കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ 57 സേവനങ്ങൾ ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ; ‘എം കേരളം’ മൊബൈൽ ആപ്ലിക്കേഷൻ

സംസ്ഥാന സർക്കാരിന്റെ ‘എം കേരളം’ മൊബൈൽ ആപ്ലിക്കേഷൻ പരിഷ്കരിച്ചു
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ 57 സേവനങ്ങൾ ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ; ‘എം കേരളം’ മൊബൈൽ ആപ്ലിക്കേഷൻ

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ‘എം കേരളം’ മൊബൈൽ ആപ്ലിക്കേഷൻ പരിഷ്കരിച്ചു. കേന്ദ്ര സർക്കാർ സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ആപ്ലിക്കേഷൻ പരിഷ്കരിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കൽ, പരാതി അറിയിക്കൽ, അടിയന്തര സാഹചര്യത്തിൽ സഹായം ആവശ്യപ്പെടൽ തുടങ്ങി 57 സേവനങ്ങൾ ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. 

നമ്പർ ഡയൽ ചെയ്യാതെ തന്നെ ആപ്ലിക്കേഷനിൽ സേവനം ആവശ്യമുള്ള ഭാഗത്ത് ക്ലിക്ക് ചെയ്താൽ ബന്ധപ്പെട്ട സേവന കേന്ദ്രത്തിലേക്കു കോൾ കണക്ട് ആകും. ഇപ്പോഴുള്ള ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്താൽ ഈ സൗകര്യങ്ങൾ ലഭ്യമാകും. 

ദേശീയ പൗരത്വ രജിസ്ട്രേഷൻ, വിമുക്ത ഭടൻമാരുടെ ആനുകൂല്യങ്ങൾ, റേഷൻ കാർഡ് പുതുക്കൽ, ആധാർ, വോട്ടർ ഐഡി കാർഡ്, ലൈഫ് മിഷൻ, തൊഴിലുറപ്പ്, ജിഎസ്ടി, പ്രധാൻമന്ത്രി ജൻധൻ യോജന, ആരോഗ്യ ഇൻഷുറൻസ്, പിഎസ്‍സി, സർവകലാശാല, പ്രൊഫഷണൽ കോഴ്സുകൾ, കുടുംബശ്രീ, ഉപഭോക്തൃ തർക്ക പരിഹാരം തുടങ്ങിയവ സംബന്ധിച്ച സംശയങ്ങളും പരാതികളും അറിയിക്കാനുള്ള സൗകര്യം അടക്കം 41 സേവനങ്ങൾ പുതുതായി ഉൾപ്പെടുത്തി. പരാതി രജിസ്റ്റർ ചെയ്ത വിവരം അപ്പോൾ തന്നെ അറിയാം. സ്വീകരിച്ച നടപടി സംബന്ധിച്ച വിവരം 14 ദിവസത്തിനകം മൊബൈലിൽ സന്ദേശമായെത്തും.

ലഭ്യമാകുന്ന സേവനങ്ങൾ

1 മാനസിക, ശാരീരിക പ്രശ്നങ്ങൾക്കു വിദഗ്ധ ഡോക്ടർമാരോട് 24 മണിക്കൂറും സംശയം ചോദിക്കാം. വിദ്യാർഥികൾക്കും മുതിർന്നവർക്കും കൗൺസലിങ്. ക്ഷേമ പദ്ധതികളെക്കുറിച്ചും അറിയാം.

2 ജോലി സാധ്യതയുള്ള കോഴ്സുകൾ, പഠിപ്പിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ, ഫീസ് ആനുകൂല്യം, വായ്പ എന്നിവ അറിയാം.

3 കാട്ടുമൃഗ ശല്യം, ആക്രമണം, കൃഷി നശിപ്പിക്കൽ തുടങ്ങി പരാതികൾ അറിയിക്കാൻ വനം വകുപ്പിന്റെ ഹെൽപ് ലൈൻ

4 വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് അറിയാനും സർക്കാരിന്റെ താമസ, യാത്രാ സൗകര്യങ്ങൾ ബുക്ക് ചെയ്യാനും സൗകര്യം

5 പൊതുമരാമത്ത് റോഡ്, പാലം, കെട്ടിടം എന്നിവ സംബന്ധിച്ച പരാതികൾ അറിയിക്കാം.

6 കൃഷി രീതികൾ, വിള രോഗം, കർഷക പദ്ധതികൾ എന്നിവ അറിയാം. പരാതികൾ അറിയിക്കാനും സംശയം തീർക്കാനും സൗകര്യം.

7 ആംബുലൻസ്, പൊലീസ്, അഗ്നിരക്ഷാ സേന, നിർഭയ, ഷീ ടാക്സി, ഹൈവേ പൊലീസ്, വനിത സെൽ, റെയിൽവേ സുരക്ഷാ സേന തുടങ്ങിവയെ ബന്ധപ്പെടേണ്ട വിഭാഗങ്ങൾ.

8 വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് തുടങ്ങി 23 തരം സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com