എത്ര അനായാസമായാണ് നിങ്ങള്‍ ചോദിച്ചു കളഞ്ഞത്?, യുവതി പ്രവേശനത്തില്‍ പൃഥ്വിരാജിനെ വിമര്‍ശിച്ച് സുപ്രിംകോടതി അഭിഭാഷക

ശബരിമല യുവതി പ്രവേശനത്തിനെതിരെ നിലപാട് സ്വീകരിച്ച നടന്‍ പൃഥ്വിരാജിനെ വിമര്‍ശിച്ച് സുപ്രിംകോടതി അഭിഭാഷക രശ്മിത രാമചന്ദ്രന്‍
എത്ര അനായാസമായാണ് നിങ്ങള്‍ ചോദിച്ചു കളഞ്ഞത്?, യുവതി പ്രവേശനത്തില്‍ പൃഥ്വിരാജിനെ വിമര്‍ശിച്ച് സുപ്രിംകോടതി അഭിഭാഷക

കൊച്ചി: ശബരിമല യുവതി പ്രവേശനത്തിനെതിരെ നിലപാട് സ്വീകരിച്ച നടന്‍ പൃഥ്വിരാജിനെ വിമര്‍ശിച്ച് സുപ്രിംകോടതി അഭിഭാഷക രശ്മിത രാമചന്ദ്രന്‍. 'എത്ര അനായാസമായാണ് നിങ്ങള്‍ ചോദിച്ചു കളഞ്ഞത് സ്ത്രീകള്‍ക്ക് പോകാന്‍ എത്ര അമ്പലങ്ങളുണ്ട്, ശബരിമലയില്‍ ചെന്ന് അവിടുത്തെ സമാധാനം എന്തിനു നശിപ്പിക്കുന്നുവെന്ന്' - രശ്മിത രാമചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശബരിമലയില്‍ ദര്‍ശനം നടത്തുന്ന സ്ത്രീകളാണോ അതോ അവരെ തടയാനും ഉപദ്രവിക്കാനും അവരുടെ തലയില്‍ തേങ്ങ ഉടയ്ക്കാനും മലയില്‍ തമ്പടിച്ച സാമൂഹികദ്രോഹികളാണോ അവിടുത്തെ സമാധാനം നശിപ്പിക്കുന്നത്? നിങ്ങള്‍ എത്ര പെട്ടെന്നാണ്  മലയില്‍ കയറിയാല്‍ സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തുമെന്നു ശഠിക്കുന്ന ' ന്യൂ നോര്‍മല്‍സിയെ ' ആലിംഗനം ചെയ്തത്? നിങ്ങളുടെ സഹോദരിയോ കൂട്ടുകാരിയോ അമ്മയോ മകളോ ഭാര്യയോ രാത്രി വൈകി യാത്ര ചെയ്യുമ്പോള്‍ ആക്രമിക്കപ്പെട്ടാല്‍ നിങ്ങള്‍ അവരോടു ചോദിക്കുമോ സാമൂഹിക ദ്രോഹികളെക്കൊണ്ട് നിയമം ലംഘിപ്പിക്കാനായി അവര്‍ എന്തിനു രാത്രി പുറത്തിറങ്ങി നടന്നുവെന്ന്?- രശ്മിത രാമചന്ദ്രന്‍ കുറിച്ചു.

