മരുമകളുടെ വജ്രാഭരണത്തിന് നാലു പൊലീസുകാർ കാവൽ ; ഭരണകക്ഷിയിലെ പ്രമുഖ പാർട്ടി തനിക്കൊപ്പമെന്ന് വിരട്ടൽ ; ഇടുക്കി മുൻ എസ്പിക്കെതിരെ കൂടുതൽ ആരോപണങ്ങൾ

തോട്ടം ഉടമയുടെ ആതിഥ്യം സ്വീകരിച്ചതിനെതിരെ പരാതി നൽകിയതിന്, പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും അന്വേഷിക്കുന്നുണ്ട്
മരുമകളുടെ വജ്രാഭരണത്തിന് നാലു പൊലീസുകാർ കാവൽ ; ഭരണകക്ഷിയിലെ പ്രമുഖ പാർട്ടി തനിക്കൊപ്പമെന്ന് വിരട്ടൽ ; ഇടുക്കി മുൻ എസ്പിക്കെതിരെ കൂടുതൽ ആരോപണങ്ങൾ

കട്ടപ്പന : ഇടുക്കി മുൻ എസ് പി കെ ബി വേണു​ഗോപാലിനെതിരെ കൂടുതൽ ആരോപണങ്ങൾ. മരുമകളുടെ വജ്രാഭരണങ്ങൾ സൂക്ഷിക്കാൻ എസ്പി ജില്ലയിലെ നാലു പൊലീസുകാരെ നിയോഗിച്ചെന്നാണ് ഒരു ആക്ഷേപം. ഈ പരാതിയിൽ ഇന്റലിജൻസ് അന്വേഷണം തുടങ്ങി. എസ്റ്റേറ്റ് ഉടമകളുടെ തർക്കത്തിൽ അനധികൃതമായി ഇടപെട്ട് തോട്ടം ഉടമകളിൽ ഒരാളുടെ ബംഗ്ലാവിൽ മേയ് 31 ന് എസ് പി വേണുഗോപാൽ തങ്ങിയതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

തോട്ടം ഉടമയുടെ ആതിഥ്യം സ്വീകരിച്ചതിനെതിരെ പരാതി നൽകിയതിന്, പരാതിക്കാരനെ വേണുഗോപാൽ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഇന്റലിജൻസ് അന്വേഷിക്കുന്നുണ്ട്.  ഭരണകക്ഷിയിലെ പ്രമുഖ പാർട്ടി തനിക്ക് ഒപ്പമുണ്ടെന്നും എറണാകുളം ജില്ലയിലെ ഉന്നത നേതാവാണു തന്നെ ഇടുക്കിയിലേക്ക് നിയോഗിച്ചതെന്നും വേണുഗോപാൽ പരാതിക്കാരനോടു പറഞ്ഞുവെന്നും മനോരമ റിപ്പോർട്ടുചെയ്യുന്നു.

മെയ് മാസം കൊച്ചിയിൽ വെച്ചായിരുന്നു എസ്പിയുടെ മകന്റെ വിവാഹം നടന്നത്. വജ്രാഭരണങ്ങൾ സൂക്ഷിക്കാൻ വനിത പൊലീസ് ഓഫിസർ ഉൾപ്പെടെ നാലു പേരെ ആണു നിയോഗിച്ചത്. സ്പെഷൽ ബ്രാഞ്ചിലെ ഒരു എഎ​സ്ഐയാണ് പൊലീസുകാരുടെ പട്ടിക തയാറാക്കി മുൻ എസ്പിക്കു കൈമാറിയത്. തൊടുപുഴ മേഖലയിൽ ജോലി ചെയ്തിരുന്ന പൊലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോ​ഗിച്ചത്. 

വജ്രാഭരണങ്ങൾ മരുമകളുടെ വീട്ടിൽ എത്തിക്കുന്നതു മുതൽ വിവാഹ ദിനം വരെ പൊലീസുകാർ രാവും പകലും കാവൽ നിന്നെന്നാണ് ഇന്റലിജൻസിനു ലഭിച്ച വിവരം. വണ്ടിപ്പെരിയാർ മേഖലയിൽ എസ്റ്റേറ്റ് ഉടമകളുടെ തർക്കത്തിലാണ് വേണുഗോപാൽ അനധികൃതമായി ഇടപെട്ടത്. ഇതേക്കുറിച്ച് എസ്റ്റേറ്റ് ഉടമകളിൽ ഒരാൾ, മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടു പരാതി നൽകി.

ഇല്ലാത്ത കാരണത്തിന്റെ പേരിൽ തോട്ടം തൊഴിലാളികൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നു സ്ഥലം സിഐയോടു വേണുഗോപാൽ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. സിഐയെ എസ്പി ഓഫിസിൽ വിളിച്ചു വരുത്തി, രാവിലെ മുതൽ വൈകിട്ടു വരെ ഓഫിസിനു മുന്നിൽ നിർത്തിയാണ് വേണുഗോപാൽ രോഷം തീ‍ർത്തതത്രെ. സംഭവത്തിൽ എറണാകുളം മുൻ ട്രാഫിക് അസി. കമ്മിഷണർ സി.എസ്. വിനോദ്, അന്വേഷണം നടത്തി കൊച്ചി റേഞ്ച് ഐജിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com