയും. അതേസമയം, 60 ന് മുകളിൽ പ്രായമായവരുടെ എണ്ണം 50 ലക്ഷത്തിൽ നിന്ന് 84 ലക്ഷമാകും.

വയോധികരുടെ എണ്ണം ഇപ്പോൾ ജനസംഖ്യയുടെ 14.5% എന്നതിൽ നിന്ന് 22.8% ആകും. അതായത് കേരളത്തിലെ അഞ്ചിലൊരാൾ 60 വയസിനു മുകളിലുള്ളയാളായിരിക്കും. കുട്ടികളും വയോധികരും ഉൾപ്പെടുന്ന ആശ്രിത വിഭാഗത്തിന്റെ തോത് നിലവിൽ 569 ആണെങ്കിൽ 16 വർഷത്തിനകം 681 ആയി വർധിക്കും. ശിശു മരണ നിരക്കിൽ കേരളം ഇന്ത്യയിലെ ഒന്നാം സ്ഥാനം നിലനിർത്തുകയും മെച്ചപ്പെടുത്തുകയും (11 ൽ നിന്ന് 9 ൽ എത്തും) ചെയ്യുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

2016ലെ കണക്കനുസരിച്ച് 3.45 കോടിയായിരുന്നു കേരളത്തിലെ ജനസംഖ്യ. പുരുഷന്മാർ 1.65 കോടിയും സ്ത്രീകൾ 1.79 കോടിയുമാണ്. സ്ത്രീ, പുരുഷ അനുപാതം 1084. ജന സാന്ദ്രത 890. ജനന നിരക്ക് 13.4. മരണ നിരക്ക് 7.7

2036ലെ സാധ്യതാ ജനസംഖ്യ 3.69 കോടി. പുരുഷന്മാരുടെ എണ്ണം 1.77 കോടിയും സ്ത്രീകൾ 1.91 കോടിയുമായിരിക്കും. സ്ത്രീ, പുരുഷ അനുപാതം 1079. ജന സാന്ദ്രത 951. ജനന നിരക്ക് 11.7. മരണ നിരക്ക് 9.7. 

രാജ്യത്തെ ജന സംഖ്യ 25 വർഷം കൊണ്ട് 25% വർധിക്കും. ഇന്ത്യയിലെ ജന സംഖ്യ 2036 ൽ 151.8 കോടിയാകുമെന്ന് റിപ്പോർട്ട് കണക്കുകൂട്ടുന്നു. അവസാനം സെൻസസ് നടന്ന 2011 ൽ 121.1 കോടിയായിരുന്നു ജനസംഖ്യ. 25 വർഷത്തിനിടെ 25% വർധന. ആകെ വർധിക്കുന്ന 31 കോടിയിൽ 17 കോടിയും ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായിരിക്കും. അതേസമയം കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി ഈ കാലയളവിലെ ജനസംഖ്യാ വർധന 2.9 കോടിയിലൊതുങ്ങും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com