'അഭിനയിച്ച സിനിമകളേക്കാള്‍, സിനിമയിലും പുറത്തും എടുത്ത നിലപാടുകളായിരുന്നു നിങ്ങളെ ഞങ്ങളുടെ പ്രിയങ്കരനാക്കിയത്..... സൂപ്പര്‍ സ്റ്റാര്‍ ആധിപത്യത്തിനെതിരെ പറയാതെ പറഞ്ഞതും, നടിയുടെ അന്തസ്സിനൊപ്പം പറഞ്ഞുതന്നെ നിന്നതും ഞങ്ങള്‍ ആരവങ്ങളോടുകൂടെത്തന്നെയാണ് സ്വീകരിച്ചത്. പൃഥ്വി രാജെന്ന നടനൊപ്പം നിലപാടുകള്‍ എന്നു കൂടെ ഞങ്ങള്‍ ചേര്‍ത്തു വായിച്ചു ' - രശ്മിത പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട പൃഥ്വിരാജ്,
നിങ്ങള്‍ അഭിനയിച്ച സിനിമകളേക്കാള്‍ നിങ്ങള്‍ സിനിമയിലും പുറത്തും എടുത്ത നിലപാടുകളായിരുന്നു നിങ്ങളെ ഞങ്ങളുടെ പ്രിയങ്കരനാക്കിയത്..... സൂപ്പര്‍ സ്റ്റാര്‍ ആധിപത്യത്തിനെതിരെ പറയാതെ പറഞ്ഞതും, നടിയുടെ അന്തസ്സിനൊപ്പം പറഞ്ഞുതന്നെ നിന്നതും ഞങ്ങള്‍ ആരവങ്ങളോടുകൂടെത്തന്നെയാണ് സ്വീകരിച്ചത്. പൃഥ്വി രാജെന്ന നടനൊപ്പം നിലപാടുകള്‍ എന്നു കൂടെ ഞങ്ങള്‍ ചേര്‍ത്തു വായിച്ചു...... നിങ്ങളുടെ നിലപാടുകളില്‍ ' ന്യൂ നോര്‍മലിനെ ' സ്വീകരിക്കാത്ത കരളുറപ്പുള്ള, ബോധ്യങ്ങളുള്ള ഒരു ചെറുപ്പക്കാരനെ ഞങ്ങള്‍ കണ്ടു.... എന്നാല്‍, ഇന്നലെ.............!
എത്ര അനായാസമായാണ് നിങ്ങള്‍ ചോദിച്ചു കളഞ്ഞത് സ്ത്രീകള്‍ക്ക് പോകാന്‍ എത്ര അമ്പലങ്ങളുണ്ട്, ശബരിമലയില്‍ ചെന്ന് അവിടുത്തെ സമാധാനം എന്തിനു നശിപ്പിക്കുന്നുവെന്ന്!

 ശബരിമലയില്‍ ദര്‍ശനം നടത്തുന്ന സ്ത്രീകളാണോ അതോ അവരെ തടയാനും ഉപദ്രവിക്കാനും അവരുടെ തലയില്‍ തേങ്ങ ഉടയ്ക്കാനും മലയില്‍ തമ്പടിച്ച സാമൂഹികദ്രോഹികളാണോ അവിടുത്തെ സമാധാനം നശിപ്പിക്കുന്നത്? നിങ്ങള്‍ എത്ര പെട്ടെന്നാണ്  മലയില്‍ കയറിയാല്‍ സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തുമെന്നു ശഠിക്കുന്ന ' ന്യൂ നോര്‍മല്‍ സിയെ ' ആലിംഗനം ചെയ്തത്? നിങ്ങളുടെ സഹോദരിയോ കൂട്ടുകാരിയോ അമ്മയോ മകളോ ഭാര്യയോ രാത്രി വൈകി യാത്ര ചെയ്യുമ്പോള്‍ ആക്രമിക്കപ്പെട്ടാല്‍ നിങ്ങള്‍ അവരോടു ചോദിക്കുമോ സാമൂഹിക ദ്രോഹികളെക്കൊണ്ട് നിയമം ലംഘിപ്പിക്കാനായി അവര്‍ എന്തിനു രാത്രി പുറത്തിറങ്ങി നടന്നുവെന്ന്? അതേ സമയം വീട്ടിനകത്തു സുരക്ഷിതമായി അവര്‍ക്കു ചെയ്യാമായിരുന്ന എത്ര മനോഹരമായ ഉത്തരവാദിത്വങ്ങള്‍ ഉണ്ടായിരുന്നുവെന്ന്? നിങ്ങളുടെ ഒരു സഹപ്രവര്‍ത്തക തൊഴിലിടത്തില്‍ അപമാനിക്കപ്പെട്ടാല്‍ നിങ്ങള്‍ ചോദിക്കുമോ എന്തിനാണ് അവര്‍ ഈ തൊഴില്‍ തന്നെ തിരഞ്ഞെടുത്തത്, ഇങ്ങനെ അപമാനിക്കപ്പെടാത്ത / ചൂഷണം ചെയ്യപ്പെടാത്ത എത്രയോ തൊഴില്‍ മേഖലകള്‍ വേറെ എത്രയോ ഉണ്ടായിരുന്നെന്ന്? നിങ്ങള്‍ അതു ചോദിക്കില്ല.... കാരണം നിങ്ങള്‍ക്കറിയാം ഇന്ത്യന്‍ ഭരണഘടന ഒരു സ്ത്രീക്ക് അന്തസ്സോടെ തുല്യതയോടെ തൊഴില്‍ ചെയ്യാനും സഞ്ചരിക്കാനും അവകാശം നല്കുന്നുണ്ട് എന്ന്.. എന്നാല്‍ നിങ്ങള്‍ക്ക് ഒരു പക്ഷേ അറിയില്ലായിരിക്കാം അതേ ഭരണഘടന സ്ത്രീക്ക് അവള്‍ക്കിഷ്ടമുള്ള ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം/അവകാശം കൂടെ നല്കുന്നുണ്ട് എന്ന്.... ഭരണഘടനയുടെ ആമുഖത്തില്‍ [ പ്രിയാമ്പിളില്‍ ] ത്തന്നെ അതു പറയുന്നുണ്ട്....
'വീ ദ പീപ്പ്ള്‍ ഓഫ് ഇന്ത്യ ഹാവിംഗ് സോളം ലി റിസോള്‍വ് ഡ് ടു കോണ്‍സ്റ്റിറ്റിയൂട്ട് ഇന്ത്യ ഇന്റു എ സോവ റെയ്ന്‍ സോഷ്യലിസ്റ്റ് സെകുലര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ആന്‍ഡ് ടു സെക്യുര്‍ ടു ഓള്‍ ഇറ്റ്‌സ് സിറ്റിസണ്‍സ് ......
.................
ലിബര്‍ട്ടി ഓഫ് തോട്ട്, എക്‌സ്പ്രഷന്‍ ,ബിലീഫ്, ഫെയ്ത് ആന്‍ഡ് എക്‌സ്പ്രഷന്‍......'

