അഴിച്ചുപണിയ്ക്ക് കോൺ​ഗ്രസ് ; 'ഒരാൾക്ക് ഒരു പദവി' പരി​ഗണനയിൽ ; നേതൃത്വത്തിൽ വൻ മാറ്റങ്ങൾക്ക് സാധ്യത

പുതിയ ഭാരവാഹികളായി എംപിമാരെയും എംഎൽഎമാരെയും പരിഗണിക്കേണ്ടെന്ന നിർദേശം നേതൃത്വത്തിന്റെ സജീവ പരിഗണനയിലുണ്ട്
അഴിച്ചുപണിയ്ക്ക് കോൺ​ഗ്രസ് ; 'ഒരാൾക്ക് ഒരു പദവി' പരി​ഗണനയിൽ ; നേതൃത്വത്തിൽ വൻ മാറ്റങ്ങൾക്ക് സാധ്യത

തിരുവനന്തപുരം : കോൺ​ഗ്രസ് പുനഃസംഘടന ലക്ഷ്യമിട്ട് കെപിസിസി രാഷ്ട്രീയകാര്യസമിതി യോ​ഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കെപിസിസി പുനഃസംഘടനയുടെ മാനദണ്ഡങ്ങൾ ചർച്ച ചെയ്യാനാണ് യോ​ഗം. പുതിയ ഭാരവാഹികളായി എംപിമാരെയും എംഎൽഎമാരെയും പരിഗണിക്കേണ്ടെന്ന നിർദേശം നേതൃത്വത്തിന്റെ സജീവ പരിഗണനയിലുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റായപ്പോൾ കൂടെ വർക്കിങ് പ്രസിഡന്റുമായവരുടെ കാര്യത്തിലും ഇതു ബാധകമാക്കിയാൽ ആ നിരയിൽ സമ്പൂർണമാറ്റമുണ്ടാകും.

‘ഒരാൾ ഒരു പദവി’ തത്വം പ്രാവർത്തികമാക്കാൻ വീണ്ടും ആലോചനയുണ്ട്. അന്തരിച്ച എം ഐ ഷാനവാസ് ആയിരുന്നു ഒരു വർക്കിം​ഗ് പ്രസിഡന്റ്.   കെ സുധാകരനും കൊടിക്കുന്നിൽ സുരേഷുമാണ് മറ്റ് വർക്കിങ് പ്രസിഡന്റുമാർ. ഇവർ രണ്ടുപേരും എംപിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് പകരം പുതിയ നേതാക്കളെ തെരഞ്ഞെടുത്തേക്കും. അല്ലെങ്കിൽ വർക്കിം​ഗ് പ്രസിഡന്റ് പദവി ഒഴിവാക്കാനും സാധ്യതയുണ്ട്. 

ജംബോ സമിതി വേണ്ടെന്ന കാര്യത്തിൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ നടത്തിയ കൂടിയാലോചനകളിൽ ധാരണയായിട്ടുണ്ട്. അതേസമയം നിലവിലുള്ള ഭാരവാഹികളി‍ൽ എല്ലാവരെയും ഒഴിവാക്കണോയെന്നതിൽ അന്തിമതീരുമാനമായിട്ടില്ല. ഗ്രൂപ്പ് വിലപേശലുകളും ഭാരവാഹിത്വത്തിനുള്ള സമ്മർദങ്ങളും മുറുകുമ്പോൾ വീണ്ടും മറ്റൊരു ജംബോസമിതി തന്നെ രൂപംകൊള്ളുമോയെന്ന ആശങ്ക അകറ്റേണ്ട ചുമതല രാഷ്ട്രീയകാര്യ സമിതിക്കുണ്ട്. ഭാരവാഹി എണ്ണം സംബന്ധിച്ച് ഇന്നു ധാരണയുണ്ടായേക്കും. 

ഡിസിസി പ്രസിഡന്റ് പദത്തിൽ നിന്ന് സമീപകാലത്തു മാറുകയും പാർട്ടിയിൽ മറ്റു പദവികളൊന്നുമില്ലാതെ നിൽക്കുകയും ചെയ്യുന്നവർ ഇതിനിടെ ഗ്രൂപ്പ് വ്യത്യാസമെല്ലാം മറന്ന് ഒരുമിച്ചു നീങ്ങാനാരംഭിച്ചു. കെപിസിസി ഭാരവാഹിത്വത്തിലേക്കു തങ്ങളെ പരിഗണിക്കണമെന്ന് ഇവർ പ്രതിനിധി സംഘമായി ഉമ്മൻചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരെ പ്രത്യേകം കണ്ട് ആവശ്യപ്പെട്ടു. എല്ലാവരെയും പരിഗണിക്കുന്നതിലുള്ള പരിമിതി നേതൃത്വം അറിയിച്ചു.

വി.കെ. ശ്രീകണ്ഠനും( പാലക്കാട്) ടി.എൻ. പ്രതാപനും(തൃശൂർ) എം.പിമാരായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഈ രണ്ടു ജില്ലകളിലും പുതിയ ഡിസിസി പ്രസിഡന്റുമാർ വരും. ഒഴിയാനുള്ള സന്നദ്ധത ഇവർ കെപിസിസി നേതൃത്വത്തെ അറിയിച്ചു. ലോക്സഭാംഗമായ യുഡിഎഫ് കൺവീനർ ബെന്നി ബഹനാനും പകരക്കാരൻ വന്നേക്കും. രാഹുൽ​ഗാന്ധി കോൺ​ഗ്രസ് നേതൃത്വം ഒഴിഞ്ഞതാണ് കേരളത്തിലെ പുനഃസംഘടന വൈകാനിടയാക്കിയത്. നിയമസഭാ ഉപതെരഞ്ഞെടുപ്പിനു മുൻപ് അഴിച്ചുപണി പൂർത്തിയാക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ ആലോചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com