ക്രിസ്തുമസിന് കൈപൊളളും, ഇറച്ചിക്കും മീനിനും 'തീവില'; കരിമീന്‍ 600, നെയ്മീന്‍ 700, ആട്ടിറച്ചി 600

ക്രിസ്തുമസ്-പുതുവത്സര കാലത്ത് ഇറച്ചിക്കും മീനിനും വിപണിയില്‍ വിലക്കയറ്റം
ക്രിസ്തുമസിന് കൈപൊളളും, ഇറച്ചിക്കും മീനിനും 'തീവില'; കരിമീന്‍ 600, നെയ്മീന്‍ 700, ആട്ടിറച്ചി 600

കൊച്ചി: ക്രിസ്തുമസ്-പുതുവത്സര കാലത്ത് ഇറച്ചിക്കും മീനിനും വിപണിയില്‍ വിലക്കയറ്റം. പച്ചക്കറികളുടെ ക്രമാതീതമായ വില വര്‍ധനയില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ഇറച്ചിക്കും മീനിനും വില കൂടുന്നത് ഇരുട്ടടിയായി.നോമ്പുകാലത്ത് അല്‍പ്പം കുറഞ്ഞിരുന്ന വില ക്രിസ്മസ് അടുത്തതോടെ കുതിച്ചുയരുകയായിരുന്നു. 

പത്തു ദിവസത്തിനിടെ ചിലയിനം മീനിന് കിലോയ്ക്കു 100 രൂപ വരെ വര്‍ധിച്ചു. ഇറച്ചിക്കോഴി വില രണ്ടാഴ്ച കൊണ്ട് 15 രൂപ വരെ കൂടി.കരിമീന് 600 രൂപയാണു വിപണിവില. വലിപ്പം കുറഞ്ഞ കരിമീനിനു പോലും 500 രൂപ നല്‍കണം. നാടന്‍ കരിമീന്‍ കിട്ടാനില്ലെന്നാണ് വിലവര്‍ധനയ്ക്ക് വ്യാപാരികളുടെ ന്യായീകരണം. ക്ഷാമത്തിന്റെ മറവില്‍ രുചിയും ഗുണവും കുറഞ്ഞ ആന്ധ്രാ കരിമീന്‍ വ്യാപകമായി ഉയര്‍ന്ന വിലയ്ക്കു വില്‍ക്കുന്നുണ്ട്.

കേര വില 220- 250 രൂപയായി. വിപണിയില്‍ കുറവായ കാളാഞ്ചിയുടെ വില 700 കടന്നു. നെയ്മീനിന്റെ വില 700 രൂപയ്ക്കു മുകളിലാണ്. മത്തി 150, അയല  180, കിളി  150 എന്നിങ്ങനെയാണ് മറ്റു മീനുകളുടെ വില.ഇറച്ചിക്കോഴിക്ക് 105 രൂപയില്‍ കൂടുതലായി. പോത്തിറച്ചി ചിലയിടങ്ങളില്‍ 10 രൂപ വര്‍ധിച്ച് 350 രൂപയായി. ആട്ടിറച്ചിക്ക് കിലോയ്ക്ക് 600 രൂപ നല്‍കണം. പന്നിയിറച്ചി 230 -250 രൂപ നിരക്കിലാണ് വില്‍പ്പന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com