'അധികാരം ഉണ്ടെന്ന് കരുതി എന്തും പറയരുത് ; കോടിയേരി അതിരു കടക്കുന്നു' ; മറുപടിയുമായി എന്‍എസ്എസ്

കോടിയേരിക്ക് തക്ക മറുപടിയുണ്ട്. എന്നാല്‍ കോടിയേരിയുടെ ഭാഷയില്‍ മറുപടി പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍
'അധികാരം ഉണ്ടെന്ന് കരുതി എന്തും പറയരുത് ; കോടിയേരി അതിരു കടക്കുന്നു' ; മറുപടിയുമായി എന്‍എസ്എസ്

കോട്ടയം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ് രംഗത്ത്. കോടിയേരി അതിരു കടക്കുന്നു. അധികാരം ഉണ്ടെന്ന് കരുതി എന്തും പറയരുതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. കോടിയേരിക്ക് തക്ക മറുപടിയുണ്ട്. എന്നാല്‍ കോടിയേരിയുടെ ഭാഷയില്‍ മറുപടി പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

എന്‍എസ്എസില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അത് നേരിടും. വിശ്വാസ സംരക്ഷണത്തിലെ വൈരുദ്ധ്യമാണ് അകല്‍ച്ചയ്ക്ക് കാരണമെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. എന്‍എസ്എസിനെ മാടമ്പികളെന്ന് വിളിച്ച കോടിയേരിയുടെ പ്രസ്താവനക്കൈതിരെയാണ് സുകുമാരന്‍ നായര്‍ രൂക്ഷമായി പ്രതികരിച്ചത്.
 

എന്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് രംഗത്ത് വന്നിരുന്നു. മാടമ്പികളുടെ പിന്നാലെ പോകേണ്ട ഗതികേട് സിപിഎമ്മിനില്ല. മാടമ്പിത്തരം മനസ്സില്‍ വെച്ചാല്‍ മതി. എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ പോകേണ്ട അവസ്ഥയില്ല. തമ്പ്രാക്കന്മാരുടെ നിലപാടാണ് എന്‍എസ്എസിനുള്ളതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

ചില സമുദായത്തിലെ നേതാക്കള്‍ മാത്രമാണ് സര്‍ക്കാരിനെതിരെയുള്ളത്. എല്ലാ സമുദായത്തിലെയും തൊഴിലാളികളും സാധാരണക്കാരുമെല്ലാം ഇടതുപക്ഷത്തിനൊപ്പമാണ്. ഇതാണ് ഇടതുപക്ഷത്തിന്റെ കരുത്തെന്നും കോടിയേരി പറഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തള്ളിക്കളഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്‍എസ്എസിനെതിരെ കോടിയേരി കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com