ചിന്തയുടെ സ്വയം പ്രകാശനത്തിന്റെ  വിശ്വാസത്തിന്റെ ഒക്കെ സ്വാതന്ത്ര്യം പൗരര്‍ എന്ന നിലയില്‍ സ്ത്രീക്കും പുരുഷനും രണ്ടല്ല എന്നിനി പ്രത്യേകിച്ചു പറയണ്ടല്ലോ? അപ്പോള്‍ സ്ത്രീകള്‍ മറ്റമ്പലങ്ങള്‍ കൊണ്ട് തൃപ്തി അടയണം എന്ന താങ്കളുടെ ആഹ്വാനത്തിന്റെ യുക്തി എന്താണ്?

പിന്നെ, ചരിത്രത്തില്‍ എന്നും ഇതുപോലെയുള്ള യുക്തിരഹിത ആഹ്വാനങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട് കേട്ടോ ! സ്വാതന്ത്ര്യ സമരമെന്തിന്, ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരുടെയും കാര്യങ്ങള്‍ വേണ്ട പോലെ നോക്കുന്നുണ്ടല്ലോ എന്നു ചോദിച്ച ' എലീറ്റുകള്‍ 'ക്ക് ചെവികൊടുക്കാതെ സ്വാതന്ത്ര്യത്തില്‍ കുറഞ്ഞൊന്നും ഞങ്ങള്‍ക്കു വേണ്ട എന്നു കരുതി സമരം ചെയ്ത അന്തസ്സുള്ള ഇന്ത്യക്കാര്‍ മൂലമാണ് നാം ഇന്ത്യന്‍ പൗരന്മാരായി സ്വതന്ത്ര ഇന്ത്യയില്‍ നെഞ്ചുവിരിച്ചു നടക്കുന്നത്..... അതു കൊണ്ടാണ് നമ്മളില്‍ ച്ചിലര്‍ വാങ്ങുന്ന കോടികളുടെ ലമ്പോഗിനി ഓടിക്കാന്‍ പാകത്തില്‍ വീട്ടറ്റം വരെയുള്ള റോഡു നന്നാക്കണമെന്ന് സര്‍ക്കാരിനോട് പൗരന്‍ എന്ന നിലയില്‍ ആവശ്യപ്പെടാന്‍ കഴിയുന്നത്! സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഔദാര്യങ്ങള്‍ അല്ലാതെ, പൗരന്റെ അവകാശങ്ങള്‍ ആകുന്നത്!
അതു കൊണ്ട്....
 നടക്കാന്‍ മൂന്നു ചുറ്റും വഴിയുണ്ടായിട്ടും നാലാമത്തെ വഴി ജാതി താഴ്മയുടെ പേരില്‍ അടച്ചപ്പോള്‍ അന്തസ്സും ചോരത്തിളപ്പുമുള്ളവര്‍ സമരം ചെയ്തു നാലാമത്തെ വഴി തുറപ്പിച്ച നാട്ടില്‍, പലവക അമ്പലങ്ങളില്‍ പ്രവേശനമുണ്ടായിട്ടും ഗുരുവായൂര്‍ അമ്പലത്തില്‍ പ്രവേശനം നിഷേധിച്ചപ്പോള്‍  അതിനെതിരെ ഉശിരോടെ സമരം നയിച്ചവരുടെ നാട്ടില്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം പൃഥ്വിരാജ് സുകുമാരന്‍ ഇങ്ങനെ ഒരു യുക്തിരഹിത ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു.
എന്ന് അന്തസ്സുള്ള ഒരു ഇന്ത്യന്‍ പൗര
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com